വ്‌ളാദിമിര്‍ പുടിന്‍ | PHOTO: WIKI COMMONS
ആദ്യഘട്ട ആണവായുധങ്ങള്‍ ബെലാറസിന് കൈമാറിയതായി പുടിന്‍; പാശ്ചാത്യ ശക്തികള്‍ക്കുള്ള മുന്നറിയിപ്പ്
റഷ്യന്‍ ആണവായുധങ്ങള്‍ സഖ്യകക്ഷിയായ ബെലാറസില്‍ സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടം പൂര്‍ത്തിയായതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. റഷ്യന്‍ ആണവായുധങ്ങള്‍ ബെലാറസില്‍ സ്ഥാപിക്കുന്നത് പാശ്ചാത്യ ശക്തികള്‍ക്കുള്ള മുന്നറിയിപ്പാണെന്നും പുടിന്‍ പറഞ്ഞു.
പാശ്ചാത്യ ശക്തികള്‍ യുക്രെയ്‌നുമായുള്ള യുദ്ധത്തില്‍ റഷ്യയുടെ തോല്‍വി കാണാന്‍ ആഗ്രഹിക്കുന്നവരാണ്. അത്തരക്കാര്‍ക്കുള്ള മുന്നറിയിപ്പാണ് ബെലാറസില്‍ സ്ഥാപിച്ചിരിക്കുന്ന ഹ്രസ്വദൂര ആണവായുധങ്ങളെന്നും പുടിന്‍ പറഞ്ഞു.
ഈ വര്‍ഷം അവസാനത്തോടെ രണ്ടാംഘട്ട ആണവായുധങ്ങളും ബെലാറസിലേക്ക് എത്തിക്കും. റഷ്യയുടെ സഖ്യകക്ഷിയായ ബെലാറസില്‍ ആണവായുധങ്ങള്‍ സ്ഥാപിക്കുമെന്ന് ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പുടിന്‍ പ്രഖ്യാപിച്ചത്. ആയുധങ്ങള്‍ തങ്ങളുടെ രാജ്യത്ത് എത്തിയതായി ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയും സ്ഥിരീകരിച്ചു.
ഭീഷണിയാകുന്ന ആയുധശേഖരം
ഹിരോഷിമയിലും നാഗസാക്കിയിലും വീണ ബോംബുകളെക്കാള്‍ മൂന്നിരട്ടി ശക്തിയുള്ളവയാണ് ഇവ. ഇവ ഉപയോഗിക്കുന്നതിന് ബെലാറസിലെ സൈനികര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവയുടെ നിയന്ത്രണം റഷ്യയ്ക്കു തന്നെയായിരിക്കുമെന്നാണ് വിവരം.
ഓഗസ്റ്റ് അവസാനത്തോടെ ബെലാറസില്‍ ആയുധങ്ങള്‍ സ്ഥാപിക്കുന്ന നടപടി പൂര്‍ത്തീകരിക്കുമെന്ന് പുടിന്‍ അറിയിച്ചു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം ആദ്യമായാണ് ആണവായുധങ്ങള്‍ റഷ്യയ്ക്കു പുറത്ത് സ്ഥാപിക്കുന്നത്.
യുക്രെയ്‌നിലെ അധിനിവേശത്തില്‍ റഷ്യയ്ക്കു ഇതുവരെ മുന്നേറ്റം നടത്താന്‍ കഴിഞ്ഞിട്ടില്ല. പാശ്ചാത്യ രാജ്യങ്ങള്‍ യുക്രെയ്‌നു നൂതന ആയുധങ്ങള്‍ നല്‍കി സഹായിക്കുന്നുണ്ട്. യുക്രെയ്‌നില്‍ റഷ്യ നടത്തുന്നത് സാമ്രാജ്യത്വ രീതിയിലുള്ള അധിനിവേശമാണെന്നും അതുകൊണ്ടുതന്നെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ യുക്രെയ്‌നെ സഹായിക്കുമെന്നാണ് നാറ്റോ രാജ്യങ്ങളുടെ നിലപാട്.
ലോകരാജ്യങ്ങളെ മറികടന്നുള്ള തീരുമാനം
യുക്രെയ്‌നും റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന ബെലാറസില്‍ ആണവായുധങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ കടുത്ത വിമര്‍ശനം പാശ്ചാത്യ ശക്തികള്‍ നടത്തിയിരുന്നു. എന്നാല്‍ അതൊന്നും വകവയ്ക്കാതെ തീരുമാനവുമായി പുടിന്‍ മുന്നോട്ടുപോകുകയായിരുന്നു.
യുക്രെയ്‌നെതിരെ ആണവായുധം ഉപയോഗിക്കുമെന്ന പുടിന്റെ ഭീഷണിക്കു പിന്നാലെ കഴിഞ്ഞവര്‍ഷം ബെലാറസ്, ആണവായുധമുക്ത രാഷ്ട്രപദവി നീക്കി ഭരണഘടനാ ഭേദഗതി പാസാക്കിയിരുന്നു. ഇതോടെ റഷ്യന്‍ ആണവായുധങ്ങള്‍ ബെലാറസില്‍ വിന്യസിക്കാനുള്ള തടസ്സം നീങ്ങി. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് ബെലാറസ്, യുക്രെയ്ന്‍, കസാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഉണ്ടായിരുന്ന ആണവായുധങ്ങള്‍ റഷ്യയിലേക്ക് മാറ്റിയിരുന്നു. ആണവായുധ വിന്യാസത്തിനെതിരെ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. പുടിന്റെ നീക്കം അമേരിക്കയും യൂറോപ്പിലെ നാറ്റോ സഖ്യകക്ഷികളും ചൈനയും നിരീക്ഷിക്കുന്നുണ്ട്.