PHOTO: PTI
പുല്‍വാമയില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍: രണ്ടു ഭീകരരെ വധിച്ചു
ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ടു ഭീകരരെ വധിച്ചു. ലഷ്‌കര്‍ ഇ ത്വയ്ബയുടെ മുതിര്‍ന്ന കമാന്‍ഡര്‍ ഉള്‍പ്പെടെയുള്ള രണ്ടുപേരെയാണ് സൈന്യം വധിച്ചത്. പുല്‍വാമ ജില്ലയിലെ ലാരോ-പരിഗാം മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഞായറാഴ്ച ആരംഭിച്ച ഏറ്റുമുട്ടല്‍ ഇന്നും തുടരുകയാണ്. സുരക്ഷാസേനയും പോലീസും സംയുക്തമായി ഏറ്റുമുട്ടലില്‍ പങ്കെടുക്കുന്നതായി ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.
ചെറുത്തുതോല്‍പിച്ച് സൈന്യം
രണ്ടു ദിവസം മുമ്പ് കശ്മീരില്‍ എട്ട് ലക്ഷര്‍ ഇ ത്വയ്ബ ഭീകരര്‍ പിടിയിലായിരുന്നു. ജമ്മു കശ്മീരിലെ ഉറിയില്‍ നിന്നാണ് ഭീകരരെ പിടികൂടിയത്. ജമ്മു കശ്മീര്‍ പോലീസും അതിര്‍ത്തി സുരക്ഷാ സേനയും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ പിടികൂടിയത്. പിടിയിലായ ഭീകരരില്‍ നിന്ന് മാരകായുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയിരുന്നു. ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ ഉറി മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസും സൈന്യവും പ്രദേശത്ത് തിരച്ചില്‍ നടത്തിയത്.
രണ്ടാഴ്ചയ്ക്കു മുമ്പ് രജൗരി ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍മിയുടെ രാഷ്ട്രീയ റൈഫിള്‍സും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായാണ് ഓഗസ്റ്റ് 5 ന് നടന്ന ഓപ്പറേഷന് നേതൃത്വം നല്‍കിയത്. അന്ന് നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
മയക്കുമരുന്ന് കടത്തിനും ശ്രമം
അതിര്‍ത്തി വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമത്തെ സുരക്ഷാസേനയുടെ നേതൃത്വത്തില്‍ തടഞ്ഞു. അതിര്‍ത്തി രക്ഷാസേനയും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ 26 കിലോഗ്രാം ഹെറോയിന്‍ ആണ് പിടികൂടിയത്. അതിര്‍ത്തിവഴി ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു സംഘം ശ്രമിച്ചത്. സംഭവത്തില്‍ രണ്ട് പാകിസ്ഥാന്‍ പൗരന്മാര്‍ അറസ്റ്റിലായി. തിരച്ചിലിനിടെ സുരക്ഷാസേന നടത്തിയ വെടിവയ്പ്പില്‍ മറ്റൊരു പാക് പൗരന് പരുക്കേറ്റു.
സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി കശ്മീരില്‍ ഭീകരാക്രമണം നടത്താന്‍ പാകിസ്ഥാന്‍ ഭീകരസംഘടനകള്‍ പദ്ധതിയിടുന്നതായി മുന്നറിയിപ്പ് ലഭിച്ചിരുന്നു. ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും സുരക്ഷ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.