PHOTO: WIKI COMMONS
ഇസ്രയേലിനെതിരെ പ്രതിഷേധം ശക്തം; ഫ്രാന്‍സ്, ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലേക്ക് പടര്‍ന്ന് വിദ്യാര്‍ത്ഥി പ്രതിഷേധം
ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കെതിരെ യുഎസ് ക്യാമ്പസുകളില്‍ ആരംഭിച്ച വിദ്യാര്‍ത്ഥി പ്രതിഷേധം ഓസ്‌ട്രേലിയന്‍, ഫ്രാന്‍സ് ക്യാമ്പസുകളിലേക്കും വ്യാപിക്കുന്നു. പാരീസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കല്‍ സ്റ്റഡീസിലെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസ് ഉപരോധിച്ചുകൊണ്ട് പ്രതിഷേധിച്ചു. ഗാസയ്ക്കുള്ള ഐക്യദാര്‍ഢ്യത്തെ സൂചിപ്പിക്കാന്‍ കറുപ്പും വെളുപ്പും നിറമുള്ള ശിരോവസ്ത്രങ്ങള്‍ ധരിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനവുമായി എത്തിയത്. ഇസ്രയേല്‍ വംശഹത്യയില്‍ ക്യാമ്പസ് അപലപിക്കണം എന്നാവശ്യപ്പെട്ട് നിരവധി വിദ്യാര്‍ത്ഥികളാണ് പാരീസില്‍ അണിനിരന്നത്. ഫ്രാന്‍സിലെ ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ അണിനിരക്കുകയാണെന്നും അക്കാദമിക് മേഖലയുടെ പങ്ക് ഇതിലൂടെ പ്രകടിപ്പിക്കുകയാണെന്നും വംശഹത്യ അവസാനിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.
വംശഹത്യയ്‌ക്കെതിരെ വിദ്യാര്‍ത്ഥികള്‍
യുഎസില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം കൂടുതല്‍ ക്യാമ്പസുകളിലേക്ക് വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. യുഎസിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ പ്രതിഷേധത്തില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കോയമ്പത്തൂര്‍ സ്വദേശിയായ അചിന്ത്യ ശിവലിംഗമാണ് അറസ്റ്റിലായത്. ഇസ്രയേല്‍ അധിനിവേശത്തിനെതിരെയും അമേരിക്കയുടെ ഇസ്രയേല്‍ അനുകൂല നടപടികള്‍ക്കെതിരെയുമാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.
ബോസ്റ്റണിലെ എമേഴ്സണ്‍ കോളേജില്‍ 108 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലോസ് ആഞ്ചലസിലെ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലും ഓസ്റ്റിനിലെ ടെക്‌സാസ് സര്‍വകലാശാലയിലും നിരവധി പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊളംബിയ സര്‍വകലാശാലയില്‍ ആരംഭിച്ച പ്രതിഷേധം ഹാര്‍വാര്‍ഡ്, യേല്‍ തുടങ്ങിയ സര്‍വകലാശാലകളിലേക്കും വ്യാപിക്കുകയായിരുന്നു. ടെക്‌സാസ് സര്‍വകലാശാലയുടെ ഓസ്റ്റിന്‍ ക്യാമ്പസില്‍ 34 വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. ജോര്‍ജ് വാഷിംഗടണ്‍ യൂണിവേഴ്സിറ്റി, ബ്രൗണ്‍ സര്‍വകലാശാല, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കാലിഫോര്‍ണിയ സ്റ്റേറ്റ് പോളിടെക്‌നിക്, മിഷിഗണ്‍ സര്‍വകലാശാല ക്യാമ്പസുകളിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നുണ്ട്.
ഏപ്രില്‍ 18 ന് കൊളംബിയ യൂണിവേഴ്സിറ്റിയിലെ പൊലീസ് ഇടപെടലിനെ തുടര്‍ന്നാണ് പ്രതിഷേധം അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്നത്. പലസ്തീനികള്‍ക്ക് വേണ്ടിയുള്ള ഐക്യദാര്‍ഢ്യ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത് സ്റ്റുഡന്‍സ് ഫോര്‍ ജസ്റ്റിസ് ഇന്‍ പലസ്തീന്‍, ജ്യൂയിഷ് ഫോര്‍ പീസ് തുടങ്ങിയ സംഘടനകളാണ്. കൊളംബിയ സര്‍വകലാശാല സന്ദര്‍ശിച്ച യു എസ് ജനപ്രതിനിധിസഭാ സ്പീക്കര്‍ മൈക്ക് ജോണ്‍സണെതിരെയും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. യുഎസ് ക്യാമ്പസുകളില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ ബെഞ്ചമിന്‍ നെതന്യാഹു വിമര്‍ശിച്ചു. ക്യാമ്പസുകള്‍ ജൂതവിരുദ്ധര്‍ കയ്യേറിയെന്നായിരുന്നു ഇസ്രയേല്‍ ആരോപണം.