ചാണ്ടി ഉമ്മന്‍ | PHOTO: FACEBOOK
ഒസിക്ക് പകരക്കാരനായി; പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് ചരിത്രവിജയം
രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന് റെക്കോഡ് വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയുടെ ചരിത്രം തിരുത്തിക്കുറിച്ചത്. 53 വര്‍ഷം മണ്ഡലത്തെ കൂടെ കൊണ്ടുനടന്ന ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷമായ 33,255 മറികടന്ന് 37,719 ലേക്ക് ഉയര്‍ത്തി എന്ന പ്രത്യേകതയുമുണ്ട്.
വോട്ടെണ്ണല്‍ ആദ്യം തുടങ്ങിയ അയര്‍ക്കുന്നം പഞ്ചായത്ത് മുതല്‍ അവസാനത്തെ വാകത്താനംവരെ ചാണ്ടി ഉമ്മന്‍ കൃത്യമായ ഭൂരിപക്ഷത്തോടെ മുന്നില്‍ നിന്നു. അകലക്കുന്നം, കൂരോപ്പട, മണര്‍കാട്, വാകത്താനം, പുതുപ്പള്ളി, പാമ്പാടി, മീനടം പഞ്ചായത്തുകള്‍ ചാണ്ടി ഉമ്മന് വലിയ പിന്തുണയാണ് നല്‍കിയത്. ഇതില്‍ മീനടവും അയര്‍ക്കുന്നവും മാത്രമാണ് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍. മറ്റ് ആറിടത്തും എല്‍ഡിഎഫ് ഭരണമാണ്.
ശക്തികേന്ദ്രങ്ങളില്‍ തകര്‍ന്ന് എല്‍ഡിഎഫ്
എട്ട് പഞ്ചായത്തുകളിലെ ഒന്നൊഴികെ എല്ലാ ബൂത്തുകളിലും ചാണ്ടി ഉമ്മന്റെ തേരോട്ടമാണ് കണ്ടത്. പുതുപ്പള്ളിയില്‍ 13 റൗണ്ടുകളായാണ് വോട്ടെണ്ണല്‍ നടന്നത്. ഇതില്‍ രണ്ടായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് എല്ലാ റൗണ്ടിലും ചാണ്ടി ഉമ്മന്റെ ലീഡ്. 2021 ല്‍ ജെയ്കിനെ പിന്തുണച്ച പഞ്ചായത്തുകളില്‍ പോലും ചാണ്ടി ഉമ്മന് വന്‍ ഭൂരിപക്ഷം നേടാനായി. ചാണ്ടി ഉമ്മന്‍ 80,144 വോട്ടുകള്‍ നേടിയപ്പോള്‍ സിപിഎമ്മിലെ ജെയ്ക് സി തോമസ് 42,425 വോട്ടും എന്‍ഡിഎയിലെ ലിജിന്‍ ലാല്‍ 6,558 വോട്ടുമാണ് നേടിയത്.
സ്വന്തം പഞ്ചായത്തായ മണര്‍കാട് പോലും ദയനീയ പരാജയമാണ് ജെയ്കിന് നേരിടേണ്ടി വന്നത്. ഒരേയൊരു ബൂത്തില്‍ മാത്രമാണ് ജെയ്കിന് ലീഡ് നേടാനായത്. മീനടം പഞ്ചായത്തിലെ 153-ാം ബൂത്തില്‍ 165 വോട്ടിന്റെ ലീഡാണ് ജെയ്ക് നേടിയത്. വിഎന്‍ വാസവന്റെ ബൂത്തില്‍ 241 വോട്ടാണ് ജെയ്കിന് കിട്ടിയത്.
2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസ് 54,328 വോട്ടും 2016 ല്‍ 44,505 വോട്ടുമാണ് പിടിച്ചത്. പുതിയ വോട്ടര്‍മാര്‍ 9000 കൂടിയിട്ടും എല്‍ഡിഎഫ് വോട്ടില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. കഴിഞ്ഞ തവണ 11000 വോട്ടുകള്‍ നേടിയ സ്ഥാനത്താണ് ബിജെപിക്ക് ഇത്തവണ 6,558 വോട്ടുകള്‍ ലഭിച്ചത്. ഏകദേശം 5000 ത്തോളം വോട്ടുകളുടെ ചോര്‍ച്ചയാണ് ബിജെപിക്ക് ഉണ്ടായിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടിക്കും മുകളില്‍
2011 ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സുജ സൂസന്‍ ജോര്‍ജിനെതിരെ 33,255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം. ആ ഭൂരിപക്ഷമാണ് മകന്‍ ചാണ്ടി ഉമ്മന്‍ തകര്‍ത്തത്. 72.86 ശതമാനം പോളിങ് ആണ് ഇത്തവണ പുതുപ്പള്ളിയില്‍ രേഖപ്പെടുത്തിയത്. ഉമ്മന്‍ചാണ്ടിയുടെ ജനപ്രീതി മകന്‍ ചാണ്ടി ഉമ്മനും ഉണ്ടാകുമെന്ന പ്രതീക്ഷ തുടക്കം മുതലേ കോണ്‍ഗ്രസിന് ഉണ്ടായിരുന്നു. 37 കാരനായ ചാണ്ടി ഉമ്മന്‍ കോളേജ് കാലം മുതല്‍ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തിന്റെ ഭാഗമാണ്. യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ ഔട്ട്‌റീച്ച് സെല്‍ ചെയര്‍മാനും കെപിസിസി അംഗവുമാണ്. 2013 ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടത്തിയ ഭാരത് ജോഡോ യാത്രയിലും പങ്കാളിയായിരുന്നു.
തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്ന് ബിരുദം നേടിയ ചാണ്ടി ഉമ്മന്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. കൂടാതെ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍ബിയും ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍എല്‍എം ക്രിമിനോളജിയും ബെംഗലൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍എല്‍എം ഭരണഘടനാ നിയമവും പൂര്‍ത്തിയാക്കി. 2016 മുതല്‍ സുപ്രീംകോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ്. 2017 മുതല്‍ 2020 വരെ വിവേകാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ സ്റ്റഡീസില്‍ ഫാക്കല്‍റ്റിയായും പ്രവര്‍ത്തിച്ചു.