
പി എസ് സി ശമ്പള വര്‍ദ്ധനവ്: മുന്‍കാല പ്രാബല്യം നല്‍കേണ്ടതില്ലെന്ന് തീരുമാനം
സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്റെ ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരുടെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മാറ്റി. 2016 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. അത് വന്‍സാമ്പത്തിക ബാധ്യതയുണ്ടാക്കും എന്ന് കണ്ടാണ് തീരുമാനം പിന്‍വലിച്ചത്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനം മുന്‍കാല പ്രാബല്യത്തോടെ ശമ്പളം നല്‍കിയാല്‍ 35 കോടി രൂപയുടെ ബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടാകുക. അതിനാല്‍ വര്‍ധനവ് 2025 ജനുവരി മുതല്‍ മതിയെന്ന് തീരുമാനിച്ചു.
ചെയര്‍മാന്റെ ശമ്പളം നിലവില്‍ അലവന്‍സുകള്‍ അടക്കം 2.6 ലക്ഷം രൂപയാണ്. ഇത് നാല് ലക്ഷം രൂപയില്‍ അധികം ആയി വര്‍ദ്ധിക്കും. അംഗങ്ങളുടെ ശമ്പളവും നാല് ലക്ഷം രൂപയോളമാകുന്നുണ്ട്. നിലവില്‍ അലവന്‍സുകള്‍ അടക്കം 2.23 ലക്ഷം രൂപയാണ്.
അതേസമയം, പി എസ് സി ചെയര്‍മാന്റേയും അംഗങ്ങളുടേയും ശമ്പളം വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. 'എന്താണ് ഈ സര്‍ക്കാരിന്റെ മുന്‍ഗണന? ഇന്നലെ പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും എത്ര ലക്ഷം രൂപയുടെ വര്‍ധനവാണ് നല്‍കിയത്. അതാണോ സര്‍ക്കാരിന്റെ മുന്‍ഗണന,' എന്ന് സതീശന്‍ ചോദിച്ചു.
7,000 രൂപയുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്നും കുടിശിക നല്‍കണമെന്നും ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരെ പരിഹസിച്ച മന്ത്രിമാരുള്ള മന്ത്രിസഭയാണ് പി.എസ്.എസി ചെയര്‍മാനും അംഗങ്ങള്‍ക്കും ലക്ഷക്കണക്കിന് രൂപയുടെ വര്‍ധന നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.
'സ്വന്തം പാര്‍ട്ടിക്കാര്‍ക്കാണ് ശമ്പള വര്‍ധനവ് നല്‍കിയത്. എത്ര കോടി രൂപയാണ് ചെലവഴിച്ചത്. പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ ആനുകൂല്യങ്ങളും വെട്ടിക്കുറച്ചവരാണ് ഇങ്ങനെ ചെയ്തത്. ഇപ്പോഴും മൂന്നു മാസത്തെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കാനുണ്ട്. കാരുണ്യ പദ്ധതിക്ക് കോടികളാണ് നല്‍കാനുള്ളത്. മാവേലി സ്റ്റോറുകളില്‍ അവശ്യസാധനങ്ങള്‍ വാങ്ങാനുള്ള പണം പോലും നല്‍കുന്നില്ല. എന്നിട്ടാണ് പി.എസ്.സി അംഗങ്ങളുടെ ശമ്പളം വര്‍ധിപ്പിച്ചത്. സ്വന്തക്കാര്‍ക്ക് വേണ്ടി ഞങ്ങള്‍ എന്തു ചെയ്യുമെന്ന് പറയുന്ന സര്‍ക്കാര്‍ ജനങ്ങളെ പരിഹസിക്കുകയും വെല്ലുവിളിക്കുകയുമാണ്. ഈ വേതന വര്‍ധന പിന്‍വലിക്കണം. സമരം ചെയ്യുന്ന പാവങ്ങളെ അപമാനിക്കുന്നതൊക്കെ ജനങ്ങള്‍ കാണുന്നുണ്ട്,' സതീശന്‍ പറഞ്ഞു.