TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

പോളിങ് കുറഞ്ഞ് പുതുപ്പള്ളി; മുന്നണികള്‍ ആശങ്കയില്‍

06 Sep 2023   |   2 min Read
TMJ News Desk

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ 72.91 ശതമാനം പോളിങ്. 2021 നേക്കാള്‍ പോളിങ് ശതമാനത്തില്‍ കുറവ് വന്നതോടെ ആശങ്കയിലാണ് മുന്നണികള്‍. ഒരു മാസക്കാലം മണ്ഡലത്തില്‍ പ്രചാരണം ശക്തമാക്കിയിട്ടും പ്രതീക്ഷിച്ച രീതിയില്‍ വോട്ടിങ് ശതമാനം ഉയര്‍ത്താന്‍ കഴിഞ്ഞില്ല. 1,76,412 വോട്ടര്‍മാരില്‍ 1,28,624 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.

86,131 പുരുഷ വോട്ടര്‍മാരില്‍ 64,084 പേരും 90,277 സ്ത്രീകളില്‍ 64,538 പേരും നാലു ട്രാന്‍സ്‌ജെന്‍ഡര്‍മാരില്‍ രണ്ടുപേരും വോട്ട് രേഖപ്പെടുത്തി. 2491 വയോധികരുടെ വോട്ടുകള്‍ നേരത്തെ തന്നെ വീട്ടിലെത്തി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നു. വോട്ടെണ്ണല്‍ നടക്കുന്ന വെള്ളിയാഴ്ച വരെ ഇടത്-വലത് മുന്നണികള്‍ക്ക് ചങ്കിടിപ്പിന്റെ ദിവസങ്ങളാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 74.84 ശതമാനമായിരുന്നു പോളിങ്. 2011 ല്‍ 74.44 ശതമാനവും 2016 ല്‍ 77.40 ശതമാനവുമായിരുന്നു. സംസ്ഥാന-ദേശീയ നേതാക്കള്‍ ദിവസങ്ങളോളം തമ്പടിച്ചാണ് പുതുപ്പള്ളിയില്‍ പ്രചാരണം നടത്തിയത്. 

മണ്ഡലത്തിലെ 182 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. വോട്ടിങ് യന്ത്രത്തിന്റെ തകരാറുമൂലം ചില ബൂത്തുകളില്‍ വോട്ടിങ് വൈകിയാണ് ആരംഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് മണര്‍കാട് ഗവ. എല്‍പി സ്‌കൂളിലെ 72-ാം നമ്പര്‍ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലെ 126-ാം നമ്പര്‍ ബൂത്തിലാണ് സമ്മതിദാനം വിനിയോഗിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയായതിനാല്‍ പുതുപ്പള്ളിയില്‍ വോട്ടില്ലായിരുന്നു. മന്ത്രി വിഎന്‍ വാസവന്‍ പാമ്പാടി എംജിഎം ഹയര്‍ സെക്കന്ററി സ്‌കൂളിലുമാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു വരെയായിരുന്നു വോട്ടെടുപ്പ്. എന്നാല്‍ ആളുകളുടെ തിരക്ക് മൂലം ചില ബൂത്തില്‍ 6.50 വരെ വോട്ടിങ് നീണ്ടു. മുഴുവന്‍ ബൂത്തുകളിലും വിവി പാറ്റും വെബ്കാസ്റ്റിംഗും സജ്ജമാക്കിയിരുന്നു. 

ആത്മവിശ്വാസം കൈവിടാതെ 

പോളിങ് ശതമാനം കുറഞ്ഞെങ്കിലും തിരിച്ചടി അല്ല എന്ന നിലപാടിലാണ് യുഡിഎഫ്. എന്നാല്‍ ശതമാനം കുറഞ്ഞത് എല്‍ഡിഎഫിന്റെ ആത്മവിശ്വാസം ഉയര്‍ത്തി. ചില ബൂത്തുകളില്‍ വോട്ടിങ് വൈകിയത് അസാധാരണമാണെന്ന് ചാണ്ടി ഉമ്മന്‍ ആരോപിച്ചു. എന്നാല്‍ പോളിങ് മന്ദഗതിയില്‍ ആയിരുന്നു എങ്കിലും അത് മനഃപൂര്‍വമാണെന്ന് കരുതുന്നില്ലെന്ന് ജെയ്ക് സി തോമസ് പറഞ്ഞു. ഇരു പാളയങ്ങളിലും വോട്ട് ചോര്‍ച്ചയുണ്ടാക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് എന്‍ഡിഎ. വോട്ടിങിലെ മൂന്നു ശതമാനം കുറവ് ആരെ തുണയ്ക്കും ആരെ തഴയും എന്നറിയാന്‍ എട്ടാം തീയതി വരെ കാത്തിരിക്കണം. 

വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതല്‍ കോട്ടയം ബസേലിയോസ് കോളേജിലാണ് വോട്ടെണ്ണല്‍. ആകെ 20 ടേബിളുകളില്‍ കൗണ്ടിങ് നടക്കും. 14 ടേബിളുകളില്‍ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് ടേബിളുകളില്‍ തപാല്‍ വോട്ടുകളും എണ്ണും. വോട്ടെണ്ണലിനായി 74 ഉദ്യോഗസ്ഥരാകും ഉണ്ടാവുക. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍.

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് 

രാഷ്ട്രീയ കേരളം ആകാംക്ഷയോടെയാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പിനെ വീക്ഷിക്കുന്നത്. 53 വര്‍ഷമായി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ മാത്രം വിധിയെഴുതിയ മണ്ഡലമാണ് പുതുപ്പള്ളി. ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെയാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ എന്നിവരടക്കം ഏഴ് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 

1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്നു തുടര്‍ച്ചയായി 12 തവണ വിജയിച്ച് ഉമ്മന്‍ ചാണ്ടി നിയമസഭാംഗമായ മണ്ഡലമാണ് പുതുപ്പള്ളി. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനെ 9,044 വോട്ടുകള്‍ക്കാണ് ഉമ്മന്‍ ചാണ്ടി പരാജയപ്പെടുത്തിയത്. 2016 ലും ജെയ്ക് തന്നെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ എതിരാളി. അന്ന് 27,092 വോട്ടുകള്‍ക്കാണ് ഉമ്മന്‍ ചാണ്ടി വിജയം നേടിയത്. 53 വര്‍ഷം പുതുപ്പള്ളിയുടെ മുഖമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ പുതിയ അവകാശി ആരാകുമെന്ന പോരാട്ടം കൂടിയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ്. രാഷ്ട്രീയ ആരോപണങ്ങളാല്‍ ഉമ്മന്‍ ചാണ്ടി ഏറെ വിമര്‍ശനം നേരിട്ട 2016 ലും 2021 ലും ഉയര്‍ന്ന പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. രണ്ടു തിരഞ്ഞെടുപ്പുകളിലും 75 ശതമാനത്തിനു മുകളിലായിരുന്നു പോളിങ്.

കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 9,044 ലേക്ക് കുറയ്ക്കാന്‍ സാധിച്ചത് ഇടതുമുന്നണിയില്‍ വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ഉമ്മന്‍ ചാണ്ടിക്കുള്ള ജനപിന്തുണ മകന്‍ ചാണ്ടി ഉമ്മനും ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. എന്നാല്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും വിമര്‍ശിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ എടുത്തുകാണിച്ചാണ് പുതുപ്പള്ളിയില്‍ ബിജെപി വോട്ടുതേടിയത്. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് ഉയര്‍ത്തുകയാണ് ബിജെപിയുടെ ലക്ഷ്യം.


#Daily
Leave a comment