REPRESENTATIONAL IMAGE: PTI
പാകിസ്ഥാനില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി പി.ടി.ഐ സ്വതന്ത്രര്‍
പാകിസ്ഥാനിലെ പൊതുതിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഇമ്രാന്‍ ഖാന്‍ നയിക്കുന്ന പി.ടി.ഐ യുടെ സ്വതന്ത്രര്‍. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അനുസരിച്ച് പാകിസ്ഥാനില്‍ തൂക്കുസഭയ്ക്കാണ് സാധ്യത. 97 സീറ്റുകള്‍ പി.ടി.ഐ സ്വതന്ത്രര്‍ നേടിയപ്പോള്‍ നവാസ് ഷെരീഫിന്റെ പി.എം.എല്‍.എന്‍ നേടിയത് 72 സീറ്റുകളാണ്. ബീലാവല്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി 52 സീറ്റിലും വിജയിച്ചു. തിരഞ്ഞെടുപ്പില്‍ ചിഹ്നം നിഷേധിക്കപ്പെട്ടതുകൊണ്ടാണ് പി.ടി.ഐ സ്ഥാനാര്‍ത്ഥികള്‍ സ്വതന്ത്രരായി മത്സരിച്ചത്.
സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടത് 133 സീറ്റ്
പാകിസ്ഥാനിലെ 336 പാര്‍ലമെന്റ് സീറ്റുകളില്‍ 266 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 266 ല്‍ 133 സീറ്റുകള്‍ ലഭിച്ചാല്‍ സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കും. 97 സീറ്റുകള്‍ നേടിയ ഇമ്രാന്‍ പക്ഷത്തിനാണ് ഏറ്റവും കൂടുതല്‍ സീറ്റുകളെങ്കിലും സാങ്കേതികമായി നോക്കിയാല്‍ നവാസ് ഷെരീഫിന്റെ പാര്‍ട്ടിയായ പി.എം.എല്‍.എന്‍ ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.
ഫലപ്രഖ്യാപനം നീണ്ടത് മണിക്കൂറുകള്‍
മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മണിക്കൂറുകള്‍ വൈകിയാണ് 2024 ലെ പൊതുതിരഞ്ഞെടുപ്പിന്റെ ഫലം വന്നത്. ഫലം വൈകിയതോടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു എന്ന ആരോപണവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തുകയും ചെയ്തു. പലയിടത്തും പൊലീസും പി.ടി.ഐ അനുയായികളും ഏറ്റുമുട്ടുകയും ഖൈബര്‍ പഖ്തൂണ്‍ഖ്വ മേഖലയില്‍ പൊലീസ് വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.