
യുക്രെയ്‌നില്‍ യുഎന്നിന്റെ കാര്‍മ്മികത്വത്തില്‍ താല്‍ക്കാലിക ഭരണകൂടം സ്ഥാപിക്കണം: പുടിന്‍
യുക്രെയ്‌നില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്താനും യുദ്ധം അവസാനിപ്പിക്കാനുള്ള ഒത്തുതീര്‍പ്പില്‍ എത്തുന്നത് ലക്ഷ്യമിട്ടുള്ള പ്രധാനപ്പെട്ട ഉടമ്പടികളില്‍ ഒപ്പ് വയ്ക്കുന്നതിനുമായി രാജ്യത്ത് താല്‍ക്കാലിക ഭരണകൂടം സ്ഥാപിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ നിര്‍ദ്ദേശിച്ചു. റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മൂന്ന് വര്‍ഷത്തിലധികം നീണ്ട യുദ്ധം അവസാനിപ്പിക്കാന്‍ സത്യസന്ധമായി ആഗ്രഹിക്കുന്നുവെന്നും പുടിന്‍ പറഞ്ഞു.
റഷ്യ ഈ സംഘര്‍ഷത്തിലെ ലക്ഷ്യങ്ങള്‍ കൈവരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുടെ കാലാവധി 2024 മെയ് മാസത്തില്‍ അവസാനിച്ചിരുന്നു. അതിനാല്‍, യുക്രെയ്ന്‍ അധികൃതര്‍ക്ക് ചര്‍ച്ചകളില്‍ നിയമസാധുതയില്ലെന്നാണ് റഷ്യ ഏറെക്കാലമായി വാദിക്കുന്നത്.
അതിനാല്‍, യുഎന്‍, യുഎസ്, യൂറോപ്യന്‍ രാജ്യങ്ങള്‍, റഷ്യയുടെ പങ്കാളികള്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ യുക്രെയ്‌നില്‍ താല്‍ക്കാലിക ഭരണകൂടത്തെ സ്ഥാപിക്കണമെന്ന് പുടിന്‍ പറഞ്ഞു.
ഇതിലൂടെ ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് നടത്താമെന്നും ജനങ്ങളുടെ വിശ്വാസ്യതയുള്ള ഒരു സര്‍ക്കാരിനെ അവരോധിക്കാമെന്നും അതിനുശേഷം സമാധാന കരാറിനെ കുറിച്ച് നേരിട്ട് ചര്‍ച്ചകള്‍ നടത്താമെന്നും പുടിന്‍ പറഞ്ഞു.
റഷ്യയുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ നടത്താനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ പുതിയ പ്രസിഡന്റ് സമാധാനം ആഗ്രഹിക്കുന്നുവെന്നത് കാണിക്കുന്നുവെന്ന് പുടിന്‍ പറഞ്ഞു. ഒരുപിടി കാരണങ്ങളാല്‍ ട്രംപ് യുദ്ധം അവസാനിപ്പിക്കാന്‍ സത്യസന്ധമായി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘര്‍ഷത്തില്‍ സമാധാനപരമായ പരിഹാരമാര്‍ഗങ്ങള്‍ തങ്ങളുടെ ചെലവില്‍ വേണ്ടെന്ന മുന്നറിയിപ്പും പുടിന്‍ നല്‍കി.
യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ വടക്കന്‍ കൊറിയ അടക്കം പല രാജ്യങ്ങളുമായും സഹകരിക്കാന്‍ റഷ്യ തയ്യാറാണെന്ന് പുടിന്‍ പറഞ്ഞു. കുര്‍സ്‌ക് മേഖലയില്‍ വടക്കന്‍ കൊറിയയുടെ 11,000 സൈനികര്‍ റഷ്യയ്ക്കുവേണ്ടി യുദ്ധ രംഗത്തുണ്ടെന്ന് പാശ്ചാത്യ രാജ്യങ്ങളും യുക്രെയ്‌നും ആരോപിച്ചിരുന്നു. എന്നാല്‍ ഇത് റഷ്യ സ്ഥിരീകരിച്ചിട്ടില്ല.