
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയ്ക്ക് സസ്‌പെൻഷൻ
കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്യും. സംഭവത്തിൽ പ്രധാന അധ്യാപികയ്ക്ക് വീഴ്ച പറ്റിയതായും സ്കൂളിൽ സുരക്ഷാ പ്രോട്ടോകോൾ പാലിച്ചില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്. സ്കൂളിലെ വൈദ്യുതി ലൈൻ അപകടാവസ്ഥയിലായിട്ട് വർഷങ്ങളായിട്ടും നടപടിയുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്കൂളിൻ്റെയും കെഎസ്ഇബിയുടെയും ഭാഗത്ത് നിന്ന് ഗുരുതര അനാസ്ഥയാണ് സംഭവിച്ചിരിക്കുന്നത്. സ്‌കൂളിന് ഈ വർഷം ഫിറ്റ്‌നസ് സർട്ടിഫിക്കേറ്റ് നൽകിയത് മതിയായ പരിശോധനകൾ നടത്താതെയാണെന്നും കണ്ടെത്തി.
പോസ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ശാസ്താംകോട്ട ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമ്മ വിദേശത്തുനിന്നും വന്ന ശേഷം മൃതദേഹം സംസ്കരിക്കും. സ്കൂളിൽ കളിച്ച് കൊണ്ടിരിക്കെ ചെരുപ്പ് സൈക്കിൾ സ്റ്റാൻഡിന് മുകളിൽ തെറിച്ച് വീണത് എടുക്കാൻ കയറിയപ്പോഴാണ് മനു-സുജ ദമ്പതികളുടെ മകൻ മിഥുന് (13) ഷോക്കേറ്റത്. മിഥുൻ്റെ കുടുംബത്തിന് വീട് വച്ച് നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. തുടർ അന്വേഷണം പുരോഗമിക്കുകയാണ്.


