.jpg)
വി ഡി സതീശന് ആര്‍എസ്എസ്സുമായും എഡിജിപി എം ആര്‍ അജിത് കുമാറുമായും ബന്ധമുണ്ടെന്ന് ആരോപിച്ച് പി വി അന്‍വര്‍ എംഎല്‍എ
പ്രതിപക്ഷനേതാവ് വി ഡി സതീശന് ആര്‍എസ്എസ്സുമായും എഡിജിപിയായ എം ആര്‍ അജിത് കുമാറുമായും ബന്ധമുണ്ടെന്ന് പി വി. അന്‍വര്‍ എം എല്‍ എ ആരോപിച്ചു. കോണ്‍ഗ്രസിലെ ഒരുവിഭാഗം ആര്‍എസ്എസ്സിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എം ആര്‍ അജിത് കുമാറും ആര്‍എസ്എസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ച വി ഡി സതീശന്‍ വെളിപ്പെടുത്തുന്നതിന് മുമ്പ് തനിക്ക് വിവരം ലഭിച്ചിരുന്നു. ഈ വിവരം അജിത് കുമാറിന്റെ സൈബര്‍ സംഘം അറിഞ്ഞു. അപ്പോഴാണ് അവര്‍ തമ്മില്‍ ഗൂഢാലോചന നടത്തി പ്രതിപക്ഷ നേതാവ് അടിയന്തര പത്രസമ്മേളനം നടത്തിയത്. പി വി അന്‍വറിന് വിവരം ലഭിച്ചിരിക്കുന്നു, വെളിപ്പെടുത്താന്‍ പോകുന്നു. ഇതിന് നേരെ വിപരീതമായി, പിണറായി വിജയന്റെ ആവശ്യപ്രകാരം ബിജെപിക്ക് സീറ്റുണ്ടാക്കിക്കൊടുക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉന്നയിച്ചുവെന്നും അന്‍വര്‍ പറഞ്ഞു.
പുനര്‍ജനി കേസില്‍ സഹായിക്കാമെന്ന് അവര്‍ തമ്മില്‍ നേരത്തേ ധാരണയുണ്ട്. അതുകൊണ്ട് തൃശ്ശൂരില്‍ ഒരു സീറ്റ് നല്‍കി സഹായിച്ചു. കോണ്‍ഗ്രസിന്റെ വോട്ടാണ് പൂര്‍ണ്ണമായും അവിടെ ബിജെപിയിലേക്ക് പോയതെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി. വോട്ടുനില പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാണെന്നും പുനര്‍ജനി കേസില്‍ ഇഡി അന്വേഷണം വേണമെന്ന് എഴുതിക്കൊടുക്കാന്‍ സതീശന് ധൈര്യമുണ്ടോയെന്നും അന്‍വര്‍ ചോദിച്ചു. ഇഡി അന്വേഷണം ആവശ്യപ്പെടാന്‍ വെല്ലുവിളിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു.
പതിനഞ്ചോളം പരാതികളില്‍ മൊഴി നല്‍കാന്‍ അന്‍വര്‍
പി വി അന്‍വര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതികളില്‍ പ്രത്യേക അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. സ്വര്‍ണക്കടത്തില്‍ എഡിജിപി, മലപ്പുറം എസ്.പി എന്നിവര്‍ക്കുള്ള പങ്ക്, മലപ്പുറം എസ്.പി. ഓഫിസിലെ മരംമുറി തുടങ്ങിയ പതിനഞ്ചോളം പരാതികളിലാണ് അന്‍വര്‍ മൊഴി നല്‍കുന്നത്. എല്ലാതെളിവുകളും അന്വേഷണസംഘത്തിന് കൈമാറുമെന്നും അന്വേഷണസംഘത്തില്‍ തനിക്ക് വിശ്വാസം ഉണ്ടെന്നും അന്‍വര്‍ പറഞ്ഞു.