
പി വി അന്‍വറിന്റെ പരാതി; അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയശേഷം പാര്‍ട്ടി പരിശോധിക്കും
പി വി അന്‍വര്‍ ഉന്നയിച്ച പരാതി പാര്‍ട്ടിതലത്തില്‍ അന്വേഷണമില്ലെന്നും അത് സര്‍ക്കാര്‍ തലത്തില്‍ അന്വേഷിക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു, സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്‍വര്‍ തന്ന പരാതിയില്‍ ശശിക്കെതിരെ ഒന്നുമില്ല. പാര്‍ട്ടിയോട് പറയാത്ത കാര്യങ്ങള്‍ ചര്‍ച്ചചെയ്യേണ്ടതില്ല. മാധ്യമങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ കേട്ട് പാര്‍ട്ടി ചര്‍ച്ച ചെയ്യില്ല. പാര്‍ട്ടി കേഡറിനെ കുറിച്ച് ആര് പരാതി നല്‍കിയാലും പാര്‍ട്ടി അത് ചര്‍ച്ചചെയ്യും. പൊളിറ്റിക്കലായി ഒരു പരാതിയും ശശിക്കെതിരെ ഉന്നയിക്കപ്പെട്ടില്ല. ടി വിയില്‍ പറഞ്ഞതല്ലാതെ കോണ്‍ക്രീറ്റായി ഒന്നും പാര്‍ട്ടിയോട് ഉന്നയിച്ചില്ല.
പരാതിയില്‍ ഡി ജി പി നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. അന്‍വര്‍ ഉന്നയിച്ച വിഷയത്തില്‍ കോണ്‍ഗ്രസ് നടത്തുന്നത് രാഷ്ട്രീയലക്ഷ്യത്തോടെയുള്ള നീക്കമാണ്. പ്രതിപക്ഷ നിലപാട് ശരിയല്ല. ഈ വിഷയത്തെ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും എതിരാക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. അന്‍വര്‍ പറയുന്നത് കേട്ട് സമരം നടത്തേണ്ടി വരുന്നത് രാഷ്ട്രീയത്തിന്റെ മുന്‍കൈ കോണ്‍ഗ്രസിന് ഇല്ല എന്നതാണ് വ്യക്തമാക്കുന്നത്.
ഒരു പരാതിയും മൂടിവെക്കേണ്ടതില്ല. ആരെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സി പി എമ്മിനില്ല. സി പി എം പ്രതിരോധത്തിനില്ല , അത് മാധ്യമങ്ങളുടെ പദപ്രയോഗം മാത്രമാണ്. ഓലപ്പാമ്പ് കാണിച്ച് പാര്‍ട്ടിയെ ഭയപ്പെടുത്താന്‍ നോക്കണ്ട. പ്രതിപക്ഷത്തിന് പ്രതിപക്ഷം എന്ന നിലിയലുള്ള നിലപാട് സ്വീകരിക്കാനാവാത്തത് കൊണ്ട് അവര്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ സമരം ചെയ്യുന്നു.
ആര് ഉന്നയിക്കുന്ന പരാതികളും മെറിറ്റില്‍ പരിശോധിച്ചാണ് സര്‍ക്കാര്‍ നടപടിയെടുക്കുക. അന്‍വറിന് പിന്നില്‍ പാര്‍ട്ടിയിലെ ആരുമില്ല. സി പി എമ്മിന്റെ സഹയാത്രികനും പാര്‍ലമെന്ററി പാര്‍ട്ടി അംഗവുമാണ് അന്‍വര്‍. അങ്ങനെ ഒരാള്‍ ഇങ്ങനെയാണോ പ്രശ്‌നം ഉന്നയിക്കേണ്ടത് എന്ന ചോദ്യം ശരിയാണ്, അങ്ങനെയല്ല ചെയ്യേണ്ടതെന്ന് സെക്രട്ടറി അഭിപ്രായപ്പെട്ടു.
എ ഡി ജിപിയെ ഉപയോഗിച്ച് ബി ജെ പിയുമായി സി പി എം ലിങ്ക് ഉണ്ടാക്കിയെന്നത് ആരോപണം ശുദ്ധ അസംബന്ധം. നിരവധിയായ സന്ദര്‍ഭങ്ങളില്‍ കേരളത്തിലെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതാണ് ആര്‍ എസ് എസ്സും ബി ജെ പിയും. പ്രതിപക്ഷ നേതാവിന്റെ കള്ളക്കഥ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. ആര്‍ എസ് എസ്സുമായും ബി ജെ പിയുമായി ബന്ധമുണ്ടാക്കിയത് കോണ്‍ഗ്രസാണ്. അത് നേമത്ത് കണ്ടതാണ്. തൃശൂരിലും അതാണ് സംഭവച്ചിത്. കോണ്‍ഗ്രസ് വോട്ട് കൊണ്ടാണ് തൃശൂരില്‍ ബി ജെ പി ജയിച്ചത്. ലോകസഭാ തിരഞ്ഞെടുപ്പില്‍ 86,000ത്തിലധികം വോട്ടാണ് കോണ്‍ഗ്രസിന് കുറഞ്ഞത്. അതേസമയം മുന്‍ തിരഞ്ഞെടുപ്പില്‍ നിന്ന് 16,228 വോട്ട് ഇടതുപക്ഷത്തിന് അധികം കിട്ടി. അപ്പോള്‍ കോണ്ഗ്രസിന്റെ വോട്ടാണ് ബി ജെ പി ക്ക് പോയത് എന്ന് മനസ്സിലാകും. അതായത് അവിടുത്തെ ബി ജെ പിയുടെ ജയത്തിന് ആരാണ് ഉത്തരവാദി എന്ന് പകല്‍വെളിച്ചം പോലെ അറിയാം. അതു മറച്ചുവയ്ക്കാനാണ് ഇപ്പോള്‍ എഡിജിപി-ആര്‍എസ്എസ് ബന്ധത്തില്‍ ആരോപണം ഉന്നയിക്കുന്നത്. സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ വേണ്ടി ശ്രമിച്ചത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിന്റെ പത്രാധിപര്‍ മോഹനവര്‍മ ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. അതേദിവസം തന്നെയാണ് പ്രതിപക്ഷ നേതാവ് ആര്‍എസ്എസ് സിപിഎം ബന്ധത്തെക്കുറിച്ച് കള്ളപ്രചാരവേല നടത്തുന്നത്.
ഇ.പി.ജയരാജന് എതിരെ ഒരു സംഘടനാ നടപടിയും എടുത്തിട്ടില്ലെന്നും ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ പി.ശശി കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ പാര്‍ട്ടി നടപടിയെടുക്കും. എഡിജിപി എം.ആര്‍.അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റി നിര്‍ത്താത്തതിനെയും അദ്ദേഹം ന്യായീകരിച്ചു. എഡിജിപിയല്ല, ഡിജിപിയാണ് അന്വേഷിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ വിവരങ്ങള്‍ പുറത്തുവരും. അതുവരെ കാത്തിരിക്കാം. രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ടുള്ള കടന്നാക്രമണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.