
വയനാട്ടില്‍ മുന്നേറി പ്രിയങ്ക
വയനാട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി മൂന്ന് ലക്ഷം വോട്ടുകള്‍ക്ക് മുന്നില്‍. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് പ്രിയങ്കാ ഗാന്ധി മുന്നേറുന്നത്. ആദ്യ റൗണ്ടില്‍ സഹോദരന്‍ രാഹുല്‍ ഗാന്ധി നേടിയ ഭൂരിപക്ഷത്തിനൊപ്പം എത്താനായില്ലെങ്കിലും പ്രിയങ്ക മുന്നിലായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 8 ശതമാനം കുറവ് പോളിങാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിക്ക് നിലവില്‍ 1,34,411 വോട്ടുകളും ബിജെപിയുടെ നവ്യ ഹരിദാസിന് 72,419 വോട്ടുകളുമാണ് നിലവില്‍ ലഭിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ജയിച്ചെങ്കിലും റായ്ബറേലി നിലനിര്‍ത്തി വയനാട് ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മണ്ഡലം ഒഴിയുമ്പോള്‍ത്തന്നെ പ്രിയങ്കയാകും സ്ഥാനാര്‍ഥി എന്ന് രാഹുല്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു.
പ്രിയങ്കക്ക് അഞ്ചു ലക്ഷത്തിന്റെ ഭൂരിപക്ഷം നേടികൊടുക്കുമെന്നായിരുന്നു യുഡിഎഫ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, പോളിങ് ശതമാനത്തില്‍ ആദ്യഘട്ടത്തില്‍ ഇടിവുണ്ടായത് യുഡിഎഫ് ക്യാമ്പില്‍ ആശങ്കയുണ്ടാക്കിയിരുന്നു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ഏഴു നിയമസഭ മണ്ഡലങ്ങളിലും പ്രിയങ്കയാണ് മുന്നേറുന്നത്.