വി ഡി സതീശൻ | TMJ
പുനര്‍ജനി പദ്ധതി: വിഡി സതീശനെതിരെ ഇഡി അന്വേഷണം
പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലന്‍സിന് പിന്നാലെ ഇഡി അന്വേഷണം. വിജിലന്‍സിന്റെ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇഡിയുടെ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. വിദേശ സംഭാവനാ നിയന്ത്രണം നിയമലംഘനം നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കും. അന്വേഷണത്തിന് ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാറിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയ്ക്കു പിന്നാലെയാണ് ഇഡിയും വിവരശേഖരണം ആരംഭിച്ചത്. ജില്ലാ ഭരണകൂടത്തിന്റെയും മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ അറിവോടെയുമാണോ പദ്ധതി നടപ്പാക്കിയതെന്നും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.
അന്വേഷണം അഴിമതി ആരോപണത്തില്‍
2018 ലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പറവൂര്‍ മണ്ഡലത്തില്‍ വിഡി സതീശന്‍ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു പുനര്‍ജനി. പ്രളയത്തെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടുവച്ച് നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളായിരുന്നു വിഭാവനം ചെയ്തിരുന്നത്. ഇതിനായി വിദേശത്ത് നിന്നടക്കം പണം കൈപ്പറ്റി എന്നുള്ള ആരോപണങ്ങളും ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് വിജിലന്‍സ് രഹസ്യാന്വേഷണം നടത്തിയത്. ഇതിന്റെ തുടര്‍ച്ചയായി സര്‍ക്കാര്‍ അനുമതിയോടെ അന്വേഷണങ്ങളിലേക്ക് കടക്കുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് ഇഡിയും ഇതുമായി ബന്ധപ്പെട്ട പ്രാഥമിക പരിശോധന ആരംഭിച്ചത്. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ കേസെടുത്ത് തുടര്‍നടപടികളിലേക്ക് കടക്കാനാണ് ഇഡിയുടെ നീക്കം.
പരാതിക്കാരുടെയും സംഭവവുമായി ബന്ധപ്പെട്ടവരുടെയും മൊഴി വിജിലന്‍സ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. പദ്ധതിക്കായി വിദേശത്തെ ഏത് സംഘടനയില്‍ നിന്നാണ് പണം വാങ്ങിയത്, ഈ പണം ഏതു വിധത്തിലാണ് കേരളത്തിലേക്ക് എത്തിച്ചത്, നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നോ, സര്‍ക്കാരിന്റെ അനുമതി വാങ്ങിയിരുന്നോ, പണപ്പിരിവിനായി വിഡി സതീശന്‍ വിദേശയാത്ര നടത്തിയിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വരും. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശത്തു നിന്നും പദ്ധതിക്കുവേണ്ടി പണം പിരിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ചാലക്കുടി കാതിക്കുടം ആക്ഷന്‍ കൗണ്‍സിലാണ് വിഡി സതീശനെതിരെ പരാതി നല്‍കിയത്.
സുധാകരനു പിന്നാലെ സതീശനും
മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആസ്തിയും വരുമാനവും കണ്ടെത്താനാണ് വിജിലന്‍സിന്റെ തീരുമാനം. ലോക്‌സഭാ സെക്രട്ടറി ജനറലിന് കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പി കത്ത് നല്‍കിയിരിക്കുകയാണ്. എംപി എന്ന നിലയില്‍ സുധാകരന്റെ വരുമാനങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാനാണ് നിര്‍ദേശം. സുധാകരന്റെ കഴിഞ്ഞ 15 വര്‍ഷത്തെ വരുമാനവും, സ്വത്ത് സമ്പാദനവുമാണ് അന്വേഷിക്കുന്നതെന്നും 2021 ല്‍ ആരംഭിച്ച അന്വേഷണമാണിതെന്നും വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു. കെ സുധാകരനെതിരെ ക്രൈംബ്രാഞ്ച് അറസ്റ്റു രേഖപ്പെടുത്തിയതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവിനെതിരെയും അന്വേഷണ സംഘങ്ങള്‍ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
ഒരുവര്‍ഷം മുമ്പ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പ്രാഥമിക പരിശോധനയ്ക്കുശേഷം നടപടിയെടുക്കാന്‍ അനുമതി തേടി വിജിലന്‍സ്, സ്പീക്കര്‍ ഷംസീറിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ നിയമസഭാംഗത്തിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ തന്റെ അനുമതി വേണ്ടെന്നായിരുന്നു സ്പീക്കര്‍ സര്‍ക്കാരിനെ അറിയിച്ചത്.