
യുക്രെയ്ൻ സമാധാനക്കരാർ ചർച്ച ചെയ്ത് പുടിനും ലുലയും
ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും നാല്പത് മിനിറ്റോളം പരസ്പരം സംസാരിച്ചതായി ബ്രസീലിയൻ പ്രസിഡൻഷ്യൽ പാലസ് അറിയിച്ചു. യുക്രെയ്ൻ സമാധാനക്കരാറിനെക്കുറിച്ചുള്ള വിവരങ്ങളും, യുഎസുമായുള്ള ചർച്ചകളുടെ വിവരങ്ങളും പുടിൻ ലുലയുമായി പങ്കുവച്ചതായും റോയ്റ്റേഴ്സ് റിപ്പോർട്ട് ചെയ്തു. ബ്രിക്സ് ഗ്രൂപ്പിലെ തങ്ങളുടെ പങ്കാളിത്തവും, തുടർപ്രവർത്തനങ്ങളും, നിലവിലെ രാജ്യാന്തര രാഷ്ട്രീയ-സാമ്പത്തിക സ്ഥിതിഗതികളെക്കുറിച്ചും ഇരുനേതാക്കൾ പരസ്പരം സംസാരിച്ചു.
യുക്രെയ്നുമായുള്ള സമാധാനക്കരാറിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി, പ്രത്യേകിച്ച് ബ്രിക്സ് സഖ്യകക്ഷികളുമായി തുടർച്ചയായി പുടിൻ സംസാരിക്കുന്നുണ്ട്. ഓഗസ്റ്റ് 15 അലാസ്കയിൽ വച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി പുടിൻ കൂടിക്കാഴ്ച നടത്തും.
ബ്രസീലിയൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് യുഎസ് 50% തീരുവ ഏർപ്പെടുത്തിയത് മുതൽ ലുലയും ട്രംപും പരസ്യമായി തർക്കത്തിലാണ്. ട്രംപ് തന്റെ സഖ്യകക്ഷിയും ബ്രസീലിന്റെ മുൻ വലതുപക്ഷ പ്രസിഡന്റുമായ ജെയർ ബോൾസോനാരോയ്‌ക്കെതിരായ ‘വേട്ട’യുമായി തർക്കത്തെ ബന്ധപ്പെടുത്തി. ഓറഞ്ച് ജ്യൂസ്, വിമാനങ്ങൾ തുടങ്ങിയ ചില ബ്രസീലിയൻ ഉൽപ്പന്നങ്ങളുടെ യുഎസ് ഇറക്കുമതിക്ക് മാത്രമേ കുറഞ്ഞ തീരുവ നിരക്ക് ഏർപ്പെടുത്തിയിട്ടുള്ളൂ.


