
പി വി അന്‍വര്‍ തൃണമൂലില്‍, പാര്‍ട്ടിയുടെ സംസ്ഥാന കോഡിനേറ്റര്‍ സ്ഥാനം ലഭിച്ചു
എല്‍ഡിഎഫില്‍ നിന്നും ഇടഞ്ഞ് കോണ്‍ഗ്രസില്‍ ചേക്കാറാന്‍ ശ്രമിച്ച് പരാജയപ്പെട്ട നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന് ഒടുവില്‍ ആശ്വാസമായി തൃണമൂല്‍ കോണ്‍ഗ്രസ്.
ഇന്നലെ വൈകിട്ട് കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് വച്ച് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി അന്‍വറിനെ തൃണമൂലിന്റെ കേരള കോഡിനേറ്ററായി ചുമതലപ്പെടുത്തി. അംഗത്വമെടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിയമവിദഗ്ദ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അന്‍വര്‍ പറഞ്ഞു.
സിപിഐഎം സ്വതന്ത്രനായി വിജയിച്ച അന്‍വര്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ അംഗത്വമെടുത്താല്‍ കൂറൂമാറ്റ നിരോധന നിയമപ്രകാരം എംഎല്‍എ സ്ഥാനം നഷ്ടമാകുമെന്നതിനാലാണ് തൃണമൂലില്‍ അംഗത്വമെടുക്കാത്തത്. മമത ബാനര്‍ജിയെ പങ്കെടുപ്പിച്ചു കൊണ്ട് മലപ്പുറത്ത് അല്ലെങ്കില്‍ കോഴിക്കോട് പൊതു സമ്മേളനം നടത്തും.
സിപിഐഎമ്മുമായി ഇടഞ്ഞ സമയത്ത് അന്‍വര്‍ ഡിഎംകെയില്‍ ചേരാന്‍ ശ്രമിച്ചുവെങ്കിലും പാര്‍ട്ടി അംഗത്വം നല്‍കിയില്ല. അതിനുശേഷം, ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്ന കൂട്ടായ്മ രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ഇതൊരു രാഷ്ട്രീയ സംഘടന അല്ലെങ്കിലും സാമൂഹിക സംഘടനയാണെന്നും അന്‍വര്‍ വിശദീകരിച്ചതിനാല്‍ നിയമസഭ സ്പീക്കര്‍ കൂറുമാറ്റ നിയമപ്രകാരമുള്ള നടപടി സ്വീകരിച്ചില്ല. എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടിയായ തൃണമൂലിന്റെ ഭാഗമാകുന്നത് നടപടി ക്ഷണിച്ചു വരുത്താന്‍ സാധ്യതയുണ്ട്. സ്പീക്കര്‍ നോട്ടീസ് നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. എന്നാല്‍, കാര്യമായ ചലനം മണ്ഡലത്തിലോ വോട്ടിങ് നിലയിലോ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.