
ഗ്രീന്‍ലാന്‍ഡ് കൈയേറാന്‍ ട്രംപിന് പുടിന്റെ സമ്മതം
ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ സമ്മതം. ഗ്രീന്‍ലാന്‍ഡ് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള വിഷയമാണെന്നും അതില്‍ റഷ്യയ്ക്ക് ഒരു കാര്യവുമില്ലെന്ന് പുടിന്‍ പറഞ്ഞു.
ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന് അധികാരമേല്‍ക്കുന്നതിന് മുമ്പ് തന്നെ ട്രംപ് വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഗ്രീന്‍ലാന്‍ഡ് ശക്തമായി പ്രതികരിച്ചിരുന്നു. കാനഡയെ യുഎസിന്റെ 51ാം സംസ്ഥാനമാക്കണമെന്ന ആവശ്യവും ട്രംപ് ഉയര്‍ത്തുന്നുണ്ട്.
ആര്‍ട്ടിക് വൃത്തത്തിലെ ഏറ്റവും വലിയ നഗരമായ മുര്‍മാന്‍സ്‌കില്‍ നടന്ന ആര്‍ട്ടിക് ഫോറത്തില്‍ വച്ചാണ് പുടിന്‍ ഗ്രീന്‍ലാന്‍ഡിനെ കൈയൊഴിഞ്ഞ് സംസാരിച്ചത്. ആര്‍ട്ടിക് മേഖലയില്‍ റഷ്യയുടെ ആഗോള നേതൃത്വം ശക്തിപ്പെടുത്തുമെന്ന് പുടിന്‍ പറഞ്ഞു. അതേസമയം തന്നെ മേഖലയില്‍ ഭൗമരാഷ്ട്രീയ മത്സരം വര്‍ദ്ധിക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഗ്രീന്‍ലാന്‍ഡ് അധിനിവേശം നടത്താനുള്ള ട്രംപിന്റെ നീക്കത്തെയാണ് പുടിന്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്. എന്നാല്‍, യുഎസിനെ വിമര്‍ശിക്കാന്‍ പുടിന്‍ തയ്യാറായില്ല.
ട്രംപ് അധികാരമേറ്റശേഷം റഷ്യയുമായുള്ള ബന്ധം യുഎസ് മെച്ചപ്പെടുത്തുന്ന സാഹചര്യത്തിലാണ് പുടിന്റെ പ്രസ്താവനകള്‍ വന്നിട്ടുള്ളത്.
ഗ്രീന്‍ലാന്‍ഡുമായുള്ള ബന്ധം സംബന്ധിച്ച അമേരിക്കയുടെ പദ്ധതികള്‍ ഗൗരവമേറിയാതാണെന്ന് പുടിന്‍ പറഞ്ഞു. ഈ പദ്ധതികള്‍ക്ക് ചരിത്രപരമായ ആഴത്തിലുള്ള വേരുകള്‍ ഉണ്ടെന്നും ആര്‍ട്ടിക്കില്‍ യുഎസ് അതിന്റെ ഭൗമ-തന്ത്ര, സൈനിക-രാഷ്ട്രീയ, സാമ്പത്തിക താല്‍പര്യങ്ങളെ തുടര്‍ന്നും പിന്തുടരുമെന്നത് വ്യക്തമാണെന്നും അദ്ദേഹം വിശദീകരിച്ചു.
യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ യുഎസും റഷ്യയും തമ്മില്‍ നടക്കുന്നുണ്ട്. റഷ്യ യുക്രെയ്‌നില്‍ കൈയേറിയ പ്രദേശങ്ങള്‍ ഒഴിയില്ലെന്ന് യുഎസ് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള വിഷയമാണ് ഗ്രീന്‍ലാന്‍ഡെന്നും അതില്‍ റഷ്യയ്‌ക്കൊരു കാര്യവും ഇല്ലെന്ന് പുടിന്‍ പറഞ്ഞത്.