
ചാണ്ടി ഉമ്മനും ജെയ്ക്കും നേര്‍ക്കുനേര്‍
ജെയ്ക്ക് സി തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് എംവി ഗോവിന്ദന്‍. ഉപതിരഞ്ഞെടുപ്പിനെ രാഷ്ട്രീയപരമായി അഭിമുഖീകരിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രീയ പോരാട്ടം തന്നെയാണ് ഉദ്ദേശിക്കുന്നത് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
ജനങ്ങള്‍ പ്രബുദ്ധതയോടെ നേരിടും
മണ്ഡലത്തിലെ വികസനവും വര്‍ത്തമാനകാല രാഷ്ട്രീയ സമവാക്യങ്ങളും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകണം. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ മുഖ്യ വിഷയമായി വരണം. അത് തന്നെയാണ് ഇടതുമുന്നണി ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ യുഡിഎഫ് ശ്രമിക്കുന്നത് വൈകാരികതയുടെ മറവില്‍ രാഷ്ട്രീയ ലാഭം നേടിയെടുക്കാന്‍ കഴിയുമോ എന്നാണ്. പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ വൈകാരികതയ്ക്ക് അപ്പുറമുള്ള പ്രബുദ്ധതയോടെ തിരഞ്ഞെടുപ്പിനെ നേരിടും എന്ന് സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തിന് ശേഷം ജെയ്ക്ക് മാധ്യമങ്ങളോട് പറഞ്ഞു.
ചാണ്ടി ഉമ്മനോ ജെയ്ക്കോ
2016 ല്‍ നിയമസഭയിലേക്കുള്ള ജെയ്ക്കിന്റെ കന്നിമത്സരം പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയായിരുന്നു. 1970 മുതല്‍ 2021 വരെ തുടര്‍ച്ചയായി 12 തവണ ഉമ്മന്‍ ചാണ്ടി നിയമസഭാംഗമായ മണ്ഡലമാണ് പുതുപ്പള്ളി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനെ 27,092 വോട്ടുകള്‍ക്കാണ് ഉമ്മന്‍ ചാണ്ടി പരാജയപ്പെടുത്തിയത്. 2021 ലും ജെയ്ക് തന്നെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ എതിരാളി. അന്ന് 9,044 വോട്ടുകള്‍ക്കാണ് ഉമ്മന്‍ ചാണ്ടി വിജയം നേടിയത്. 53 വര്‍ഷം പുതുപ്പള്ളിയുടെ മുഖമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ പുതിയ അവകാശി ആരാകുമെന്ന പോരാട്ടം കൂടിയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ്. മൂന്നാമതും പുതുപ്പള്ളിയില്‍ മത്സരിക്കാന്‍ ജെയ്ക്ക് എത്തുമ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി ഉമ്മന്‍ ചാണ്ടിയല്ല മകന്‍ ചാണ്ടി ഉമ്മനാണ്.
മത്സരിച്ച രണ്ടുതവണയും വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും ശക്തമായ പോരാട്ടമാണ് ജെയ്ക്ക് പുതുപ്പള്ളിയില്‍ കാഴ്ച്ചവെച്ചത്. മണര്‍കാട് ചിറയില്‍ സ്വദേശിയാണ് ജെയ്ക്ക്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചിച്ച ജെയ്ക്ക് 2016 ല്‍ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞടുക്കപ്പെട്ടു. പ്രസിഡന്റായി തിരഞ്ഞെടുത്ത് ഒരുമാസത്തിന് ശേഷമാണ് പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥിയായി ജെയ്ക്കിനെ പ്രഖ്യാപിക്കുന്നത്. 2021 ല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 9,044 ആയി കുറക്കാന്‍ ജെയ്ക്കിന് സാധിച്ചിട്ടുണ്ട്. ഇത് വലിയ പ്രതീക്ഷയാണ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഉണ്ടാക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടന്‍ തന്നെ കോണ്‍ഗ്രസ്സ് ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തിനു ശേഷം അദ്ദേഹം പുതുപ്പള്ളിയില്‍ പ്രചരണ രംഗത്തുണ്ട്. ജനങ്ങളില്‍ വിശ്വാസമുണ്ട് താന്‍ സഹതാപ തരംഗത്തില്‍ സ്ഥാനാര്‍ത്ഥിയായ ആളല്ല 23 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാകും സ്ഥാനാര്‍ത്ഥി എന്ന സൂചന ആദ്യം മുതലേ പുറത്തുവന്നിരുന്നു.