
ഹെറോയ്ന്‍ കടത്തും വില്‍പനയും; മൂന്ന് സൈനികരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു
ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ജോലി ചെയ്യുന്ന മൂന്ന് സൈനികരെ ഹെറോയ്ന്‍ കടത്തുകയും വില്‍ക്കുകയും ചെയ്തതിന് പഞ്ചാബിലെ ലുധിയാന റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്താനില്‍ നിന്നും കള്ളക്കടത്തായി എത്തുന്ന ഹെറോയ്ന്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്തുനിന്നും വാങ്ങി പഞ്ചാബില്‍ വില്‍ക്കുന്നവരാണ് ഇവര്‍.
ലുധിയാനയിലെ ഭാനൗര്‍ ഗ്രാമത്തിലെ വിക്രംജിത്ത് സിങ്, ഹോഷിയാര്‍പൂര്‍ ജില്ലയിലെ ചിങ്കാര്‍ കാലന്‍ ഗ്രാമത്തിലെ ജസ്വീന്തര്‍ സിങ് ജാസി, ഫരീദ്‌കോട്ട് ജില്ലയിലെ ജയ്ട്ടണില്‍നിന്നുള്ള ബല്‍ജീന്ദര്‍ സിങ് ബല്ലി എന്നിവരാണ് അറസ്റ്റിലായത്.
രണ്ട് ദിവസം മുമ്പ് വിക്രംജിത്തിനെ ലുധിയാനയിലെ പമാല്‍ ഗ്രാമത്തിലെ ചെക്ക്‌പോയിന്റില്‍ വച്ചാണ് പിടികൂടിയത്. അറസ്റ്റിലാകുമ്പോള്‍ ഇയാളുടെ പക്കല്‍ 255 ഗ്രാം ഹെറോയ്ന്‍ ഉണ്ടായിരുന്നു. താന്‍ ശ്രീനഗറില്‍ സിപോയ് ആയി ജോലി ചെയ്യുന്നുവെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വിക്രംജിത്ത് വെളിപ്പെടുത്തി.
വിക്രംജിത്ത് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലുധിയാനയില്‍നിന്നുള്ള പൊലീസ് സംഘം ജമ്മുകശ്മീരില്‍ എത്തുകയും ശ്രീനഗറില്‍നിന്നും ജാസ്സിയേയും ബള്ളിയേയും അറസ്റ്റു ചെയ്തു.
ഒരു വര്‍ഷം മുമ്പ് ശ്രീനഗറിലേക്ക് സ്ഥലം മാറ്റപ്പെട്ട വിക്രംജിത്ത് പതിവായി അവധിയെടുത്ത് നാട്ടിലെത്താറുണ്ടായിരുന്നു. കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്ന് പൊലീസ് പറഞ്ഞു.


