TMJ
searchnav-menu
post-thumbnail

Representational Image: PTI

TMJ Daily

ആരോഗ്യപ്രവർത്തകരുടെ സംരക്ഷണം; കോഡ് ഗ്രേ പ്രോട്ടോകോൾ പ്രഖ്യാപിച്ച് കേരളം

26 Jun 2023   |   2 min Read
TMJ News Desk

സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരുടേയും ആശുപത്രികളുടേയും സംരക്ഷണത്തിന് പുതിയ നടപടികൾ. മുഴുവൻ ആശുപത്രികളിലും കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാനും അതിക്രമമുണ്ടായാൽ പാലിക്കേണ്ടതുമായ നടപടിക്രമങ്ങളാണ് കോഡ് ഗ്രേ പ്രോട്ടോകോളിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. വികസിത രാജ്യങ്ങളിലുളള പ്രോട്ടോകോളുകളുടെ മാതൃകയിലാണ് കേരളത്തിന് അനുയോജ്യമായ രീതിയിൽ കോഡ് ഗ്രേ പ്രോട്ടോകോൾ ആവിഷ്‌കരിക്കുന്നത്. അതിക്രമം ഉണ്ടാകാതിരിക്കാനും ഉണ്ടായാൽ അത് തടയാനും അതിന് ശേഷം സ്വീകരിക്കേണ്ടതുമായ വിപുലമായ നടപടിക്രമങ്ങളാണ് കോഡ് ഗ്രേ പ്രോട്ടോകോളിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

കോഡ് ഗ്രേ പ്രോട്ടോകോൾ ശില്പശാല ഉദ്ഘാടനം ചെയ്യവെയായിരുന്നു പ്രഖ്യാപനം. അതിക്രമങ്ങൾ ചെറുക്കുന്നതിന് എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും ബാധകമാകുന്ന തരത്തിലാണ് പ്രോട്ടോകോൾ തയ്യാറാക്കുന്നത്. ഇതിന്റെ കരട് തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിലേയും പോലീസിലേയും വിദഗ്ധർ പരിശോധിച്ച് കരടിന്മേലുള്ള ചർച്ചയ്ക്ക് വേണ്ടിയാണ് ശിൽപശാല സംഘടിപ്പിച്ചത്. നിലവിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. അതിക്രമങ്ങൾ ചെറുക്കുന്നതിന്റെ ഭാഗമായി 2012ലെ നിയമം ശക്തിപ്പെടുത്തി ഓർഡിനൻസ് ഇറക്കുകയുണ്ടായി. ഇതുകൂടാതെയാണ് കോഡ് ഗ്രേ പ്രോട്ടോകോൾ തയ്യാറാക്കി വരുന്നത്. ഇതിലൂടെ വലിയ രീതിയിൽ അതിക്രമങ്ങളെ തടയുന്നതിനും ആരോഗ്യ പ്രവർത്തകർക്ക് മനോധൈര്യത്തോടുകൂടി ജോലി ചെയ്യുന്നതിനും വേണ്ടിയാണ് പുതിയ നീക്കം.

സുരക്ഷ ഉറപ്പാക്കാൻ നടപടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചയാളുടെ കുത്തേറ്റ് ഹൗസ്‌സർജൻ ഡോ. വന്ദനദാസിന്റെ കൊലപാതകത്തെ തുടർന്നാണ് ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണങ്ങൾക്ക് കർശന ശിക്ഷയാണ് ഓർഡിനൻസിസൂടെ നടപ്പിലാക്കുന്നത്. ഏഴു വർഷംവരെ തടവാണ് പരമാവധി ശിക്ഷ. കുറഞ്ഞ ശിക്ഷ ആറു മാസവുമായിരിക്കും.

ആരോഗ്യപ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നതിനു പുറമെ, അസഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതും നിയമത്തിന്റെ പരിധിയിൽ വരും. അക്രമങ്ങളിലുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് വിപണിയിലുള്ളതിന്റെ ആറിരട്ടി വരെ നഷ്ടപരിഹാരം ഈടാക്കും. മെഡിക്കൽ നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ജീവനക്കാർക്കും നിയമപരിരക്ഷ ലഭിക്കും. സൈബർ ആക്രമണവും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നു.

2012 ലെ നിയമത്തിലെ സെക്ഷൻ 4 അനുസരിച്ച് ആരോഗ്യസ്ഥാപനങ്ങളിലോ ആരോഗ്യപ്രവർത്തകർക്കും നേരെയോ ആക്രമണം നടത്തിയാൽ മൂന്നുവർഷം വരെ തടവും 50,000 രൂപവരെ പിഴയുമാണ് പരമാവധി ശിക്ഷ. ഓർഡിനൻസിലൂടെ ഏഴുവർഷം വരെ തടവും ഒരുലക്ഷംരൂപയിൽ കുറയാത്ത പിഴയും ഈടാക്കാനാണ് തീരമാനിച്ചത്. മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് 2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവനസ്ഥാപനങ്ങളും(അക്രമവും സ്വത്തിനുള്ള നാശവും തടയൽ)നിയമം കൊണ്ടുവന്നത്.

നിമഭേദഗതികൾ ഇങ്ങനെ

നിയമത്തിലെ 14-ാം വകുപ്പിലെ നാലാം ഉപവകുപ്പാണ് ഭേദഗതി ചെയ്തത്. ഡോക്ടർമാർ, നഴ്സുമാർ, മെഡിക്കൽ, നഴ്സിങ് വിദ്യാർത്ഥികൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരാണ് ആരോഗ്യപ്രവർത്തകരായി പരിഗണിക്കപ്പെടുന്നത്. പുതിയ നിയമത്തിൽ മിനിസ്റ്റീരിയൽ ജീവനക്കാർ, സുരക്ഷാജീവനക്കാർ എന്നിവരടക്കം ആശുപത്രി ജീവനക്കാർക്കെല്ലാം പരിരക്ഷ ലഭിക്കും. ആരോഗ്യസ്ഥാപനങ്ങളിലെ ഉപകരണങ്ങൾക്ക് നാശനഷ്ടം വരുത്തിയാൽ അവയുടെ വിലയുടെ ഇരട്ടി ഈടാക്കാനുള്ള വ്യവസ്ഥകൾ നിലവിലുണ്ട്. നഷ്ടപരിഹാരം നൽകാത്തവരിൽ നിന്ന് റവന്യൂ റിക്കവറിയിലൂടെ ഈടാക്കാനുമാകും. അക്രമികൾക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുക്കാൻ നിലവിൽ വ്യവസ്ഥകളുണ്ടെങ്കിലും നിയമം കൂടുതൽ കർശനമാക്കാനും നിയമവകുപ്പ് പരിഗണിക്കുന്നുണ്ട്. കൂടാതെ അന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കാനും പ്രത്യേക വിചാരണ കോടതികൾ വഴി ഒരു കൊല്ലത്തിനകം ശിക്ഷാവിധി പ്രഖ്യാപിക്കാനുമുള്ള സംവിധാനങ്ങളും നിയമവകുപ്പ് പരിഗണിച്ചാണ് നിയമനിർമ്മാണം.


#Daily
Leave a comment