Representational Image: PTI
70 ശതമാനം കാഴ്ച നഷ്ടപ്പെട്ടു, ജയിലധികൃതരുടെ അനാസ്ഥയെന്ന് പ്രതി
പൂജപ്പുര സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ആട് ആൻ്റണി എന്നറിയപ്പെടുന്ന ആന്റണി വർഗീസ് എന്ന പ്രതിക്ക് ചികിത്സ വൈകിയതിനെ തുടർന്ന് 70% കാഴ്ച ശക്തി നഷ്ടമായി. പൊലീസിന്റെ അനാസ്ഥയാണ് ചികിത്സ വൈകാൻ കാരണം എന്നാണ് ആന്റണിയുടെ ആരോപണം. ചികിത്സ ലഭിച്ചില്ലെങ്കിൽ പൂർണമായും കാഴ്ചശക്തി നഷ്ടപ്പെടുന്ന അവസ്ഥയാണ് ആന്റണി വർഗീസിന്. 2012 ൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുകയും മറ്റൊരുദ്യോഗസ്ഥനെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ 2017 ലാണ് ആന്റണി വർഗീസ് ജയിലിലാവുന്നത്.
തങ്ങളിൽ പെട്ട ഒരാളെ കൊലപ്പെടുത്തിയതിനാൽ ജയിൽ അധികൃതർ തനിക്ക് ചികിത്സ നിഷേധിക്കുകയാണെന്ന് ആന്റണി പറഞ്ഞു. ചികിത്സ ആവശ്യം ഉന്നയിച്ച് കോടതിയിൽ സമർപ്പിക്കാനുള്ള റിട്ട് പെറ്റീഷനിൽ ആന്റണിയുടെ ഒപ്പ് വാങ്ങാൻ ജയിൽ അധികൃതർ ആന്റണിയുടെ അഭിഭാഷകനെ അനുവദിച്ചില്ല. ജയിലധികാരികളിൽ നിന്നും നേരിടുന്ന പ്രശ്‌നങ്ങൾ വിവരിച്ചു കൊണ്ട് ആന്റണി തന്റെ അഭിഭാഷകന് കത്തെഴുതിയിരുന്നു. 20017 ൽ ഇടതു കണ്ണിൽ അണുബാധയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 20,000 രൂപയുടെ കുത്തിവെയ്പ്പ് ഡോക്ടർമാർ നിർദേശിച്ചിരുന്നതായി ആന്റണി കത്തിൽ പറയുന്നു. എന്നാൽ പൊലീസുകാർ ആന്റണിക്ക് വേണ്ടി ഗാർഡ് ഡ്യൂട്ടി ചെയ്യാൻ വിസമ്മതിക്കുകയും ചികിത്സ നിഷേധിക്കുകയും ചെയ്തു. പിന്നീട് കോടതി ഉത്തരവു പ്രകാരമാണ് ചികിത്സ നൽകിയത്. എന്നാൽ ചികിത്സ ലഭിക്കുമ്പോഴേക്കും സമയം വൈകിയിരുന്നു. പിന്നീട് 2020 ൽ ആന്റണിയെ വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റി. തൃശ്ശൂർ മെഡിക്കൽ കോളേജിൽ കണ്ണിന് ശസ്ത്രക്രിയ നടത്തി. എന്നാൽ പൊലീസ് കാവൽ നിൽക്കാൻ വിസമ്മതിച്ചതിനാൽ അന്നുതന്നെ ഡിസ്ചാർജ് ചെയ്യേണ്ടി വരുകയും, രാത്രി ജയിലിൽ വച്ച് കണ്ണിന് അസ്വസ്തത അനുഭവപ്പെട്ടുകയും ചെയ്തു. എന്നാൽ അടുത്ത ദിവസമാണ് ആശുപത്രിയിൽ പോകാൻ സാധിച്ചത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ കാഴ്ച രക്ഷിക്കാമായിരുന്നു എന്നാണ് ഡോക്ടർ സൂചിപ്പിച്ചത്. എന്നാൽ താനിപ്പോൾ 70% അന്ധനാണെന്ന് ആന്റണി കത്തിൽ പറയുന്നു. പരിശോധനയ്ക്ക് ആശുപത്രിയിൽ കൊണ്ടുപോകാൻ പൊലീസുകാർ വിസമ്മതിക്കുന്നെന്നും ആന്റണി ആരോപിച്ചു. ആന്റണി ഒരു പൊലീസുകാരനെ കൊലപ്പെടുത്തിയത് കൊണ്ട് ചികിത്സ അർഹിക്കുന്നില്ല എന്നാണ് ജയിൽ അധികൃതർ പറയുന്നതെന്നും കത്തിൽ പറയുന്നുണ്ട്.
ചികിത്സാ സൗകര്യത്തിനു വേണ്ടി ആന്റണി നൽകിയ അപേക്ഷയും തള്ളി. പരോൾ ഒരു തടവുകാരന്റെ നിയമപരമായ അവകാശമാണ്, പരോൾ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയിൽപ്പെടുന്നതാണ്. ജയിൽ അധികൃതർക്കെതിരെ കോടതിയെ സമീപിക്കുന്നതിനാൽ റിട്ടിൽ ഒപ്പു വാങ്ങിക്കുവാൻ അനുവദിക്കുന്നില്ല, ആന്റണിയെ റിട്ടിൽ ഒപ്പിടാൻ അനുവദിക്കില്ലെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞതായും ആന്റണിയുടെ വക്കീൽ തുഷാർ നിർമൽ സാരഥി പറഞ്ഞു. എന്നാൽ ആന്റണിക്ക് ചികിത്സ നിഷേധിച്ച കാര്യം അറിയില്ലെന്നാണ് പൂജപ്പുര ജയിൽ സൂപ്രണ്ട് ഡി സത്യരാജ് പ്രതികരിച്ചത്.
തടവുകാരുടെ അവകാശങ്ങൾ
തടവുകാരുടെ അവകാശങ്ങൾ സംബന്ധിച്ച നിയമം വികസിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. ഇന്ത്യയിൽ തടവുകാരുടെ അവകാശങ്ങൾ സംബന്ധിച്ച് ക്രോഡീകരിച്ച നിയമം ഇല്ല. എന്നാൽ രാജ്യത്തെ ജുഡീഷ്യറി കുറ്റവാളികൾക്ക് അർഹമായ അംഗീകാരം നൽകുകയും അവരുടെ മൗലീകാവകാശങ്ങളിൽ ഇടപെടലുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാതൽ മൗലികാവകാശങ്ങളാണ്. തടവുകാർക്കും ഈ അവകാശങ്ങളിൽ ചിലത് രാജ്യത്തെ നിയമം ഉറപ്പ് നൽകുന്നുണ്ട്. ശിക്ഷിക്കപ്പെട്ട കുറ്റവാളികൾക്കും വൈദ്യ സഹായവും ചികിത്സയും നൽകാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. കുറ്റവാളിയായി ശിക്ഷക്കപ്പെട്ടതിന്റെ പേരിൽ മാത്രം ഭരണഘടനയുടെ 21- വകുപ്പ് ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശം ഇല്ലാതാവുന്നില്ല. ഓരോ വ്യക്തിക്കും ലഭ്യമാക്കേണ്ട അടിസ്ഥാന മനുഷ്യാവകാശങ്ങളിൽ ഒന്നാണ് വൈദ്യചികിത്സക്കുള്ള അവകാശം. എല്ലാ സെൻട്രൽ, ജില്ലാ ജയിലുകളിലും ഐസിസിയു, പാതോളജി ലാബ്, ഡോക്ടർമാർ, നഴ്‌സുമാരുൾപ്പെടെ മതിയായ സ്റ്റാഫ്, ചികിത്സക്കുള്ള ആധുനിക ഉപകരണങ്ങൾ തുടങ്ങിയ സജ്ജീകരണങ്ങൾ നടത്തണമെന്ന് കേന്ദ്രത്തിന് ഗുജറാത്ത് ഹൈക്കോടതിയുടെ മാർഗനിർദേശവുമുണ്ട്. എന്നാൽ ഒരു ജയിലുകളും ഈ മാർഗ നിർദേശങ്ങൾ ഇത് വരെ നടപ്പിൽ വരുത്തിയിട്ടില്ല.