 (1).jpg)
ടുണീഷ്യയില്‍ വീണ്ടും അധികാരം ഉറപ്പിച്ച് കൈസ് സെയ്ദ്
ടുണീഷ്യയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് കൈസ് സെയ്ദ് വിജയിച്ചു. തുടര്‍ച്ചയായി രണ്ടാം തവണയാണ് സെയ്ദ് പ്രസിഡന്റ് പദവിയിലെത്തുന്നത്. സ്വതന്ത്രവും നീതിയുക്തവുമല്ലാതെയാണ് ടുണീഷ്യയിലെ തിരഞ്ഞെടുപ്പ് എന്ന് പ്രതിപക്ഷ കക്ഷികളുടെ ആരോപണത്തിനിടയിലാണ് കൈസ് സെയ്ദ് വിജയിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രതിപക്ഷ കക്ഷികളുടെ അവകാശം നിഷേധിക്കുകയും പലരെയും തടവിലാക്കുകയും ചെയ്തതിന്റെ പേരില്‍ കൈസ് സെയ്ദിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. 17 സ്ഥാനാര്‍ത്ഥികളാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചത്. അതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ മൂന്നെണ്ണം മാത്രമാണ് അംഗീകരിച്ചത്.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെ സെയ്ദിന് 90.7% വോട്ട് ലഭിച്ചുവെന്ന് ടുണീഷ്യയിലെ തിരഞ്ഞെടുപ്പുകള്‍ക്കായുള്ള ഇന്‍ഡിപെന്‍ഡന്റ് ഹൈ അതോറിറ്റി പറഞ്ഞു. ഈജിപ്ത്, ലിബിയ, യെമന്‍ എന്നിവിടങ്ങളിലെ നേതാക്കളെ അട്ടിമറിച്ച്, അറബ് വസന്ത കലാപങ്ങളില്‍ അട്ടിമറിക്കപ്പെട്ട ആദ്യത്തെ സ്വേച്ഛാധിപതി സൈന്‍ എല്‍ ആബിദീന്‍ ബെന്‍ അലി 2011 ല്‍ പുറത്താക്കപ്പെട്ടതിന് ശേഷം രാജ്യത്ത് നടക്കുന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പാണിത്.
ഒക്ടോബര്‍ ആറിന് നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള 9.7 ദശലക്ഷം വോട്ടര്‍മാരില്‍ 28.8 ശതാമാനം പേര്‍ മാത്രമാണ് വോട്ടവകാശം വിനിയോഗിച്ചത്. ടുണീഷ്യയില്‍ ഇതുവരെ നടന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും കുറച്ച് ആളുകള്‍ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. വെള്ളിയാഴ്ച നടന്ന സെയ്ദ് വിരുദ്ധ പ്രതിഷേധവും, ഞായറാഴ്ച വൈകുന്നേരം തലസ്ഥാനത്ത് നടന്ന ആഘോഷങ്ങളും ഒഴികെ ടുണീഷ്യയില്‍ ഒരു തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല.
തന്റെ എതിരാളികളെയെല്ലാം ജയിലിലടക്കുന്ന ചരിത്രമാണ് സെയ്ദിനുള്ളത്. സെയ്ദിന്റെ ഏറ്റവും പ്രമുഖരായ എതിരാളികളെല്ലാം കഴിഞ്ഞ വര്‍ഷം മുതലേ തടവിലാക്കപ്പെട്ടിരുന്നു. ചിലരെ മത്സരിക്കുന്നതില്‍ നിന്നും തടയുകയും, അധികം അറിയപ്പെടാത്ത സ്ഥാനാര്‍ത്ഥികളെ ജയിലിലടയ്ക്കുകയോ ബാലറ്റില്‍ നിന്ന് ഒഴിവാക്കുകയോ ചെയ്തു. തനിക്കെതിരെ ശബ്ദം ഉയര്‍ത്തിയ അബിര്‍ മൂസിയെയും, പാര്‍ട്ടിയുടെ സഹസ്ഥാപകനും ടുണീഷ്യന്‍ പാര്‍ലമെന്റിന്റെ മുന്‍ സ്പീക്കറുമായ രാഷെദ് ഗന്നൂച്ചിയും ഉള്‍പ്പെടെയുള്ള പ്രമുഖ എതിരാളികളെയെല്ലാം ജയിലില്‍ അടക്കുകയായിരുന്നു.
ക്രമക്കേടുകള്‍ പ്രോത്സാഹിപ്പിക്കുക, സംസ്ഥാന സുരക്ഷയ്‌ക്കെതിരെ പ്രവര്‍ത്തിക്കുക, വ്യാജ വാര്‍ത്താ വിരുദ്ധ നിയമം ലംഘിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി നിരവധി ആളുകളെയാണ് തടവിലാക്കിയത്. അഭിഭാഷകര്‍, പത്രപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, സബ്-സഹാറന്‍ ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍, അറബ് വസന്തത്തിന് ശേഷം വന്ന ട്രൂത്ത് ആന്റ് ഡിഗ്‌നിറ്റി കമ്മീഷന്‍ മുന്‍ മേധാവി എന്നിവരെ നിശബ്ദരാക്കുകയെന്നതായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം.
2019 ല്‍ അധികാരത്തിലേറിയിയ സെയ്ദ്, 2021-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും, പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്യുകയും, രാഷ്ട്രപതിയുടെ അധികാരം ഏകീകരിക്കുന്നതിനായി ഭരണഘടന മാറ്റിയെഴുതുകയും ചെയ്തിരുന്നു.