
ഖത്തര്‍ ഇന്ത്യയില്‍ 10 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കും
ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 28 ബില്ല്യണ്‍ യുഎസ് ഡോളറായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. കൂടാതെ, ഖത്തര്‍ ഇന്ത്യയില്‍ 10 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുകയും ചെയ്യും. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് വളര്‍ത്താനും തീരുമാനമായി.
ഇന്ത്യയും ഖത്തറും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടുന്നതിന്റെ സാധ്യതകളും ചര്‍ച്ച ചെയ്തു. വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജരംഗം എന്നിവ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ നടന്നത്.
നിലവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വര്‍ഷം തോറും 14 ബില്ല്യണ്‍ ഡോളര്‍ ആണ്. 2030 ഓടെ 28 ബില്ല്യണ്‍ ആക്കുകയാണ് ലക്ഷ്യം.
ഷെയ്ഖ് അല്‍ താനിയുടെ രണ്ടാം ഇന്ത്യ സന്ദര്‍ശനവേളയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സാമ്പത്തിക സഹകരണം, യുവജനകാര്യം, ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍ തുടങ്ങിയ വിഷയങ്ങളില്‍ രണ്ട് കരാറുകളും അഞ്ച് ധാരണപത്രങ്ങളും ഒപ്പുവച്ചു.
നിലവില്‍ ഗള്‍ഫ് കോ ഓപ്പറേഷന്‍ കൗണ്‍സിലിലെ അംഗ രാജ്യങ്ങളില്‍ യുഎഇ, സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളുമായി തന്ത്രപ്രധാന പങ്കാളിത്തത്തില്‍ എത്തിയിട്ടുണ്ട്.
ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഇന്ത്യയില്‍ ഓഫീസ് തുറക്കും, ഖത്തറില്‍ യുപിഐ സ്വീകരിക്കും, ഇന്ത്യ-ഖത്തര്‍ സാംസ്‌കാരിക, സൗഹൃദ, കായിക വര്‍ഷം ആഘോഷിക്കും, ഖത്തര്‍ പൗരന്‍മാര്‍ക്ക് ഇ-വിസ സൗകര്യം നല്‍കും എന്നീ തീരുമാനങ്ങളും എടുത്തു.