TMJ
searchnav-menu
post-thumbnail

കിലിയന്‍ എംബാപ്പേ | PHOTO: TWITTER

TMJ Daily

എംബാപ്പേയെ വില്‍ക്കാനൊരുങ്ങി പി.എസ്.ജി

22 Jul 2023   |   2 min Read
TMJ News Desk

ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പേയെ വില്‍ക്കാനൊരുങ്ങി പി.എസ്.ജി. ഇനി വരാന്‍ പോകുന്ന മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡില്‍ എംബാപ്പേയെ ഉള്‍പ്പെടുത്താത്തതോടെയാണ് താരം ടീം വിട്ടേക്കുമെന്ന വാര്‍ത്തകള്‍ വന്നു തുടങ്ങിയത്. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിലേക്കാകും എംബാപ്പേ എത്തുക. 2024 വരെ ക്ലബ്ബുമായി കരാറിലുള്ള താരം അടുത്ത വര്‍ഷം ഫ്രീ ഏജന്റായി റയലില്‍ പോകാനുള്ള സാധ്യത പി.എസ്.ജി മുന്നില്‍ കണ്ടതോടെയാണ് താരത്തെ എത്രയും പെട്ടെന്ന് വില്‍ക്കാനുള്ള നടപടികള്‍ക്ക് ബോര്‍ഡ് തുടക്കം കുറിച്ചത്. കഴിഞ്ഞ വര്‍ഷവും എംബാപ്പേ പി.എസ്.ജി വിട്ടേക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ക്ലബ്ബ്, വന്‍ സാലറി വാഗ്ദാനം ചെയ്തതോടുകൂടി എംബാപ്പേ ടീം വിടാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഈ കഴിഞ്ഞ ജൂലൈ പതിനഞ്ചിനുള്ളില്‍ എംബാപ്പേയോട് ടീമില്‍ തുടരുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താരം ഇതിനോട് ഇതുവരെ പ്രതികരിക്കാത്തതോടെയാണ് ക്ലബ്ബ് മാനേജ്മെന്റ് സ്ട്രൈക്കറെ ഇനി വരാന്‍ പോകുന്ന മത്സരങ്ങളുടെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയത്.

മൊണാക്കോയില്‍ നിന്ന് പി.എസ്.ജിയിലേക്ക്...

ഇതുവരെ ഫ്രഞ്ച് ക്ലബ്ബുകള്‍ക്ക് വേണ്ടി മാത്രം ബൂട്ട് കെട്ടിയ എംബാപ്പേ തന്റെ യൂത്ത് കരിയര്‍ ആരംഭിച്ചത് എ.എസ് ബോണ്ടിയില്‍ നിന്നുമാണ്. അവിടെ നിന്ന് 2013 ല്‍ എ.എസ് മൊണാക്കോയില്‍ എത്തിയ താരം ക്ലബ്ബിന്റെ വിവിധ യൂത്ത് ടീമുകളുടെ ഭാഗമായി പന്ത് തട്ടി. 2015 ലാണ് എംബാപ്പേ മൊണാക്കോയ്ക്ക് വേണ്ടി തന്റെ സീനിയര്‍ ടീമിനായുള്ള അരങ്ങേറ്റം കുറിക്കുന്നത്. മൊണാക്കോയില്‍ നിന്ന് മികച്ച പ്രകടനം കാഴ്ചവച്ച എംബാപ്പേയെ 2017 ല്‍ പി.എസ്.ജി ലോണില്‍ ടീമിലേക്കെത്തിക്കുകയും 2018 ല്‍ സൈന്‍ ചെയ്യുകയും ചെയ്തു. മൊണാക്കോയിലെ പ്രകടനം പി.എസ്.ജിയിലും തുടര്‍ന്ന എംബാപ്പേ ക്ലബ്ബിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം കൂടിയാണ്. പി.എസ്.ജി ക്കായി ലീഗ് കിരീടങ്ങള്‍ എംബാപ്പേയ്ക്ക് നേടാനായെങ്കിലും ഇതുവരെ ചാമ്പ്യന്‍സ് ലീഗ് കിരീടം വിജയിക്കാനായിട്ടില്ല. 2020 ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിയെങ്കിലും മികച്ച ഫോമില്‍ നില്‍ക്കുന്ന ബയേണ്‍ മ്യൂണിക്കിനോട് തോല്‍ക്കുകയായിരുന്നു. 

എംബാപ്പേയുടെ സാന്റിയാഗോ ബെര്‍ണ്ണാബ്യൂ മോഹം

തന്റെ ചെറുപ്പകാലം മുതല്‍ തന്നെ കിലിയന്‍ എംബാപ്പേ റയല്‍ മാഡ്രിഡ് ആരാധകനാണെന്നുള്ള കാര്യം ലോകത്തിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് അറിവുള്ള കാര്യമാണ്. റയലിന്റെ ജേഴ്സി അണിയണമെന്നാണ് എംബാപ്പേയുടെ ആഗ്രഹങ്ങളില്‍ ഒന്ന്. റയലിന്റെ മാത്രമല്ല അവരുടെ ലജന്റുകളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആരാധകന്‍ കൂടിയാണ് എംബാപ്പേ. ലോകത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന കളിക്കാരില്‍ ഏറ്റവും മികച്ചു നില്‍ക്കുന്ന എംബാപ്പേയെ സ്വന്തമാക്കാന്‍ റയലിനും മോഹമുണ്ട്. എന്നാല്‍ പി.എസ്.ജി യുടെ കരാറായിരുന്നു ഇതുവരെ ഈ ഡീല്‍ നടക്കാതെ പോകാന്‍ കാരണമായത്. ഇപ്പോള്‍ പി.എസ്.ജിയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള ഒരു നീക്കം ഉണ്ടായതോടെ എംബാപ്പേ റയല്‍ മാഡ്രിഡില്‍ എത്തിയേക്കും എന്നുള്ള കാര്യം ഏകദേശം ഉറപ്പിക്കാം.


#Daily
Leave a comment