
ഗര്‍ഭാശയമുഖ അര്‍ബുദം നേരിടാന്‍ ഓപ്പറേഷന്‍ മൂണ്‍ ഷോട്ടുമായി ക്വാഡ്
സ്ത്രീകളെ കൂടുതലായി ബാധിക്കുന്ന ഗര്‍ഭാശയമുഖ അര്‍ബുദത്തിന് എതിരെ പോരാട്ടം പ്രഖ്യാപിച്ച് ക്വാഡ് രാജ്യങ്ങള്‍. വരാനിരിക്കുന്ന ദശകങ്ങളില്‍ ലക്ഷകണക്കിന് ജീവന്‍ രക്ഷിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ പ്രഖ്യാപനം. കാന്‍സര്‍ മൂണ്‍ഷോട്ട് ഇനിഷ്യേറ്റീവ് എന്ന പദ്ധതിയുടെ അടിസ്ഥാനത്തില്‍ ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്‌സിനേഷനെ പ്രോത്സാഹിപ്പിക്കുകയും, രോഗനിര്‍ണയത്തിന് ആവശ്യമായ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുകയും ചികിത്സ രീതികള്‍ വിപുലീകരിക്കുകയുമാവും ചെയ്യുക.
ഗര്‍ഭാശയമുഖ അര്‍ബുദ നിര്‍ണയത്തിന്റെ ചെലവ് കുറയ്ക്കുന്നതിന് എച്ച്പിവി ഡയഗ്നോസ്റ്റിക്സിന്റെ ബള്‍ക്ക് പര്‍ച്ചേസിംഗില്‍ ക്വാഡ് രാജ്യങ്ങള്‍ ഐക്യരാഷ്ട്ര ഏജന്‍സികളുമായി സഹകരിച്ചാവും പ്രവര്‍ത്തിക്കുക. കൂടാതെ മെഡിക്കല്‍ ഇമേജിംഗ്, റേഡിയേഷന്‍ തെറാപ്പി എന്നിവയുടെ പ്രവേശനവും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിന് ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.
ഗര്‍ഭാശയമുഖ അര്‍ബുദം നിര്‍ണയം നേരത്തെ നടത്തിയാല്‍ വാക്‌സിനേഷന്‍ വഴി തടയാവുന്നതും ചികിത്സിക്കാവുന്നതുമാണ്. ഇന്തോ-പസഫിക് മേഖലയിലെ സ്ത്രീകള്‍ക്കിടയില്‍ മരണങ്ങളുടെ മൂന്നാമത്തെ പ്രധാന കാരണമായി ഗര്‍ഭാശയമുഖ അര്‍ബുദം ഇപ്പോഴും തുടരുന്നു. ഇന്തോ-പസഫിക്കിലെ 10 സ്ത്രീകളില്‍ ഒരാള്‍ക്ക് എന്ന നിരക്കില്‍ മാത്രമേ എച്ച്പിവി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളൂ. 10 ശതമാനത്തില്‍ താഴെ മാത്രമാണ് അടുത്തിടെ രോഗനിര്‍ണയത്തിന് വിധേയരായതെന്ന് പ്രസ്താവനയില്‍ പറയുന്നു.
ഗര്‍ഭാശയമുഖ അര്‍ബുദം സ്ത്രീകളില്‍ ഏറ്റവും സാധാരണമായ കണ്ടു വരുന്ന അര്‍ബുദങ്ങളില്‍ രണ്ടാമത്തെ സ്ഥാനത്ത് നില്‍ക്കുന്നതും, സ്ത്രീകളിലെ അര്‍ബുദ മരണങ്ങളുടെ രണ്ടാമത്തെ പ്രധാന കാരണവുമാണ്. ഓരോ വര്‍ഷവും 1,23,907 സ്ത്രീകള്‍ക്ക് ഗര്‍ഭാശയമുഖ അര്‍ബുദം ഉണ്ടാവുന്നു, കൂടാതെ 77,348 പേര്‍ ഈ രോഗം മൂലം മരിക്കുന്നു. ഇന്ത്യയില്‍ അഞ്ച് വര്‍ഷത്തിനിടയില്‍ 46 ശതമാനം സ്ത്രീകളാണ് ഗര്‍ഭാശയമുഖ അര്‍ബുദത്തില്‍ നിന്ന് വിമുക്തി നേടിയത്. ഗര്‍ഭാശയമുഖ അര്‍ബുദവുമായി ബന്ധപ്പെട്ട അഞ്ച് വര്‍ഷത്തെ ആപേക്ഷിക അതിജീവന നിരക്ക് ഇന്ത്യയില്‍ 46 ശതമാനമാണ്. വ്യാപനം സംഭവിക്കുന്ന സാഹചര്യത്തില്‍ ഈ രോഗത്തിന് അതിജീവന (7.4 ശതമാനം) ശതമാനം വളരെ കുറവാണ്.
ആഗോള പൊതു-സ്വകാര്യ ആരോഗ്യ പങ്കാളിത്തമുള്ള ഗവി (GAVI-വാക്‌സിനേഷന്‍ അയലയന്‍സ്) യോടുള്ള പ്രതിജ്ഞാബദ്ധത ക്വാഡ് രാജ്യങ്ങള്‍ തുടരും. അഞ്ച് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 1.58 ബില്യണ്‍ ഡോളറെങ്കിലും ഗവിയ്ക്ക് അമേരിക്ക വാഗ്ദാനം ചെയ്യുന്നുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആഗോളതലത്തില്‍ എച്ച്പിവിയുമായി ബന്ധപ്പെട്ട 400 മില്യണ്‍ ഡോളര്‍ ഉള്‍പ്പെടെയുള്ള സമഗ്രമായ ആരോഗ്യ സംവിധാന സമീപനത്തിലൂടെ ഇന്തോ-പസഫിക് മേഖലയില്‍ ഗര്‍ഭാശയമുഖ അര്‍ബുദം തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ ലോകബാങ്ക് ഗണ്യമായി വര്‍ദ്ധിപ്പിക്കും.
ക്യാന്‍സര്‍ മൂണ്‍ഷോട്ട് ഇനിഷ്യേറ്റീവിന് ഇന്ത്യയുടെ സംഭാവന എന്ന നിലയില്‍, ഇന്തോ-പസഫിക് മേഖലയിലെ ക്യാന്‍സര്‍ പരിശോധന, രോഗനിര്‍ണയം എന്നിവയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി 7.5 മില്യണ്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിച്ചു. ഇന്തോ-പസഫിക്കിലെ ക്യാന്‍സര്‍ പ്രതിരോധത്തിനുള്ള റേഡിയോ തെറാപ്പി ചികിത്സയുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇന്ത്യ പിന്തുണ നല്‍കും. ഗര്‍ഭാശയമുഖ അര്‍ബുദ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത ഇന്ത്യയും രാജ്യത്ത് ഒരു മാസ് സെര്‍വിക്കല്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗ് പ്രോഗ്രാം ഏറ്റെടുക്കുകയാണെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അടിസ്ഥാനമാക്കിയുള്ള ചികിത്സാ പ്രോട്ടോക്കോളിലാവും ഇത് പ്രവര്‍ത്തിക്കുകയെന്നും മോഡി പറഞ്ഞു
ഗവി, ക്വാഡ് പ്രോഗ്രാമുകള്‍ക്ക് കീഴില്‍ ഇന്ത്യയില്‍ നിന്ന് 40 ദശലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്യുന്നത് ഇന്തോ-പസഫിക് രാജ്യങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്തോ-പസഫിക് മേഖലയിലെ രാജ്യങ്ങള്‍ക്ക് ക്യാന്‍സര്‍ സ്‌ക്രീനിംഗ്, പരിചരണം, എന്നിവയ്ക്കുള്ള ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ക്കായി സാങ്കേതിക സഹായവും ഇന്ത്യ വാഗ്ദാനം ചെയ്യുന്നു, ഇതിനായി 10 മില്യണ്‍ ഡോളര്‍ ഇന്ത്യ സംഭാവന ചെയ്യും.