
ജയിലിന് പുറത്ത് ജയിൽ; ജയിലിലെ അസൗകര്യങ്ങൾ കാരണം ശിക്ഷാരീതികളും ജയിൽ രീതികളും മാറ്റി ഇംഗ്ലണ്ട്
ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകളിലെ ആളെണ്ണം കുറയ്ക്കാനായി 1,100 തടവുകാരെ സർക്കാർ ചൊവ്വാഴ്ച മോചിപ്പിച്ചു. ഗുരുതരമായ അക്രമം, ലൈംഗിക കുറ്റകൃത്യങ്ങൾ, തീവ്രവാദം എന്നിവയ്ക്ക് ശിക്ഷിക്കപ്പെട്ടവരെ ഒഴികെയുള്ള തടവുകാരിൽ നിന്നുള്ളവരെയാണ് മോചിപ്പിച്ചത്. അഞ്ച് വർഷത്തിലധികം ശിക്ഷ അനുഭവിക്കുന്നവരും ഈ കാലയളവിൽ 40% ജയിലിനുള്ളിൽ കഴിഞ്ഞവരിൽ നിന്നുള്ളവരെയുമാണ് മോചിപ്പിച്ചത്.
സെപ്റ്റംബറിന് 10 ന് 1,700 തടവുകാരെ മോചിപ്പിച്ചപ്പോൾ, ജയിലിൽ കഴിയുന്നവരുടെ എണ്ണം 86,333 ആയി കുറഞ്ഞിരുന്നു. അതിന് ശേഷമുള്ള അടിയന്തിര മോചനത്തിന്റെ രണ്ടാം ഘട്ടമാണ് കഴിഞ്ഞ ദിവസം നടന്നത്. ജയിലുകളിൽ പാർപ്പിക്കാതെ പുറത്തു വെച് തന്നെ പുതിയ ശിക്ഷാരീതികൾ നടപ്പിലാക്കുന്നതിന്റെ മന്ത്രിമാരുടെ പദ്ധതികൾ നടക്കാനിരിക്കവെയാണ് രണ്ടാം ഘട്ട ജയിൽ മോചനം നടന്നത്.
പ്രതികളെ ഒരുതരം വീട്ടുതടങ്കലിലൂടെ, "ജയിലിന് പുറത്തുള്ള ജയിലിൽ" എന്ന രീതിയിൽ തടവുകാരുടെ ശിക്ഷ വിധിക്കാൻ ജഡ്ജിമാർക്ക് അധികാരം നൽകും. കൂടുതൽ ജയിലുകൾ നിർമ്മിച്ച് തുടങ്ങണം, എന്നാലും ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ് ചൊവ്വാഴ്ച ഹൗസ് ഓഫ് കോമൺസിനോട് പറഞ്ഞിരുന്നു.
ചിലരെ ജയിലിൽ തന്നെ നിലനിർത്തേണ്ടിവരുമെങ്കിലും, ജയിലിന് പുറത്ത് ശിക്ഷകളുടെ പരിധി വിപുലീകരിക്കുകയും സമൂഹത്തിന് അപകടകരമല്ലാത്തവരുടെ ശിക്ഷ എങ്ങനെ നടപ്പാക്കാമെന്ന് സർക്കാർ ആലോചിക്കുകയും ചെയ്യണമെന്ന് മഹമൂദ് പറഞ്ഞു.അതേസമയം, അപകടകാരികളായ കുറ്റവാളികൾക്ക് എല്ലായ്പ്പോഴും ജയിലിൽ തന്നെയാകും ശിക്ഷയെന്ന് മഹ്മൂദ് അറിയിച്ചു.
പുറത്തിറങ്ങിയ കുറ്റവാളികളെ നിരീക്ഷിക്കുന്നതിനായുള്ള സംവിധാനങ്ങൾക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്. പുറത്തിറങ്ങിയ ഇവർ മദ്യം കഴിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായുള്ള സംവിധാനമായ സോബിരിറ്റി ടാഗുകളുടെ ഉപയോഗം ഉദ്യോഗസ്ഥർ ഇതിനകം തന്നെ വിപുലീകരിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി നഡ്‌ജ് മെസേജ് ചെയ്യാൻ കഴിയുന്ന സ്മാർട്ട് വാച്ച് പോലുള്ള ഉപകരണകൾ നൽകുന്നതും പരിഗണനയിലുണ്ട്. യുഎസിലെ ചിലഭാഗങ്ങളിൽ ഇത് പരീക്ഷണാർത്ഥം നടപ്പാക്കി.
നിലവിലുള്ള ജയിലുകളിൽ നിരവധി ആൾക്കാരാണ് തടവിൽ കഴിയുന്നത്. പ്രതിവർഷം ഏകദേശം 4,500 തടവുകാരുടെ വർദ്ധനാവാണുണ്ടാകുന്നതെന്ന് കണക്കുകൾ പറയുന്നു.
സെപ്റ്റംബറിൽ നടത്തിയ ജയിൽ മോചനം വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് വഴി വെച്ചത്. ശിക്ഷ ശരിയായി രേഖപ്പെടുത്താത്ത മുപ്പത്തിയേഴ് തടവുകാരെയാണ് തെറ്റായി വിട്ടയച്ചത്. മോചിപ്പിക്കപ്പെടാൻ പാടില്ലാത്ത ചിലരെയാണ് മോചിപ്പിച്ചതെന്നും, ഇവരെയെല്ലാം ഇപ്പോൾ കസ്റ്റഡിയിലേക്ക് തിരിച്ചയച്ചതായും നീതിന്യായ മന്ത്രാലയം അറിയിച്ചു.
തടവുകാരെ ജയിലുകളിൽ നിന്ന് ഒഴിപ്പിക്കുന്നതിൽ, പൊതുജനങ്ങളോടൊപ്പം പ്രധാനമന്ത്രി സർ കെയ്ർ സ്റ്റാർമറിനും വിയോജിപ്പുണ്ട്, എന്നാൽ ഇതല്ലാതെ മറ്റ് മാർഗങ്ങളില്ല എന്നും അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. നടപടിയെടുത്തില്ലായിരുന്നെങ്കിൽ, സംവിധാനത്തിന്റെ പൂർണ്ണമായ തകർച്ച നേരിടേണ്ടി വരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തടവുകാരെ പുറത്തു വിടുന്നതിൽ പുനഃപരിശോധന മുൻ കൺസർവേറ്റീവ് ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗൌക്കിന്റെ നേതൃത്വത്തിലാകും നടക്കുക. ചെറിയ കാലയളവിലേക്കുള്ള ജയിൽ ശിക്ഷയ്ക്ക് പകരം, പുതിയ തരത്തിലുള്ള സാമൂഹിക ശിക്ഷകൾ നൽകുന്നതും, പുനരധിവാസം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന്റെയും റിപ്പോർട്ട് അടുത്ത മാർച്ചിൽ അദ്ദേഹം പരിശോധിക്കും.