
വഖഫ് നിയമത്തിനെതിരെ പ്രതിഷേധം: മൂര്‍ഷിദാബാദില്‍ 12 പേര്‍ അറസ്റ്റില്‍
വഖഫ് ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദില്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. പുതിയ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും, പൊലീസ് കനത്ത ജാഗ്രത പുലര്‍ത്തുന്നു.
ജില്ലയില്‍ അക്രമങ്ങള്‍ ഉണ്ടായ സ്ഥലങ്ങളില്‍ സ്ഥിതി സമാധാനപരമാണെന്നും ഇന്നലെ രാത്രിയില്‍ റെയ്ഡ് നടത്തി 12 പേരെ അറസ്റ്റ് ചെയ്തുവെന്നും മുതിര്‍ന്ന പൊലീസ് ഓഫീസര്‍ പറഞ്ഞു. ഇതുവരെ 150 പേര്‍ അറസ്റ്റിലായിട്ടുണ്ട്.
അക്രമങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ ഭാരതീയ നാഗരിക സുരക്ഷാ സംഹിതയിലെ (ബിഎന്‍എസ്എസ്) 163ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കിയിട്ടുണ്ട്. അന്വേഷണം തുടരുന്നുവെന്നും കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച്ച നിയമത്തിനെതിരെ നടന്ന അക്രമങ്ങളില്‍ പൊലീസ് വാനുകള്‍ അടക്കം അനവധി വാഹനങ്ങള്‍ കത്തിക്കുകയും പൊലീസിനുനേരെ കല്ലെറിയുകയും റോഡുകള്‍ തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ശനിയാഴ്ച്ച ഏതാനും ചെറിയ അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അക്രമങ്ങളില്‍ ഒരു അച്ഛനേയും മകനേയും അനവധി കുത്തുകളേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. മറ്റൊരു സംഭവത്തില്‍ 21 വയസ്സുകാരനെ വെടിയേറ്റ് മരിച്ച നിലയിലും കണ്ടെത്തി. വെള്ളിയാഴ്ച്ചത്തെ അക്രമങ്ങളലില്‍ 18 ഓളം പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.