ഗുര്‍പത്വന്ത് സിങ് പന്നൂന്‍
ഡിസംബര്‍ 13 ന് പാര്‍ലമെന്റ് ആക്രമിക്കും; ഭീഷണിയുമായി ഖലിസ്ഥാന്‍ നേതാവ്
ഡിസംബര്‍ പതിമൂന്നിനോ അതിനു മുമ്പോ പാര്‍ലമെന്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിങ് പന്നൂന്‍. വീഡിയോ സന്ദേശത്തിലൂടെയാണ് പന്നൂന്‍ ഭീഷണി സന്ദേശം പുറത്തുവിട്ടിരിക്കുന്നത്. 2001 ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാംമത് വാര്‍ഷിക ദിനമാണ് ഡിസംബര്‍ 13.
2001 ലെ പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്‌സല്‍ ഗുരുവിന്റെ ഫോട്ടോ ഉള്‍പ്പെടുത്തി ഡല്‍ഹി ബനേഗാ ഖലിസ്ഥാന്‍ (ഡല്‍ഹി ഖലിസ്ഥാനായി മാറും) എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്നെ കൊല്ലാനുള്ള ഇന്ത്യന്‍ ഏജന്‍സികളുടെ ഗൂഢാലോചന പരാജയപ്പെട്ടതായും വീഡിയോയില്‍ പറയുന്നുണ്ട്. ഇതിന്റെ പ്രതികാരമായാണ് പാര്‍ലമെന്റ് ആക്രമിക്കുന്നതെന്നുമാണ് വീഡിയോയില്‍ പറയുന്നത്.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഖ്‌സ് ഫോര്‍ ജസ്റ്റിസ് തലവനാണ് പന്നൂന്‍. ഇന്ത്യയില്‍ ഈ സംഘടന നിരോധിച്ചതാണ്. പാര്‍ലമെന്റില്‍ ശീതകാല സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ ഉയര്‍ന്നിരിക്കുന്ന ഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്ച തുടങ്ങിയ സമ്മേളനം ഈ മാസം 22 നാണ് അവസാനിക്കുന്നത്.
2001 ലെ പാര്‍ലമെന്റ് ആക്രമണം
2001 ലും പാര്‍ലമെന്റ് ശീതകാല സമ്മേളനം നടക്കുമ്പോഴായിരുന്നു ലഷ്‌കര്‍ ഇ ത്വയ്യിബ, ജയ്‌ഷെ ഇ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തിയത്. സഭ 40 മിനിറ്റ് നേരത്തേക്ക് പിരിഞ്ഞ സമയത്തായിരുന്നു ആക്രമണം. ഡിസംബര്‍ 13 ന് രാവിലെ 11.40 ന് ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ പതിച്ച അംബാസിഡര്‍ കാര്‍ പാര്‍ലമെന്റിന്റെ വളപ്പിലേക്ക് കയറി പാര്‍ലമെന്റ് വളപ്പില്‍ ഉണ്ടായിരുന്ന ഉപരാഷ്ട്രപതിയുടെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് എകെ 47 തോക്കുധാരികളായ അഞ്ച് ലഷ്‌കര്‍ ഇ ത്വയ്യിബ, ജയ്‌ഷെ ഇ മുഹമ്മദ് ഭീകരര്‍ നടത്തിയ പാര്‍ലമെന്റ് ആക്രമണത്തിനാണ് രാജ്യം സാക്ഷ്യംവഹിച്ചത്.
മുപ്പതുമിനിറ്റു നേരത്തെ പോരാട്ടത്തിനൊടുവില്‍ അഞ്ച് തീവ്രവാദികളെയും സുരക്ഷാസേന വധിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഒമ്പതു പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ അഫ്‌സല്‍ ഗുരുവിനെ ജമ്മു കശ്മീരില്‍ നിന്നുമാണ് പോലീസ് അറസ്റ്റു ചെയ്തത്. 2013 ഫെബ്രുവരി ഒമ്പതിന് ഇയാളെ തിഹാര്‍ ജയിലില്‍ വച്ച് തൂക്കിലേറ്റി.