TMJ
searchnav-menu
post-thumbnail

TMJ Daily

തടസ്സഹർജിയുമായി പ്രിയ വർഗീസ് സുപ്രീം കോടതിയിൽ

26 Jun 2023   |   3 min Read
TMJ News Desk

ണ്ണൂർ സർവ്വകലാശാല മലയാളം പഠനവകുപ്പിൽ അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഫയൽ ചെയ്യുന്ന ഹർജികളിൽ തന്റെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ട് തടസ്സഹർജി പ്രിയ വർഗീസ്  ഫയൽ ചെയ്തു.

കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഉത്തരവ് ചോദ്യംചെയ്ത് പ്രിയ വർഗീസ് നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവാണ് ജസ്റ്റിസ് എ കെ ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി പി എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്.

ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് കേസിലെ പരാതിക്കാരനായ ഡോ. ജോസഫ് സ്‌കറിയ നേരത്തെ തന്നെ വ്യക്തമാക്കി. ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും അദ്ദേഹം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടേക്കും. ഈ സാഹചര്യത്തിലാണ് പ്രിയ വർഗീസ് സുപ്രീം കോടതിയിൽ തടസ്സ ഹർജി ഫയൽ ചെയ്തതെന്നാണ് സൂചന. അഭിഭാഷകരായ കെ ആർ സുഭാഷ് ചന്ദ്രൻ, ബിജു പി രാമൻ എന്നിവർ മുഖേനയാണ് തടസ ഹർജി ഫയൽ ചെയ്തത്.

വ്യത്യസ്ത വിധികൾ പുറപ്പെടുവിച്ച് കോടതി

സ്വജനപക്ഷപാതം ആരോപിച്ച് 2022 ഓഗസ്റ്റ് 17നാണ് പ്രിയ വർഗീസിന്റെ നിയമനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചത്. കണ്ണൂർ വിസി, ഇന്റർവ്യൂ ബോർഡിലെയും സിൻഡിക്കേറ്റിലെയും അംഗങ്ങൾ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് ആയക്കാനും ഗവർണർ ഉത്തരവിട്ടിരുന്നു. തുടർന്ന്, യുജിസി മാനദണ്ഡ പ്രകാരം എട്ടുവർഷത്തെ അധ്യാപന പരിചയമാണ് വേണ്ടതെന്നും അതുമറികടക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർവ്വകലാശാലയുടെ റാങ്കു പട്ടിക റദ്ദാക്കി. പിന്നീട്, അധ്യാപന കാലഘട്ടം കണക്കാക്കുന്നതിൽ സിംഗിൾ ബെഞ്ചിന് വീഴ്ച പറ്റി എന്നാരോപിച്ചുകൊണ്ട് പ്രിയ വർഗീസ് ഹൈക്കോടതിയെ സമീപിച്ചു. യോഗ്യത തീരുമാനിക്കേണ്ടത് വിദഗ്ധ സമിതിയാണെന്നും യു ജി സിയുടെ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഗവേഷണ കാലയളവും കണ്ണൂർ സർവ്വകലാശാലയിൽ സ്റ്റുഡന്റ്സ് സർവിസ് ഡയറക്ടർ സേവനകാലയളവും അധ്യാപക പരിചയത്തിൽ കണക്കാക്കാനാവില്ലെന്ന സിംഗിൾബെഞ്ച് നിരീക്ഷണം വസ്തുതകൾ ശരിയായി മനസ്സിലാക്കാതെയുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിയ വർഗീസ് ഹർജി സമർപ്പിച്ചത്. ഇതിൻപ്രകാരം, യോഗ്യത കണക്കാക്കുന്നതിൽ സിംഗിൾ ബെഞ്ചിന് വീഴ്ചപറ്റിയെന്നാണ് ഡിവിഷൻ ബെഞ്ച് വിലയിരുത്തിയത്.

താൽകാലിക റാങ്ക് പട്ടികയിൽ ഒന്നാം റാങ്കുകാരിയായ പ്രിയക്ക് യുജിസി ചട്ട പ്രകാരം മതിയായ അധ്യാപന പരിചയമില്ലെന്ന് ആരോപിച്ച് രണ്ടാം സ്ഥാനക്കാരനായ ചങ്ങനാശ്ശേരി എസ് ബി കോളേജിലെ മലയാളം അധ്യാപകൻ ഡോ. ജോസഫ് സ്‌കറിയ നൽകിയ ഹർജിയിലാണ് നവംബർ 17ന് സിംഗിൾ ബെഞ്ച് ഉത്തരവ് വന്നത്. എന്നാലിത് തള്ളിക്കൊണ്ടായിരുന്നു പ്രിയ വർഗിസിന് അനുകൂലമായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഈ ഉത്തരവിനെതിരെയാണ് ഹർജിക്കാരനായ ഡോ. ജോസഫ് സ്റകിയ സുപ്രീം കോടതിയെ സമീപിക്കാനിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് ഓൺലൈനായി അഭിമുഖം നടത്തിയത്. സർവ്വകലാശാല നിശ്ചയിച്ച വിദഗ്ദ്ധ സമിതിയാണ് അഭിമുഖം നടത്തിയത്. എന്നാൽ ഏഴുമാസത്തോളം റാങ്ക് ലിസ്റ്റ് പുറത്തുവന്നില്ല. അതിവേഗം അഭിമുഖമടക്കമുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടും റാങ്ക് പട്ടിക ഏഴ് മാസം പ്രസിദ്ധീകരിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് സർവ്വകലാശാല വ്യക്തമായ മറുപടി നൽകിയിരുന്നില്ല.

വിവാദമായി നിയമനം

തൃശ്ശൂർ കേരള വർമ്മ കോളേജിൽ അധ്യാപികയായിരുന്ന പ്രിയ വർഗീസ് കണ്ണൂർ യൂണിവേഴ്സിറ്റി മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ചട്ടം മറികടന്നാണ് എന്നതാണ് ഉയർന്നുവന്ന ആരോപണം. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യുജിസിയുടെ 2018-ലെ റഗുലേഷൻ നിഷ്‌കർഷിക്കുന്ന അധ്യാപന പരിചയം അവർക്ക് ഇല്ല എന്നതാണ് ആദ്യം ഉയർന്ന ആക്ഷേപം.

എട്ടുവർഷം അധ്യാപന പരിചയമാണ് റഗുലേഷൻ പ്രകാരം ആവശ്യം. എയ്ഡഡ് കോളേജിൽ ജോലിയിൽ പ്രവേശിച്ച ശേഷം പ്രിയ വർഗീസ് എഫ്.ഡി.പി (ഫാക്കൽറ്റി ഡവലപ്മെന്റ് പ്രോഗ്രാം) പ്രകാരം ഡെപ്യൂട്ടേഷനിൽ മൂന്നു വർഷത്തെ പിഎച്ച്ഡി ഗവേഷണം നടത്തിയ കാലയളവും കണ്ണൂർ സർവലാശാലയിൽ സ്റ്റുഡൻസ് ഡീൻ ഡയറക്ട് ഓഫ് സ്റ്റുഡന്റ് സർവീസസ്) ആയി രണ്ട് വർഷം ഡെപ്യൂട്ടേഷനിൽ ജോലിചെയ്ത കാലയളവും ചേർത്താണ് അധ്യാപനപരിചയം കാണിച്ചിരിക്കുന്നത്. ഇത് അംഗീകരിച്ചാണ് യൂണിവേഴ്സിറ്റി അവരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ഇന്റർവ്യൂവിന് വിളിക്കുകയും ചെയ്തത്. 2021 നവംബർ 18 ന് നടന്ന ഇന്റർവ്യൂവിൽ അവർക്ക് ഒന്നാം റാങ്ക് ലഭിച്ചു. തുടർന്ന് അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ള പ്രിയ വർഗീസിന്റെ നിയമനം ജൂൺ 27 ന് ചേർന്ന സിൻഡിക്കേറ്റ് അംഗീകരിക്കുകയും ചെയ്തു.

ഗവേഷണ കാലവും സ്റ്റുഡന്റ്സ് ഡീൻ ആയി പ്രവർത്തിച്ച കാലവും അടക്കം അഞ്ചു വർഷത്തോളമുള്ള കാലം അധ്യാപന കാലമായി പരിഗണിക്കുന്നത് യുജിസിയുടെ ചട്ടത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ എന്ന സംഘടന രംഗത്തുവന്നതോടെയാണ് വിഷയം ആദ്യം വിവാദമാകുന്നത്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, ഭരണകക്ഷിയുടെ പ്രമുഖ നേതാവ് എന്നീ നിലകളിൽ കെ.കെ. രാഗേഷിനുള്ള രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ചട്ടങ്ങളെ അട്ടിമറിച്ചാണ് പ്രിയ വർഗീസിന്റെ നിയമനമെന്നും യൂണിവേഴ്സിറ്റി വി.സി ഗോപിനാഥ് രവീന്ദ്രൻ അതിന് ഒത്താശ ചെയ്തെന്നുമാണ് ആരോപണം. ഗോപിനാഥ് രവീന്ദ്രന് വി.സി ആയി പുനർ നിയമനം നൽകിയതിനു പിന്നിൽ ഇത്തരം രാഷ്ട്രീയ സ്വാധീനങ്ങളാണെന്നും വിമർശനമുയർന്നിരുന്നു.


#Daily
Leave a comment