
ലോസ് ആഞ്ചലസില്‍ പ്രതിഷേധം തുടരുന്നു; 700 മറൈന്‍ സൈനികരെ വിന്യസിച്ച് ട്രംപ്
കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താനുള്ള ട്രംപിന്റെ നടപടിക്കെതിരെ ലോസ് ആഞ്ചലസില്‍ പ്രതിഷേധം തുടരുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ ട്രംപ് ഭരണകൂടം 700 മറൈന്‍ സൈനികരെ വിന്യസിച്ചു. നിലവില്‍ വിന്യസിച്ചിരിക്കുന്ന നാഷണല്‍ ഗാര്‍ഡിനെ സഹായിക്കുന്നതിന് വേണ്ടിയാണ് മറൈന്‍ സൈനികരെ അയച്ചിരിക്കുന്നത്. സംഘര്‍ഷം തുടര്‍ന്നാല്‍ ഇവരുടെ എണ്ണം 2,000 ആയി ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനുള്ള ഫെഡറല്‍ ഏജന്‍സികളുടെ നീക്കത്തിനെതിരെയാണ് ലോസ് ആഞ്ചലസില്‍ പ്രതിഷേധം ശക്തമാകുന്നത്. ശനിയാഴ്ച ലോസ് ആഞ്ചലസിലെ പാരമൗണ്ടില്‍ സംഘടിപ്പിച്ച കുടിയേറ്റക്കാരുടെ പ്രതിഷേധമായിരുന്നു സംഘര്‍ഷത്തിലേക്കെത്തിയത്.
സമരങ്ങളെ നിയന്ത്രിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാഷണല്‍ ഗാര്‍ഡിനെ നിയോഗിച്ചിരുന്നു. നാഷണല്‍ ഗാര്‍ഡിനെ ഇറക്കിയ ട്രംപിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനവുമുണ്ടായിരുന്നു. നാഷണല്‍ ഗാര്‍ഡുകളെ ഇറക്കി കലാപം ആളിക്കത്തിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ ശ്രമം എന്നായിരുന്നു കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം പറഞ്ഞത്. ഫെഡറല്‍ സര്‍ക്കാരിന്റെ കീഴില്‍ വരുന്ന നാഷണല്‍ ഗാര്‍ഡിലെ 2,000 പേരെയാണ് പ്രതിഷേധം നേരിടുന്നതിനായി വിന്യസിച്ചിട്ടുള്ളത്.


