TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE: PTI

TMJ Daily

വധശിക്ഷയ്ക്ക് വിധിച്ച മുന്‍ ഇന്ത്യന്‍ നാവികരെ ഖത്തര്‍ മോചിപ്പിച്ചു, മലയാളിയടക്കം ഏഴുപേര്‍ ഇന്ത്യയില്‍ തിരിച്ചെത്തി

12 Feb 2024   |   1 min Read
TMJ News Desk

ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്ക് വിധിച്ച മലയാളി അടക്കമുള്ള എട്ട് മുന്‍ നാവികസേനാ ഉദ്യോഗസ്ഥരെ ഖത്തര്‍  മോചിപ്പിച്ചു. നാവിക സേനാംഗങ്ങളില്‍ ഏഴുപേര്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചാരക്കേസില്‍ അറസ്റ്റിലായ നാവികരുടെ വധശിക്ഷ നേരത്തെ ഖത്തര്‍ റദ്ദാക്കിയിരുന്നു. ഇന്ത്യന്‍ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന തിരുവനന്തപുരം സ്വദേശി രാഗേഷ് ഗോപകുമാര്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കാമന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ വനതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത് എന്നിവരാണ് തടവില്‍ കഴിഞ്ഞിരുന്നത്.

വധശിക്ഷയില്‍ ഇളവ് നല്‍കിയ ശേഷം വിട്ടയക്കല്‍

നാവികരുടെ വധശിക്ഷ റദ്ദാക്കി തടവുശിക്ഷയ്ക്ക് കോടതി വിധിച്ചിരുന്നെങ്കിലും പിന്നീട് 8 പേരെയും വിട്ടയക്കാനുള്ള ഉത്തരവ് നല്‍കുകയായിരുന്നു. ഇന്ത്യന്‍ നാവിക സേനയില്‍ നിന്ന് വിരമിച്ച ശേഷം ഒമാന്‍ കമ്പനിയായ അല്‍ ദാഹ്ര ഗ്ലോബലില്‍ ജോലിചെയ്തിരുന്ന എട്ട് പേര്‍ 2022 ആഗസ്റ്റിലാണ് ഖത്തറില്‍ പിടിയിലാകുന്നത്.

ഒക്ടോബര്‍ 22 മുതലാണ് ചാരവൃത്തി ആരോപിച്ച് നാവികര്‍ തടവിലാക്കപ്പെടുന്നത്. 2023 മാര്‍ച്ച് 25 ന് എട്ട് പേര്‍ക്കെതിരെയും കുറ്റം ചുമത്തി, ഖത്തര്‍ നിയമപ്രകാരം വിചാരണ ചെയ്തു. 2023 ഒക്ടോബറിലാണ് ഖത്തര്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഈ വിധി ഞെട്ടപ്പിക്കുന്നതാണെന്ന് ഇന്ത്യ വിശേഷിപ്പിക്കുകയും കേസിലെ നിയമ സാധ്യതകള്‍ പരിശോധിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. 2023 നവംബറില്‍ വധശിക്ഷയ്‌ക്കെതിരെ അപ്പീല്‍ ഫയല്‍ ചെയ്യുകയും ഖത്തര്‍ കോടതി ഹര്‍ജി അംഗീകരിക്കുകയും ചെയ്തു. ഡിസംബറിലാണ് കോടതി എട്ടുപേരുടെയും വധശിക്ഷയില്‍ ഇളവുനല്‍കുന്നത്.


#Daily
Leave a comment