ചാൾസ് രാജാവുമായി അനുരജ്ഞന ചർച്ച നടത്തി ഹാരി രാജകുമാരൻ
ഈ വർഷം മെയ് മാസത്തിൽ ചാൾസ് രാജാവിന്റെ കിരീടധാരണത്തിന് മുന്നോടിയായി ഹാരി രാജകുമാരനും ചാൾസ് രാജാവും തമ്മിൽ അനുരഞ്ജന ചർച്ചകൾ നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ ഈ കൂടിക്കാഴ്ചയെപ്പറ്റി ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്നുള്ള ഔദ്യോഗിക പ്രസ്താവനകൾ പുറത്തുവന്നിട്ടില്ല.
പിതാവ് ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണത്തിൽ ഹാരി രാജകുമാരൻ പങ്കെടുക്കുമെന്ന് കഴിഞ്ഞ ആഴ്ച ബക്കിങ്ഹാം കൊട്ടാരം അറിയിച്ചിരുന്നു. എന്നാൽ ഹാരിയുടെ ഭാര്യ മേഗൻ ചടങ്ങിൽ പങ്കെടുക്കില്ലെന്നും ബക്കിങ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു. കിരീട അഭിഷേക ദിനവും മകൻ ആർച്ചിയുടെ നാലാം പിറന്നാളും ഒരേ ദിവസമായതിനാൽ മേഗൻ ചടങ്ങിൽ നിന്ന് വിട്ടു നില്ക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടിൽ വെളിപ്പെടുത്തി.
ഈ വർഷം ജനുവരിയിലായിരുന്നു 'സ്‌പെയർ' എന്ന ഹാരിയുടെ ആത്മകഥ പുറത്തിറങ്ങിയത്. ബ്രിട്ടീഷ് രാജകുടുംബത്തെ പിടിച്ചുകുലുക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു ആത്മകഥയിലുണ്ടായിരുന്നത്. ശൈശവം മുതൽ ഇതുവരെ രാജകുടുംബത്തിൽ നിന്ന് നേരിട്ട വിവേചനങ്ങളും അവഗണനകളും പ്രതിസന്ധികളുമാണ് സ്‌പെയറിലൂടെ ഹാരി വെളിപ്പെടുത്തിയത്. ആത്മകഥ പ്രസിദ്ധീകരിച്ചതിനു ശേഷം ആദ്യമായി രാജകുടുംബത്തോടൊപ്പം ഹാരി പങ്കെടുക്കുന്ന ചടങ്ങായിരിക്കും കിരീട ധാരണം.
പിതാവ് ചാൾസ് രാജാവ്, സഹോദരൻ വില്യം, ഭാര്യ കേറ്റ് മിഡിൽടൺ എന്നിവരുൾപ്പെടെ രാജകുടുംബത്തിലെ നിരവധി അംഗങ്ങളെ ഹാരി വിമർശിച്ചിരുന്നു. അമേരിക്കൻ നടിയും വിവാഹമോചിതയുമായ മേഗൻ മാർക്കലിനെ താൻ വിവാഹം കഴിച്ച ശേഷം സഹോദരനുമായുള്ള ബന്ധം തകർന്നതിനെക്കുറിച്ചാണ് ഹാരിയുടെ തുറന്നെഴുത്ത്.
ആഫ്രോ- അമേരിക്കൻ വംശജയായ മേഗൻ മാർക്കലുമായി 2018ലായിരുന്നു ഹാരിയുടെ വിവാഹം. ബ്രിട്ടീഷ് മാധ്യമങ്ങളിൽ നിന്നും കൊട്ടാരത്തിൽ നിന്നും മേഗൻ വിവേചനം നേരിട്ടതു മൂലം മകൻ ആർച്ചിയുടെ ജനനശേഷം ഹാരിയും മേഗനും രാജകുടുംബാംഗങ്ങളെന്ന നിലയിലുള്ള ഔദ്യോഗിക ചുമതലകൾ ഒഴിഞ്ഞിരുന്നു. കൊട്ടാരത്തിലെ താമസം മതിയാക്കി യുഎസിലെ കാലിഫോർണിയയിലാണ് ഹാരിയും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. ആർച്ചിയെ കൂടാതെ ലിലിബെറ്റ് ഡയാന എന്ന മകൾ കൂടിയുണ്ട്. എലിസബത്ത് രാജ്ഞിയുടെ മറ്റൊരു പേരാണ് ലിലിബെറ്റ്, മുത്തശിയോടും 1997ൽ കാറപകടത്തിൽ മരിച്ച അമ്മ ഡയാനയോടുമുള്ള സ്‌നേഹസൂചകമായാണ് മകൾക്ക് ഇരുവരുടെയും പേരുകൾ നല്കിയത്.
അമേരിക്കൻ ടെലിവിഷൻ അവതാരക ഒപ്ര വിൻഫ്രിക്ക് 2021ൽ നല്കിയ അഭിമുഖത്തിലും നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തു വന്ന ഹാരി ആൻഡ് മേഗൻ എന്ന ഡോക്യുമെന്ററിയിലും രാജകുടുംബത്തിൽ മേഗൻ നേരിട്ട വംശീയ വിവേചനം ഇരുവരും തുറന്നു പറഞ്ഞിട്ടുണ്ട്. അതിലേറെ വിശദാംശങ്ങൾ നിറഞ്ഞതാണ് സ്‌പെയർ. 2022 സെപ്തംബറിൽ എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങിനാണ് ഹാരിയും മേഗനും ഒന്നിച്ച് ബക്കിങ്ഹാം കൊട്ടാരം സന്ദർശിച്ചത്.
ബ്രിട്ടന്റെ രാജാവായി ചാൾസ് മൂന്നാമന്റെ കിരീടാഭിഷേകം മെയ് ആറിന് വെസ്റ്റ്മിനിസ്റ്റർ ആബിയിൽ വെച്ചായിരിക്കും നടക്കുക. ഇതിനോട് അനുബന്ധിച്ച് 2000 അതിഥികൾക്ക് അയക്കാനുള്ള ക്ഷണക്കത്ത് ബക്കിങ്ഹാം കൊട്ടാരം ഔദ്യോഗികമായി പുറത്തിറക്കി. ചാൾസിന്റെ കിരീടധാരണത്തിനു ശേഷം കാമിലയുടെ പദവി രാജപത്‌നി എന്നതിനു പകരം രാജ്ഞി എന്നാകും. തന്റെ പ്രിയപത്‌നിയെ തനിക്കൊപ്പം രാജ്ഞിയായി കിരീടധാരണം നടത്തണം എന്ന ചാൾസ് രാജാവിന്റെ ഏറെക്കാലത്തെ മോഹമാണ് യാഥാർത്ഥ്യമാകുന്നത്. ചാൾസ് മൂന്നാമൻ രാജാവിന്റെയും കാമില രാജ്ഞിയുടെയും കിരീടധാരണത്തിന് ക്ഷണിക്കുന്നുവെന്നാണ് ക്ഷണക്കത്തിൽ പറയുന്നത്. ഇതുവരെ രാജപത്‌നി (ക്വീൻ കൺസോർട്ട്) എന്ന പദവിയായിരുന്നു കാമിലക്ക് ഉണ്ടായിരുന്നത്.