ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ | PHOTO: WIKI COMMONS
ഓഗസ്റ്റ് 20 നു മുമ്പ് ഏകീകൃത കുര്‍ബാന നടപ്പാക്കണം; വത്തിക്കാന്‍ പ്രതിനിധിക്കെതിരെ വിമത വിഭാഗം
എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ ഓഗസ്റ്റ് 20 നു മുമ്പ് പള്ളികളില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന് വത്തിക്കാനില്‍ നിന്നുമെത്തിയ ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍. ഉത്തരവ് നടപ്പാക്കാത്തവര്‍ക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.
ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം മാര്‍ച്ച് 22 ന് മാര്‍പാപ്പ നല്‍കിയ കത്ത് പള്ളികളില്‍ വായിക്കണം. ഇതിന്റെ സാക്ഷ്യപത്രം പള്ളി വികാരിയും കൈക്കാരന്മാരും ഒപ്പിട്ട് അതിരൂപതയിലേക്ക് അയയ്ക്കണം. അല്ലാത്തപക്ഷം കാനോന്‍ നിയമപ്രകാരമുള്ള നടപടികളുണ്ടാകുമെന്നും ബിഷപ്പ് പറഞ്ഞു. എന്നാല്‍ സിറില്‍ വാസിലിന്റെ കത്ത് വിമത വിഭാഗം വിശ്വാസികള്‍ കത്തിച്ച് പ്രതിഷേധിച്ചു.
ബിഷപ്പിനെതിരെ വിമതര്‍
ഏകീകൃത കുര്‍ബാന സംബന്ധിച്ചു നില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാനെത്തിയ വത്തിക്കാന്‍ പ്രതിനിധിയായ സിറില്‍ വാസിലിനെതിരെ വിമത വിഭാഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പ്രധാനമന്ത്രിക്കും പരാതി നല്‍കി. സിറില്‍ വാസിലിന്റെ ഉത്തരവുകളും നടപടികളും വിസ ചട്ടങ്ങളുടെ ലംഘനമാണെന്നാരോപിച്ചാണ് വിമതവിഭാഗം ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചത്. സംസ്ഥാന സര്‍ക്കാരും പോലീസും വിദേശ പൗരനായ സിറില്‍ വാസിലിന് ഭരണഘടനാ വിരുദ്ധമായി സഹായം ചെയ്യുന്നതായും പരാതിയില്‍ പറയുന്നു.
തീരാത്ത അനിശ്ചിതത്വം
അതിരൂപതയിലെ കുര്‍ബാന തര്‍ക്കം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനാണ് മാര്‍പാപ്പ പ്രത്യേക പ്രതിനിധിയെ നിശ്ചയിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ സിറില്‍ വാസിലിനെ വിശ്വാസികള്‍ തടഞ്ഞു. പ്രതിഷേധക്കാരെ പോലീസ് എത്തിയാണ് നീക്കിയത്.
കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി അടഞ്ഞുകിടക്കുന്ന എറണാകുളം സെന്റ് മേരീസ് ബസിലിക്ക തുറക്കുന്നതിലും അനിശ്ചിതത്വം തുടരുകയാണ്. സീറോ മലബാര്‍ സിനഡ് നിയോഗിച്ച മെത്രാന്‍ സമിതിയും ബസിലിക്കാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ബസിലിക്ക തുറക്കാന്‍ തീരുമാനമായെങ്കിലും തുറക്കില്ലെന്ന നിലപാടിലാണ് പള്ളി വികാരി.
സിനഡ് തീരുമാനിച്ച പ്രകാരമുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പണരീതി മാത്രമേ അനുവദിക്കുകയുള്ളൂ. അല്ലാത്തപക്ഷം കുര്‍ബാന അര്‍പ്പണം ഉണ്ടായിരിക്കുകയില്ലെന്നും ബസിലിക്ക വീണ്ടും അടച്ചിടുന്ന സാഹചര്യം ഉണ്ടാകുമെന്നുമാണ് സിനഡ് നിയോഗിച്ച സമിതിയുടെ തീരുമാനം. എന്നാല്‍ ഇതിനെ പള്ളി വികാരി തള്ളുകയായിരുന്നു.