ഇന്ത്യ-പോളണ്ട് ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി യുക്രൈനിലേക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദി പോളണ്ട് പ്രസിഡന്റുമായും പ്രധാനമന്ത്രി ഡോണള്‍ഡ് ടസ്‌കുമായും ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ, വ്യാപാര ബന്ധം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. ഇന്ത്യയും പോളണ്ടും പ്രതിരോധത്തിലും സുരക്ഷയിലും സഹകരണം വര്‍ദ്ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. സാമാധാനത്തിനും സഹകരണത്തിനുമുള്ള പ്രതിബദ്ധത ഊന്നിപറഞ്ഞുകൊണ്ടായിരുന്നു പോളണ്ടില്‍ ഇന്ത്യന്‍ പ്രവാസികളെ മോദി അഭിസംബോധന ചെയ്തത്.
എല്ലാരാജ്യങ്ങളില്‍ നിന്നും അകലം പാലിക്കുന്നതാണ് ദശാബ്ദങ്ങളായി ഇന്ത്യയുടെ നയമെന്നും എന്നാല്‍ ഇന്നത്തെ ഇന്ത്യയുടെ നയം എല്ലാ രാജ്യങ്ങളുമായും അടുത്തുനില്‍ക്കുന്നതാണെന്നും പോളണ്ടില്‍ നടത്തിയ പ്രസംഗത്തില്‍ നരേന്ദ്ര മോദി പറഞ്ഞു. സമാധാനത്തിന്റെ വക്താവാണ് ഇന്ത്യയെന്നും സംഘര്‍ഷം പരിഹരിക്കാനുള്ള സംഭാഷണത്തിലും നയതന്ത്രത്തിലുമാണ് ഇന്ത്യ ഊന്നല്‍ നല്‍കുകയെന്നും മോദി പറഞ്ഞു.
45 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ട് സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യ വലിയ പുരോഗതി കൈവരിച്ചെന്നും ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും മോദി പറഞ്ഞു. 2047 ല്‍ രാജ്യം വികസിത രാഷ്ട്രമായി മാറുമെന്നും പ്രതികരിച്ചു. ഇന്ത്യ, പോളിഷ് സമൂഹങ്ങള്‍ തമ്മിലുള്ള സാമ്യം ജനാധിപത്യമാണെന്നും അത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ടെന്നും മോദി പ്രതികരിച്ചു.
പോളണ്ടില്‍ നിന്ന് യുക്രൈനിലേക്ക്
പോളണ്ടില്‍ നിന്ന് പ്രസിഡന്റ് വ്‌ളോഡിമര്‍ സെലെന്‍സ്‌കിയുടെ ക്ഷണപ്രകാരം മോദി നാളെ യുക്രൈന്‍ സന്ദര്‍ശിക്കും. യുക്രൈനുമായുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. നിലവില്‍ റഷ്യയുമായുള്ള സംഘര്‍ഷം സമാധാനപരമായി പരിഹരിക്കാനുള്ള നടപടികള്‍ പങ്കുവയ്ക്കുന്നതിനുള്ള അവസരമായി ഈ കൂടിക്കാഴ്ച ഉപയോഗപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മോദിയും സെലന്‍സ്‌കിയും ജപ്പാനിലും ഇറ്റലിയിലും നടന്ന രണ്ട് ജി 7 ഉച്ചകോടികളില്‍ കണ്ടുമുട്ടിയിട്ടുണ്ട്. റഷ്യയുടെ നടപടികളെ ഇന്ത്യ ഇതുവരെ പരസ്യമായി വിമര്‍ശിച്ചിട്ടില്ല.