
ഇസ്രായേല്‍ ആക്രമണത്തില്‍ പ്രമുഖ ഹമാസ് നേതാവ് കൊല്ലപ്പെട്ടു
ഇസ്രായേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ രാഷ്ട്രീയ നേതാവ് സലാ അല്‍ ബര്‍ദാവീല്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ ഉന്നത നേതാവായ ബര്‍ദാവീലും ഭാര്യയും ആക്രമണത്തില്‍ മരിച്ചുവെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഇരുവരും തങ്ങളുടെ ടെന്റില്‍ പ്രാര്‍ത്ഥിക്കുമ്പോഴാണ് ഇസ്രായേലി മിസൈല്‍ പതിച്ചതെന്ന് ഹമാസ് പ്രസ്താവനയില്‍ അറിയിച്ചു. ഹമാസിന്റെ ഏറ്റവും പ്രമുഖരായ രാഷ്ട്രീയ വ്യക്തിത്വങ്ങളില്‍ ഒരാളാണ് ബര്‍ദാവീല്‍.
ഖാന്‍ യൂനിസിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ജനിച്ച അദ്ദേഹം ഹമാസ് നേതാവ് യഹ്യ സിന്‍വറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഹമാസിന്റെ സ്ഥാപകര്‍ക്കുശേഷമുള്ള രണ്ടാം തലമുറ നേതാക്കന്‍മാരില്‍ ഒരാളാണ്.
ഇപ്പോള്‍ നടക്കുന്ന യുദ്ധത്തില്‍ സിന്‍വറും റാഹ്വി മുസ്തഹയും കൊല്ലപ്പെട്ടതിനുശേഷം ഹമാസിലെ ഏറ്റവും ഉയര്‍ന്ന രാഷ്ട്രീയ നേതാവായി ബര്‍ദാവീല്‍ പരിഗണിക്കപ്പെട്ടിരുന്നു.
ഗാസയിലെ ഖാന്‍ യൂനിസില്‍ നടന്ന ആക്രമണത്തില്‍ 18 പേരോളം കൊല്ലപ്പെട്ടുവെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ആദ്യ ഘട്ട വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ കഴിഞ്ഞയാഴ്ച്ചയാണ് ഇസ്രായേല്‍ ഗാസയില്‍ കനത്ത ആക്രമണം പുനരാരംഭിച്ചത്.
രണ്ട് മാസത്തോളം നിലനിന്ന വെടിനിര്‍ത്തല്‍ തുടരുന്നതിനായി യുഎസ് മുന്നോട്ടുവച്ച നിര്‍ദ്ദേശം ഹമാസ് തള്ളിയതിനെ തുടര്‍ന്നാണ് ആക്രമണമെന്ന് ഇസ്രായേല്‍ കുറ്റപ്പെടുത്തിയിരുന്നു.
എന്നാല്‍, ഖത്തറും ഈജിപ്തും യുഎസും ചേര്‍ന്ന് തയ്യാറാക്കിയ ആദ്യത്തെ കരാര്‍ ഇസ്രായേല്‍ ഉപേക്ഷിച്ചുവെന്ന് ഹമാസും പറയുന്നു. ഇസ്രായേലി സൈന്യം ഗാസയില്‍നിന്നും പിന്‍മാറുകയും ഹമാസ് ഇസ്രായേലി ബന്ദികളെ വിട്ടയക്കുകയും ചെയ്യുക എന്നതാണ് ആദ്യത്തെ കരാറില്‍ തീരുമാനിച്ചിരുന്നത്.