.jpg)
പ്രതിഷേധം: മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കറും നാല് ജനപ്രതിനിധികളും
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ നിലപാടിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ഭരണപക്ഷത്തെ ആദിവാസി ജനപ്രതിനിധികള്‍ സര്‍ക്കാര്‍ ഭരണ ആസ്ഥാനമന്ദിരത്തിലെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി. മഹാരാഷ്ട്ര നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറും എന്‍സിപി അജിത് പവാര്‍ പക്ഷ നേതാവുമായ നര്‍ഹരി സിര്‍വാളും, ഭരണകക്ഷിയില്‍ തന്നെ ഉള്‍പ്പെട്ട ഒരു എംപിയും, മൂന്ന് എംഎല്‍എമാരും സര്‍ക്കാര്‍ ഭരണ ആസ്ഥാന മന്ദിരമായ മന്ത്രാലയത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് താഴേക്ക് ചാടിയത്. സംവരണവുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുന്നതിനിടെയാണ് ഇവര്‍ താഴേക്ക് ചാടിയത്. ഉയര്‍ന്ന നിലകളില്‍ നിന്നുള്ള ആത്മഹത്യാ ശ്രമങ്ങള്‍ക്ക് ശേഷം 2018 ഫെബ്രുവരിയില്‍ മന്ത്രാലയം അതിന്റെ പരിസരത്ത് സുരക്ഷാ വല സ്ഥാപിച്ചിരുന്നതിനാല്‍ എല്ലാവരും സുരക്ഷിതരാണ്.
പട്ടികവര്‍ഗ സംവരണ വിഭാഗത്തില്‍ ദംഗര്‍ സമുദായത്തെ ഉള്‍പ്പെടുത്തിയതിനെതിരേ വിവിധ ആദിവാസി വിഭാഗങ്ങള്‍ നിയമസഭാ അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു വരികയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഡെപ്യൂട്ടി സ്പീക്കര്‍ എടുത്ത് ചാടിയത്. ദംഗര്‍ വിഭാഗത്തെ പട്ടികവര്‍ഗ സംവരണത്തില്‍ നിന്ന് മാറ്റണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യമുന്നയിക്കുന്നത്. ഇവര്‍ കെട്ടിടത്തില്‍ നിന്ന് എടുത്ത് ചാടിയതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സുരക്ഷാ വലയത്തിലേക്ക് വീണ മൂന്നുപേര്‍ തിരികെ കെട്ടിടത്തിലേക്ക് കയറുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഡെപ്യൂട്ടി സ്പീക്കറുടെ കൂടെ ബിജെപി എംപി ഹേമന്ദ് സവ്ര, എംഎല്‍എ കിരണ്‍ ലഹാമതെ, കിരാമന്‍ ഖോസ്‌കര്‍, രാജേഷ് പാട്ടീല്‍ എന്നിവരും താഴേക്ക് ചാടിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാ വലയില്‍ നിന്ന് തിരികെ കയറിയ ഇവര്‍ കുത്തിയിരുന്ന് പ്രതിഷേധം തുടര്‍ന്നു. മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാള്‍ ദംഗര്‍ക്ക് ഗോത്ര പദവി നല്‍കുന്നതിനെതിരെ സര്‍ക്കാര്‍ ഭരണ ആസ്ഥാനമായ മന്ത്രാലയത്തിന് പുറത്ത് സെപ്തംബര്‍ 30 മുതല്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം പ്രഖ്യാപിച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദംഗറുകള്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ, ഡെപ്യൂട്ടി സ്പീക്കറും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) ഗോത്ര നേതാവുമായ നര്‍ഹരി സിര്‍വാള്‍ മന്ത്രാലയത്തിന് പുറത്ത് അനിശ്ചിതകാല കുത്തിയിരിപ്പ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് കത്തയച്ചിരുന്നു.
ഭരണസഖ്യത്തിലെ ഏറ്റവും മുതിര്‍ന്ന ആദിവാസി എംഎല്‍എമാരില്‍ ഒരാളായ സിര്‍വാള്‍ നല്‍കിയ കത്തില്‍ രണ്ട് പ്രധാന ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. പെസ (പഞ്ചായത്തുകളുടെ വ്യവസ്ഥകള്‍ ) പ്രകാരം വിജ്ഞാപനം ചെയ്ത പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികളുടെ നിയമന നടപടികള്‍ എത്രയും വേഗം ആരംഭിക്കണം, ദംഗര്‍ വിഭാഗത്തെ പട്ടികവര്‍ഗ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഭരണഘടനാ വിരുദ്ധമായ ഒരു തീരുമാനവും സര്‍ക്കാര്‍ എടുക്കരുതെന്നും, ദംഗര്‍ സംവരണം സംബന്ധിച്ച ടിഐഎസ്എസ് (ടിസ്) റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നാണ് കത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍.