Representational image | PTI
പോപ്പുലർ ഫ്രണ്ട് നിരോധനം; എൻഐഎ കുറ്റപത്രം സമർപ്പിച്ചു
കേരളത്തിലെ 59 പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്തിരുന്ന കേസുകളിലാണ് നിലവിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ജനാധിപത്യം അട്ടിമറിച്ച് ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ലക്ഷ്യമിട്ടു, കേരളത്തിലെ ഇതര മതസ്ഥരെ ഇല്ലാതാക്കാൻ ശ്രമിച്ചു, ആയുധ പരിശീലന വിംഗ്, റിപ്പോർട്ടേഴ്‌സ് വിംഗ്, ഫിസിക്കൽ ആൻഡ് ആംസ് ട്രെയിനിംഗ് വിംഗ്, സർവീസ് വിംഗ് തുടങ്ങിയ വിഭാഗങ്ങൾ രൂപീകരിച്ച് പ്രവർത്തനം നടത്തി, എന്നീ ഗുരുതര ആരോപണങ്ങളാണ് കുറ്റപത്രത്തിൽ ഉൾപ്പെടുന്നത്.
ഇന്ത്യൻ ശിക്ഷാ നിയമം 120B, 153A, 120B r/w 302 എന്നിവയും യുഎപിഎ 13,16,18,18A, 18B,20 എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
പാലക്കാട് ശ്രീനിവാസൻ കേസ് പ്രതികളെ കൂടി ഉൾപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നിരോധിത സംഘടനയായ ഐഎസിനെ പിഎഫ്‌ഐ നേതാക്കൾ പിന്തുണച്ചു എന്നും പിഎഫ്‌ഐക്ക് ദാറുൽ ഖദ എന്ന പേരിൽ സ്വന്തം കോടതിയുണ്ടെന്നും ഈ കോടതി വിധികൾ പിഎഫ്‌ഐ പ്രവർത്തകർ നടപ്പാക്കിയെന്നും എൻഐഎ ആരോപിക്കുന്നു.