
വഖഫ് നിയമത്തിനെതിരായ പ്രതിഷേധം: ബംഗാളില്‍ അക്രമത്തില്‍ 16 പൊലീസുകാര്‍ക്ക് പരിക്ക്
പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനയിലെ ഭാന്‍ഗര്‍ പട്ടണത്തില്‍ വഖഫ് നിയമത്തിന് എതിരെ നടന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് 16 പൊലീസുകാര്‍ക്ക് പരിക്കേറ്റു.
സോണ്‍പൂര്‍ ബാസാര്‍ മേഖലയില്‍ പ്രതിഷേധക്കാര്‍ പൊലീസിനെ ആക്രമിക്കുകയും അഞ്ച് പൊലീസ് മോട്ടോര്‍സൈക്കിളുകള്‍ കത്തിക്കുകയും ഒരു പ്രിസണ്‍ വാന് കേടുവരുത്തുകയും ചെയ്തു. ഇതേതുടര്‍ന്ന് സാഹചര്യം നിയന്ത്രണ വിധേയമാക്കാന്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെ വിന്യസിച്ചു.
രണ്ടായിരത്തോളം വരുന്ന പ്രതിഷേധക്കാര്‍ ബസന്തി ഹൈവേ ബ്ലോക്ക് ചെയ്ത് നാല് മണിക്കൂറോളം ധര്‍ണ്ണ നടത്തിയതിനെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. പ്രതിഷേധക്കാര്‍ പൊലീസിനുനേരെ കല്ലെറിഞ്ഞു.
ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് നേതാവും എംഎല്‍എയുമായ നൗഷാദ് സിദ്ദിഖി കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍വേണ്ടി പ്രതിഷേധക്കാര്‍ ബസന്തി ഹൈവേയിലൂടെ യാത്ര ചെയ്യുന്നത് പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
അതേസമയം, മൂന്ന് പേര്‍ കൊല്ലപ്പെട്ട വഖഫ് നിയമത്തിനെതിരായ പ്രതിഷേധം നടന്ന മൂര്‍ഷിദാബാദില്‍ അറസ്റ്റിലായവരുടെ എണ്ണം 200 കടന്നു.