
പുടിന്റെ 'പിന്തുണ' കമല ഹാരിസിന്
നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ പിന്തുണ കമല ഹാരിസിനാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. വ്‌ലാഡിവോസ്റ്റോക്കില്‍ നടന്ന ഈസ്റ്റേണ്‍ എക്കണോമിക് ഫോറം മീറ്റിംഗില്‍ വച്ചുള്ള ഒരു ചോദ്യോത്തര വേളയിലാണ് പുടിന്‍ പകുതി തമാശയെന്നോണം കമല ഹാരിസിനുള്ള പിന്തുണ പ്രഖ്യാപിച്ചത്.തന്നെ പിന്തുണക്കുന്ന എല്ലാവരും കമല ഹാരിസിനെ പിന്തുണക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ബൈഡന്‍ ജയിക്കുന്നതാണ് താന്‍ ഇഷ്ടപ്പെടുകയെന്ന് പുടിന്‍ പറഞ്ഞിരുന്നു. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ബൈഡന്‍ കുറച്ചുകൂടി സ്ഥിരതയുള്ള വ്യക്തിയെന്നായിരുന്നു പുടിന്‍ നിരീക്ഷിച്ചത്. അമേരിക്കയിലെ തിരഞ്ഞടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ റഷ്യ ഇടപെടുന്നതിനെ പറ്റി അമേരിക്കന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്ന സന്ദര്‍ഭത്തിലാണ് പുട്ടിന്റെ പരാമര്‍ശങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.