TMJ
searchnav-menu
post-thumbnail

TMJ Daily

ഇലോണ്‍ മസ്‌കിനോട് പ്രതിഷേധം; ടെസ്ല ഉടമകള്‍ കാറുകള്‍ ഉപേക്ഷിക്കുന്നു

21 Mar 2025   |   1 min Read
TMJ News Desk

ടെസ്ലയുടെ വാഹനങ്ങള്‍ തിരിച്ചു നല്‍കി പകരം മറ്റ് നിര്‍മ്മാതാക്കളുടെ വാഹനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം യുഎസില്‍ കുതിച്ചുയരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകന്‍ എന്ന നിലയിലുള്ള ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിന്റെ പ്രവര്‍ത്തനത്തോടുള്ള പ്രതിഷേധമായിട്ടാണ് ടെസ്ല കാറുകളെ ഉടമകള്‍ കൈയൊഴിയുന്നത്.

2017ല്‍ വിപണിയിലെത്തിയ പഴയ ടെസ്ല കാറുകള്‍ ആയാലും പുതിയവ ആയാലും ഉപേക്ഷിക്കുന്ന ഉടമകള്‍ എണ്ണം കഴിഞ്ഞ മാര്‍ച്ച് മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ മാര്‍ച്ച് 15 വരെ 1.4 ശതമാനം വര്‍ദ്ധിച്ചുവെന്ന് കാര്‍ ഷോപ്പിങ് വെബ്‌സൈറ്റായ എഡ്മണ്ട്‌സിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 0.4 ശതമാനം ആയിരുന്നു.

ടെസ്ല ഉടമകള്‍ വാഹന ഡീലര്‍ഷിപ്പുകളില്‍ കാര്‍ തിരിച്ചു നല്‍കിയശേഷം മറ്റ് ബ്രാന്‍ഡുകളിലെ പുതിയവ അല്ലെങ്കില്‍ പഴയവ വാങ്ങുകയാണ് ചെയ്യുന്നത്.

ട്രംപിന്റെ സര്‍ക്കാര്‍ കാര്യക്ഷമതാ വകുപ്പിന്റെ തലവനാണ് മസ്‌ക്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി മസ്‌ക് ഫെഡറല്‍ ജീവനക്കാരുടെ എണ്ണവും ആഗോള മാനുഷിക സഹായങ്ങളും വെട്ടിക്കുറയ്ക്കുന്നതിന് എതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നു.

യുഎസിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും മസ്‌കിനോടുള്ള പ്രതിഷേധ സൂചകമായി ടെസ്ല ഉടമകള്‍ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ധാരാളം ഉണ്ട്.




#Daily
Leave a comment