സുപ്രീംകോടതി | Photo: PTI
രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച മജിസ്‌ട്രേറ്റ് അടക്കമുള്ളവരുടെ സ്ഥാനക്കയറ്റത്തിന് സ്‌റ്റേ
അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹരീഷ് ഹസ്മുഖ് ഭായ് വര്‍മ (എച്ച്.എച്ച് വര്‍മ) അടക്കം ഗുജറാത്തിലെ 68 ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സ്ഥാനക്കയറ്റം സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതി നല്‍കിയ ശുപാര്‍ശയും ഗുജറാത്ത് സര്‍ക്കാരിന്റെ വിജ്ഞാപനവുമാണ് സ്‌റ്റേ ചെയ്തത്. ജസ്റ്റിസുമാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി. ഹൈക്കോടതിയുടെ ശുപാര്‍ശയും സര്‍ക്കാരിന്റെ വിജ്ഞാപനവും നിയമ വിരുദ്ധമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഓഫീസര്‍മാരുടെ നിയമനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല സ്‌റ്റേ.
കാറ്റില്‍ പറത്തുന്ന ചട്ടങ്ങള്‍
സൂറത്ത് മജിസ്‌ട്രേറ്റ് കോടതി ജഡ്ജിയായ ഹരിഷ് ഹസ്മുഖ് ഭായ് വര്‍മയ്ക്ക് രാജ്‌കോട്ട് ജില്ലാ ജഡ്ജിയായാണ് സ്ഥാനക്കയറ്റം നല്‍കിയിരുന്നത്. 65 ശതമാനം പ്രമോഷന്‍ ക്വാട്ടയില്‍ സ്ഥാനക്കയറ്റം നല്‍കാനുള്ള പട്ടികയില്‍ വര്‍മ ഉള്‍പ്പെട്ടിരുന്നു. 200 ല്‍ 127 മാര്‍ക്കാണ് ഇദ്ദേഹത്തിനു ലഭിച്ചത്. എംപി സ്ഥാനത്തു നിന്ന് രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയ്ക്ക് കാരണമായ വിധി പുറപ്പെടുവിച്ച എച്ച്.എച്ച് വര്‍മയുടെ സ്ഥാനക്കയറ്റം നേരത്തെ വിവാദമായിരുന്നു. സീനിയര്‍ സിവില്‍ ജഡ്ജി കേഡര്‍ ഓഫീസര്‍മാരായ രവികുമാര്‍ മാഹേത, സച്ചിന്‍ പ്രതാപ് റായ് മേത്ത എന്നിവരാണ് 68 ജഡ്ജിമാരുടെ സ്ഥാനക്കയറ്റത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
സ്ഥാനക്കയറ്റം നല്‍കാനും ഏപ്രില്‍ 18 ന് വിജ്ഞാപനം പുറപ്പെടുവിക്കാനും കാണിച്ച അസാധാരണ തിടുക്കത്തില്‍ സുപ്രീംകോടതി നേരത്തെ വിശദീകരണം തേടിയിരുന്നു. സ്ഥാനക്കയറ്റക്കേസ് കോടതിയുടെ പരിഗണനയിലാണെന്ന് അറിയാമായിരുന്നിട്ടും ഗുജറാത്ത് സര്‍ക്കാര്‍ സ്ഥാനക്കയറ്റം സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത് ഖേദകരമാണ്. ഇത് അംഗീകരിക്കാനാവില്ല. സീനിയോറിറ്റിക്കാണോ മെറിറ്റിനാണോ പരിഗണന നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ സ്ഥാനക്കയറ്റം ലഭിച്ചവരെക്കാള്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ ഉണ്ടായിരുന്നുവെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. കുറഞ്ഞ മാര്‍ക്ക് നേടിയവരെ നിയമിച്ചത് മെറിറ്റ് പരിഗണിക്കാതെ സീനിയോറിറ്റിക്ക് പ്രാധാന്യം നല്‍കിയാണെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. റിക്രൂട്ട്‌മെന്റ് ചട്ടങ്ങള്‍ അനുസരിച്ച് ജില്ലാ ജഡ്ജിയായി നിയമനം നടത്തേണ്ടത് മെറിറ്റ് കം സീനിയോറിറ്റി തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ പരീക്ഷയിലൂടെയും 65 ശതമാനം സംവരണം നിലനിര്‍ത്തിയുമാണ്. ഹര്‍ജി തീര്‍പ്പാക്കാന്‍ ബെഞ്ച് തയ്യാറായില്ല. ജസ്റ്റിസ് എംആര്‍ ഷാ മെയ് 15 ന് വിരമിക്കുന്നതിനാല്‍ ചീഫ് ജസ്റ്റിസിന്റെ ചുമതലയുള്ള ഉചിതമായ ബെഞ്ച് പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥര്‍ അതിനു മുന്‍പ് വഹിച്ചിരുന്ന ചുമതലകളിലേക്ക് മടങ്ങിപ്പോകണമെന്നും കോടതി ഉത്തരവിട്ടു.
കോലാറില്‍ നടത്തിയ പ്രസംഗത്തിനിടെ മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ടാണ് എന്നു ചോദിച്ചതു മോദിയെന്നു പേരുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന കേസിലായിരുന്നു രാഹുലിന് ശിക്ഷ വിധിച്ചത്. ഇതേത്തുടര്‍ന്ന് ലോക്‌സഭാംഗത്വവും നഷ്ടമായിരുന്നു.
നീതിബോധം നഷ്ടപ്പെട്ട നീതിന്യായം
നിലവില്‍ സീനിയോറിറ്റി മാത്രം പരിഗണിച്ചാണ് സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. ജില്ലാ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് നടന്ന പരീക്ഷയിലെ മാര്‍ക്ക് മാനദണ്ഡമായി പരിഗണിച്ചിട്ടില്ല. മെറിറ്റ് കം സീനിയോറിറ്റി പ്രിന്‍സിപ്പല്‍ പാലിച്ച് മാത്രമേ ജില്ലാ ജഡ്ജി നിയമനം നടത്താന്‍ പാടുള്ളൂവെന്നാണ് റിക്രൂട്ട്‌മെന്റ് ചട്ടം. പരീക്ഷയിലൂടെയും 65 ശതമാനം സംവരണം നിലനിര്‍ത്തിയുമാണ് നിയമനം നടത്തേണ്ടതെന്നാണ് മെറിറ്റ് കം സീനിയോറിറ്റി പ്രിന്‍സിപ്പല്‍. ഈ മാനദണ്ഡങ്ങള്‍ക്കൊപ്പമാണ് സീനിയോറിറ്റി പരിഗണിക്കേണ്ടതെന്ന് ചട്ടം നിര്‍ദേശിക്കുന്നു. ചട്ടങ്ങളെല്ലാം മറികടന്നാണ് രാഷ്ട്രീയ നേതൃത്വത്തെ കൂട്ടുപിടിച്ചുള്ള നീതിന്യായ വ്യവസ്ഥയുടെ സ്ഥാനക്കയറ്റ നിയമനങ്ങള്‍ നടന്നിരിക്കുന്നത്. ജനങ്ങളുടെ നീതിബോധത്തെ ചോദ്യം ചെയ്യുന്ന ഇത്തരം നടപടികള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുക അനിവാര്യമാണ്.