TMJ
searchnav-menu
post-thumbnail

പ്രിയ വര്‍ഗീസ്

TMJ Daily

പ്രിയ വര്‍ഗീസിന്റെ നിയമനം: ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീംകോടതിയിലേക്ക്

01 Jul 2023   |   2 min Read
TMJ News Desk

ണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ പ്രിയ വര്‍ഗീസിന് അനുകൂലമായ കേരള ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും യുജിസി ആവശ്യപ്പെട്ടേക്കും. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ യുജിസിക്ക് നിയമോപദേശം ലഭിച്ചു. ഹൈക്കോടതി വിധി നിലവില്‍ വരുന്നതോടെ 2018 ലെ യുജിസി ചട്ടങ്ങളിലെ മൂന്ന്, ഒന്ന് വകുപ്പ് പ്രകാരം അസോസിയേറ്റ് പ്രൊഫസറുടെ നിയമനവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ അസാധുവാകുമെന്നാണ് നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നത്. 

യുജിസി വ്യവസ്ഥകള്‍ പ്രകാരം അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് ഏറ്റവും കുറഞ്ഞത് എട്ടുവര്‍ഷത്തെ അധ്യാപന പരിചയം വേണമെന്നാണ്. എന്നാല്‍ കോളേജിന് പുറത്തു നടത്തിയ പ്രവര്‍ത്തനങ്ങളെ അധ്യാപന പരിചയമായി കണക്കാക്കുകയാണ് ഹൈക്കോടതി ചെയ്തത്. ഇത് യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്നും നിയമോപദേശത്തില്‍ പറയുന്നു. ഭാവിയില്‍ കേരള ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി പലരും ഈ രീതിയില്‍ അസോസിയേറ്റ് പ്രൊഫസറാകാന്‍ ശ്രമിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും യുജിസി കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തിലാണ് വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള യുജിസിയുടെ തീരുമാനം. അതേസമയം, ഹൈക്കോടതി വിധിക്കെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പ് തന്റെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് പ്രിയ വര്‍ഗീസ് സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. 

നിയമനവുമായി മുന്നോട്ടുപോകാം 

പ്രിയ വര്‍ഗീസിന്റെ നിയമനവുമായി മുന്നോട്ടുപോകാമെന്ന് കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് സ്റ്റാന്‍ഡിങ് കൗണ്‍സലിന്റെ നിയമോപദേശം. ഹൈക്കോടതിയുടെ ഉത്തരവോടെ ഗവര്‍ണറുടെ സ്റ്റേ നിലനില്‍ക്കില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു. പ്രിയ വര്‍ഗീസിന്റെ നിയമന ഉത്തരവ് ഉടന്‍ സര്‍വകലാശാല പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹൈക്കോടതി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഐവി പ്രമോദ് ആണ് നിയമോപദേശം നല്‍കിയത്. 

കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം പഠനവകുപ്പില്‍ അസോസിയേറ്റ് പ്രൊഫസറായി ഡോ. പ്രിയ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഗവര്‍ണറുടെ ഉത്തരവിന്റെ സാധുതയെപ്പറ്റിയാണ് സര്‍വകലാശാല നിയമോപദേശം തേടിയത്. കോടതി ഉത്തരവ് രേഖാമൂലം ഗവര്‍ണറെ അറിയിക്കണം. അതിനുശേഷം നിയമന നടപടികളുമായി സര്‍വകലാശാലയ്ക്ക് മുന്നോട്ടുപോകാമെന്നാണ് സ്റ്റാന്‍ഡിങ് കൗണ്‍സിലിന്റെ നിര്‍ദേശം. നിയമവിരുദ്ധമായ നടപടി ഉണ്ടെങ്കില്‍ മാത്രമേ ചാന്‍സലര്‍ക്ക് ഇടപെടാന്‍ കഴിയൂ. യൂണിവേഴ്സിറ്റി ആക്ട് സെക്ഷന്‍ 7 പ്രകാരം ഇതിന് ചാന്‍സലര്‍ക്ക് അധികാരമുണ്ട്. നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് കോടതി വ്യക്തമാക്കി. നിയമനം നടത്തുന്ന കാര്യം ചാന്‍സലറെ അറിയിച്ച് നടപടികള്‍ തുടങ്ങാമെന്നും സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ പറഞ്ഞു. 

വിവാദമായി നിയമനം

തൃശ്ശൂര്‍ കേരള വര്‍മ കോളേജില്‍ അധ്യാപികയായിരുന്ന പ്രിയ വര്‍ഗീസ് കണ്ണൂര്‍ യൂണിവേഴ്സിറ്റി മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ചട്ടം മറികടന്നാണ് എന്നതാണ് ഉയര്‍ന്നുവന്ന ആരോപണം. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യുജിസിയുടെ 2018 ലെ റഗുലേഷന്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയം അവര്‍ക്ക് ഇല്ല എന്നതാണ് ആദ്യം ഉയര്‍ന്ന ആക്ഷേപം.

എട്ടുവര്‍ഷം അധ്യാപന പരിചയമാണ് റഗുലേഷന്‍ പ്രകാരം ആവശ്യം. എയ്ഡഡ് കോളേജില്‍ ജോലിയില്‍ പ്രവേശിച്ച ശേഷം പ്രിയ വര്‍ഗീസ് എഫ്.ഡി.പി (ഫാക്കല്‍റ്റി ഡവലപ്മെന്റ് പ്രോഗ്രാം) പ്രകാരം ഡെപ്യൂട്ടേഷനില്‍ മൂന്നു വര്‍ഷത്തെ പിഎച്ച്ഡി ഗവേഷണം നടത്തിയ കാലയളവും കണ്ണൂര്‍ സര്‍വലാശാലയില്‍ സ്റ്റുഡന്‍സ് ഡീന്‍ ഡയറക്ട് ഓഫ് സ്റ്റുഡന്റ് സര്‍വീസസ്) ആയി രണ്ട് വര്‍ഷം ഡെപ്യൂട്ടേഷനില്‍ ജോലിചെയ്ത കാലയളവും ചേര്‍ത്താണ് അധ്യാപനപരിചയം കാണിച്ചിരിക്കുന്നത്. ഇത് അംഗീകരിച്ചാണ് യൂണിവേഴ്സിറ്റി അവരെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ഇന്റര്‍വ്യൂവിന് വിളിക്കുകയും ചെയ്തത്. 2021 നവംബര്‍ 18 ന് നടന്ന ഇന്റര്‍വ്യൂവില്‍ അവര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചു. തുടര്‍ന്ന് അസോസിയേറ്റ് പ്രൊഫസര്‍ സ്ഥാനത്തേക്കുള്ള പ്രിയ വര്‍ഗീസിന്റെ നിയമനം ജൂണ്‍ 27 ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് അംഗീകരിക്കുകയും ചെയ്തു.

ഗവേഷണ കാലവും സ്റ്റുഡന്റ്സ് ഡീന്‍ ആയി പ്രവര്‍ത്തിച്ച കാലവും അടക്കം അഞ്ചു വര്‍ഷത്തോളമുള്ള കാലം അധ്യാപന കാലമായി പരിഗണിക്കുന്നത് യുജിസിയുടെ ചട്ടത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ എന്ന സംഘടന രംഗത്തുവന്നതോടെയാണ് വിഷയം ആദ്യം വിവാദമാകുന്നത്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, ഭരണകക്ഷിയുടെ പ്രമുഖ നേതാവ് എന്നീ നിലകളില്‍ കെ.കെ. രാഗേഷിനുള്ള രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ചട്ടങ്ങളെ അട്ടിമറിച്ചാണ് പ്രിയ വര്‍ഗീസിന്റെ നിയമനമെന്നും, യൂണിവേഴ്സിറ്റി വി.സി ഗോപിനാഥ് രവീന്ദ്രന്‍ അതിന് ഒത്താശ ചെയ്തെന്നുമാണ് ആരോപണം. ഗോപിനാഥ് രവീന്ദ്രന് വി.സി ആയി പുനര്‍ നിയമനം നല്‍കിയതിനു പിന്നില്‍ ഇത്തരം രാഷ്ട്രീയ സ്വാധീനങ്ങളാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.


#Daily
Leave a comment