
പുതുച്ചേരി ത്രിഭാഷ നയം നടപ്പിലാക്കും: ആഭ്യന്തര മന്ത്രി
കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയില്‍ ത്രിഭാഷ പഠന പദ്ധതി നടപ്പിലാക്കുമെന്ന് ആഭ്യന്തരമന്ത്രി എ നമശിവായം നിയമസഭയെ അറിയിച്ചു. അതേസമയം, മുഖ്യ പ്രതിപക്ഷ കക്ഷിയായ ഡിഎംകെയും സഖ്യകക്ഷി കോണ്‍ഗ്രസും സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
എഐഎന്‍ആര്‍സിയും ബിജെപിയും ചേര്‍ന്നുള്ള സഖ്യമാണ് പുതുച്ചേരി ഭരിക്കുന്നത്.
തങ്ങള്‍ ത്രിഭാഷ നയം പിന്തുടരുമെന്നും മൂന്നാമതൊരു ഭാഷ പഠിക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒരെണ്ണം തിരഞ്ഞെടുക്കാമെന്നും മന്ത്രി പറഞ്ഞു. ഹിന്ദി പഠിക്കണമെന്ന് നിര്‍ബന്ധമില്ല. അവര്‍ക്ക് ഏതൊരു പ്രാദേശിക ഭാഷയും പഠിക്കാമെന്നും മന്ത്രി പറഞ്ഞു.
ശ്രദ്ധതിരിച്ചുവിടല്‍ തന്ത്രത്തിന്റെ ഭാഗമായി കോണ്‍ഗ്രസും ഡിഎംകെയും ഭാഷയുടെമേല്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസാണ് ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നതെന്നും തമിഴ്‌നാട്ടില്‍ ഹിന്ദിവിരുദ്ധ പ്രക്ഷോഭം നടന്നത് കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചിരുന്നപ്പോഴാണെന്നും മന്ത്രി പറഞ്ഞു.
ലഫ്റ്റനന്റ് ഗവര്‍ണറുടെ നയപ്രഖ്യാപന സമയത്ത് കോണ്‍ഗ്രസ് എംഎല്‍എയായ വൈദ്യനാഥന്‍ കേന്ദ്രം ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് അംഗം തമിഴ്‌നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെക്കുറിച്ച് ഹൈക്കമാന്‍ഡിനോട് ചോദിക്കണമെന്നും മന്ത്രി പറഞ്ഞു.


