Representational image: PTI
പാർലമെന്റിൽ ഇന്നും പ്രതിഷേധം; ഇരുസഭകളും നിർത്തിവെച്ചു
പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഇന്നും ലോക്‌സഭയും രാജ്യസഭയും നിർത്തി വെച്ചു. ലോക്‌സഭയിൽ നിന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ സ്പീക്കർക്കു നേരെ കടലാസ് കീറിയെറിഞ്ഞു. തുടർന്ന് സഭ ഒരു മിനിറ്റിനുള്ളിൽ അവസാനിപ്പിച്ചു. കറുത്ത വസ്ത്രം ധരിച്ചു കൊണ്ടാണ് പ്രതിപക്ഷം ഇന്നും സഭയിലെത്തിയത്.
അതേ സമയം മോദി പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണം എന്നാവശ്യപ്പെട്ട് ബിജെപി എംപിമാർ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. സഭ തടസ്സപ്പടുത്തുന്നതിന്റെ പൂർണ ഉത്തരവാദിത്വം പ്രതിപക്ഷത്തിനാണെന്നും ജനങ്ങൾക്കു മുൻപിൽ അത് തുറന്നു കാണിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് രാവിലെ ചേർന്ന ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനിച്ചു. പാർട്ടി വളരുമ്പോൾ ഇത്തരത്തിലുള്ള പ്രതിഷേധങ്ങളും ആക്രമണങ്ങളും ഉണ്ടാവുമെന്നും എംപിമാർ അത് ജനങ്ങളെ അറിയിക്കണമെന്നും മോദി പാർലമെന്ററി പാർട്ടി യോഗത്തിൽ നിർദേശിച്ചു.