ക്യുനെറ്റ് കള്ളപ്പണം വെളുപ്പിക്കല്‍; ഇഡി 137 കോടി പിടിച്ചെടുത്തു
ക്യുനെറ്റ് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ നടത്തിയ തട്ടിപ്പില്‍ 137 കോടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. ഹൈദരാബാദിലും ബാംഗ്ലൂരിലുമായി നടത്തിയ പരിശോധനയിലാണ് ഇഡിയുടെ നടപടി. എം/എസ് ക്യുനെറ്റ് ലിമിറ്റഡിന്റെ സബ് ഫ്രാഞ്ചൈസി കമ്പനിയായ എം/എസ് വിഹാന്‍ ഡയറക്റ്റ് സെല്ലിംഗ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് അന്വേഷണം നടക്കുന്നത്.
ഹൈദരാബാദില്‍ നാലും ബാംഗ്ലൂരില്‍ മൂന്നിടത്തുമായി നടത്തിയ പരിശോധനയിലാണ് 137 കോടി പിടിച്ചെടുത്തത്. 2002 ലെ കളളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് പരിശോധനകള്‍ നടക്കുന്നത്.
എം/എസ് വിഹാന്‍ ഡയറക്റ്റ് സെല്ലിംഗ് കമ്പനി നേരിട്ടുള്ള ഉത്പന്ന വില്പനയുടെ മറവില്‍ പണമിടപാട് നടത്തുന്ന പദ്ധതി നടത്തി നിരപരാധികളായ നിക്ഷേപകരെ വഞ്ചിക്കുകയും അവരുടെ നിക്ഷേപത്തിന് ഉയര്‍ന്ന കമ്മീഷന്‍ വാഗ്ദാനം ചെയ്യുകയും ചെയ്തതായി പോലീസ് വെളിപ്പെടുത്തി. ബിസിനസിന്റെ സ്വഭാവവും നിക്ഷേപിച്ച പണത്തിന്റെ വിനിയോഗത്തിന്റെ വിശദാംശങ്ങളും അറിയിക്കാതെ നിക്ഷേപകരെ കബളിപ്പിക്കുകയായിരുന്നുവെന്ന് ഇഡി പറഞ്ഞു.
1978 ലെ ഐപിസി, പ്രൈസ് ചിറ്റ് ആന്റ് മണി സര്‍ക്കുലേഷന്‍ സ്‌കീംസ് ആക്ട് എന്നിവയുടെ വിവിധ വകുപ്പുകള്‍ പ്രകാരം ഹൈദരാബാദ് പോലീസാണ് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തത്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.