ചാണ്ടി ഉമ്മന്‍ | PHOTO: FACEBOOK
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; കളത്തിലിറങ്ങി ചാണ്ടി ഉമ്മന്‍
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് പുതുപ്പള്ളിയിലേക്കാണ്. കോണ്‍ഗ്രസ് ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കളത്തിലേക്കിറങ്ങിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 5 നും വോട്ടെണ്ണല്‍ സെപ്റ്റംബര്‍ 8 നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാല്‍ സെപ്റ്റംബര്‍ 8 ന് മണ്ണാര്‍ക്കാട് പള്ളിയില്‍ പെരുന്നാള്‍ നടക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് അയര്‍ക്കുന്നം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടര്‍ക്കും അപേക്ഷ നല്‍കിയിരിക്കുകയാണ്.
ആഗസ്റ്റ് 10 ന് തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. 17-ാം തീയതിവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ആഗസ്റ്റ് 21-ാം തീയതിയാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കോട്ടയം ജില്ലയില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. പുതുപ്പള്ളി ഉള്‍പ്പെടെ ഏഴു നിയോജക മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ജാര്‍ഖണ്ഡിലെ ധുമ്രി, ത്രിപുരയിലെ ബോക്സാനഗര്‍, ധന്‍പുര്‍, ബംഗാളിലെ ധുപ്ഗുരി, ഉത്തര്‍പ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ എന്നിവിടങ്ങളിലാണ് സെപ്തംബര്‍ 5 ന് ഉപതിരഞ്ഞെടുപ്പ് നടക്കുക.
സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
ഉപതിരഞ്ഞെടുപ്പില്‍ ആരു സ്ഥാനാര്‍ത്ഥിയാകും എന്ന ചര്‍ച്ചകള്‍ക്കു വിരാമമിട്ട് ഇന്നലെ കോണ്‍ഗ്രസ് ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാകും സ്ഥാനാര്‍ത്ഥിയെന്ന സൂചനകള്‍ ആദ്യം മുതലെ കോണ്‍ഗ്രസില്‍ നിന്നും പുറത്തുവന്നിരുന്നു. ബുധനാഴ്ച മുതല്‍ പ്രചരണ രംഗത്തിറങ്ങിയിരിക്കുകയാണ് ചാണ്ടി ഉമ്മന്‍. താന്‍ സഹതാപ തരംഗത്തില്‍ വന്ന സ്ഥാനാര്‍ത്ഥിയല്ലെന്നും കഴിഞ്ഞ 23 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയാണ്, പുതുപ്പള്ളിയിലെ ജനങ്ങളില്‍ വിശ്വാസമുണ്ട് എന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
ഇടതുമുന്നണിയും ബിജെപിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ആഗസ്റ്റ് 12 ന് തൃശ്ശൂരില്‍ ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക. കോട്ടയം ജില്ലയിലെ ബിജെപി മേഖലാ പ്രസിഡന്റ് എന്‍ ഹരി, കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. അനില്‍ ആന്റണിയുടെ പേരും ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്.
പുതിയ അവകാശിയെ തേടി
1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്നു തുടര്‍ച്ചയായി 12 തവണ വിജയിച്ച് ഉമ്മന്‍ ചാണ്ടി നിയമസഭാംഗമായ മണ്ഡലമാണ് പുതുപ്പള്ളി. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി ജെയ്ക് പി തോമസിനെ 9,044 വോട്ടുകള്‍ക്കാണ് ഉമ്മന്‍ ചാണ്ടി പരാജയപ്പെടുത്തിയത്. 2016 ലും ജെയ്ക് തന്നെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ എതിരാളി. അന്ന് 27,092 വോട്ടുകള്‍ക്കാണ് ഉമ്മന്‍ ചാണ്ടി വിജയം നേടിയത്. 53 വര്‍ഷം പുതുപ്പള്ളിയുടെ മുഖമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ പുതിയ അവകാശി ആരാകുമെന്ന പോരാട്ടം കൂടിയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ്.