പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശം
പ്രധാനമന്ത്രി രാജസ്ഥാനില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ബന്‍സ്വാര ജില്ലാ ഇലക്ടറല്‍ ഓഫീസര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. മോദിയുടെ പ്രസംഗത്തിന്റെ ഉള്ളടക്കം എഴുതി നല്‍കണം. പ്രസംഗവുമായി ബന്ധപ്പെട്ട ന്യൂസ് പേപ്പര്‍, ചാനല്‍ ക്ലിപ്പുകള്‍ എന്നിവ ഇന്ന് തന്നെ ഹാജരാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. കോണ്‍ഗ്രസ്, സിപിഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പരാമര്‍ശത്തിനെതിരെ കമ്മീഷന് പരാതി നല്‍കുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്യുന്നതിനിടെയാണ് നടപടി.
രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം വര്‍ഗീയവും ആളുകളെ ഭിന്നിപ്പിക്കുന്നതുമാണെന്നായിരുന്നു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. മോദിയുടെ വാക്കുകള്‍ വിദ്വേഷ പ്രസംഗത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മോദിയെ വിലക്കണമെന്നും കോണ്‍ഗ്രസ് പരാതിയില്‍ ആവശ്യപ്പെടുന്നു. ജാതി സെന്‍സസിനൊപ്പം സാമ്പത്തിക സാമൂഹിക സെന്‍സസും നടത്തുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ പ്രഖ്യാപനമാണ് പ്രധാനമന്ത്രി വളച്ചൊടിച്ചതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
വിദ്വേഷ പ്രസംഗത്തിനെതിരെ പ്രചാരണത്തിനും കോണ്‍ഗ്രസ് തുടക്കമിട്ടു. പ്രധാനമന്ത്രി ആക്ഷേപമുന്നയിച്ച പ്രകടന പത്രിക കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ കൂട്ടത്തോടെ പ്രധാനമന്ത്രിക്ക് അയച്ചു. വിദ്വേഷ പ്രചരണത്തിനെതിരെ ഒപ്പ് ശേഖരണവും നടത്തി. ഒരുലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാനാണ് നീക്കം.
കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്ലിംങ്ങള്‍ക്ക് വീതിച്ച് നല്‍കുമെന്നായിരുന്നു മോദിയുടെ പരാമര്‍ശം. കൂടാതെ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നും, അതിന് നിങ്ങള്‍ തയ്യാറാണോ എന്നുമായിരുന്നു പ്രസംഗത്തിനിടെ മോദി ചോദിച്ചത്. അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്‍ണത്തിന്റെ കണക്കെടുത്ത് അത് മുസ്ലിംങ്ങള്‍ക്ക് വീതിച്ച് നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറയുന്നുണ്ടെന്നും മോദി ആരോപിച്ചു.
വിദ്വേഷ പരാമര്‍ശം ആവര്‍ത്തിച്ച് മോദി
കഴിഞ്ഞദിവസം താന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നും എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അത് അംഗീകരിക്കാത്തതെന്നും മോദി ചോദിച്ചു. 2004 ല്‍ ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസ് ഭരണഘടനാ വിരുദ്ധമായി മുസ്ലിംങ്ങള്‍ക്ക് സംവരണം നല്‍കാന്‍ ശ്രമിച്ചതായും മോദി ആരോപിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. വോട്ടിന് വേണ്ടി ഒരു വിഭാഗത്തെ മാത്രം മുന്നില്‍ നിര്‍ത്തി മറ്റുള്ളവരെ അവഗണിക്കുകയാണെന്നും മോദി പറഞ്ഞു. തന്റെ പ്രസംഗം കോണ്‍ഗ്രസിന് വെപ്രാളമുണ്ടാക്കിയതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമെന്നും മോദി ആരോപിച്ചു. രാജസ്ഥാനിലെ ടോങ്കില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോദി വിദ്വേഷ പരാമര്‍ശം ആവര്‍ത്തിച്ചത്.
നടപടി ആവശ്യപ്പെട്ട് കത്ത്
പ്രധാനമന്ത്രിയുടെ വിദ്വേഷ പരാമര്‍ശത്തില്‍ നടപടി ആവശ്യപ്പെട്ട് 20,000 ഓളം കത്തുകളാണ് സന്നദ്ധ സംഘടനകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചത്. പൊതുജനങ്ങളുടെ ഒപ്പുകള്‍ ശേഖരിച്ച് സംവിധാന്‍ ബച്ചാവോ നാഗരിക് അഭിയാന്‍ ഉള്‍പ്പെടെയുള്ള സംഘടനകളാണ് കത്തയച്ചത്. മോദി തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചതായും കത്തില്‍ പറയുന്നു.