.jpeg)
മലയാള സിനിമ നിർമ്മാതാക്കൾ ഒടിടി കമ്പനികളെ പറ്റിച്ചുവെന്ന് നിർമ്മാതാവ് വേണു കുന്നപ്പിള്ളി
മലയാള സിനിമ നിർമ്മാതാക്കൾ ധാരാളം ഒടിടിക്കാരെ പറ്റിച്ചുവെന്നും അത് ഒടിടിയിലേക്കുള്ള മലയാള സിനിമകളുടെ തിരഞ്ഞെടുപ്പിനെ ബാധിച്ചുവെന്നും നിർമ്മാതാവായ വേണു കുന്നപ്പിള്ളി പറഞ്ഞു.
അഞ്ച് കോടി രൂപയ്‌ക്കെടുത്ത സിനിമ നിർമ്മിക്കാൻ 15 കോടി ആയെന്ന് ഒടിടി കമ്പനികളോട് പറഞ്ഞശേഷം 10 കോടി രൂപ അവരോട് ചോദിക്കുകയും അപ്പോൾ ഒടിടിക്കാർ ഒമ്പത് കോടി രൂപയ്ക്ക് ആ സിനിമ വാങ്ങിക്കുമെന്നും വേണു പറഞ്ഞു. എന്നാൽ ആ സിനിമയ്ക്ക് അഞ്ച് കോടിയുടെ ഗുണമേ ഉണ്ടാകുകയുള്ളൂ.
സിനിമ തിയേറ്ററിൽ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഒടിടിയിലും ആ സിനിമ കാണാൻ ആളുകൾ വളരെ കുറവായിരിക്കും. അപ്പോൾ ഒമ്പത് കോടി രൂപ മുടക്കി ഒടിടി കമ്പനികൾ വാങ്ങുന്ന സിനിമയ്ക്ക് വരുമാനം കുറയും. രണ്ടോ മൂന്നോ കോടി രൂപയേ ലഭിക്കുകയുള്ളൂവെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഇത് സ്ഥിരമായതോടെ കമ്പനിക്കാർക്ക് കാര്യം മനസ്സിലായിയെന്നും വേണു പറഞ്ഞു.
കൂടാതെ, രാവിലെ ഒടിടിയിൽ റിലീസ് ചെയ്യുന്ന സിനിമ വൈകുന്നേരം ടെലഗ്രാമിൽ വരുന്നതാണ് ഏറ്റവും വലിയ ദുരന്തം എന്നും അദ്ദേഹം പറഞ്ഞു. വരുമാന നഷ്ടം അങ്ങനേയും സംഭവിക്കുന്നു. ഒടിടിയിൽ കാഴ്ച്ചക്കാർ കുറഞ്ഞതോടെയാണ് അവർക്ക് മലയാള സിനിമയോടുള്ള താൽപര്യം ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ സിനിമ തിയേറ്ററിൽ നന്നായി ഓടിയാൽ കമ്പനി ഒരു വില പറയും. എന്നാൽ ആ വില ഡബിൾ ഡിജിറ്റിന് മുകളിൽ പോകേണ്ടെന്ന് കമ്പനികൾ തീരുമാനിച്ചിട്ടുണ്ട്. അതുകാരണം 10 കോടി രൂപയ്ക്ക് മുകളിൽ ഒരു ഒടിടി കമ്പനിയും മലയാള സിനിമ എടുക്കുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.