
ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യപ്രതി കീഴടങ്ങി
ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ മുഖ്യപ്രതിയായ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി. കൊടുവള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എംഎസ് സൊല്യൂഷന്‍സിന്റെ സിഇഒയായ ഷുഹൈബ് ഇന്ന് കോഴിക്കോട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിലാണ് കീഴടങ്ങിയത്.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇയാള്‍ കീഴടങ്ങിയത്. ചോദ്യപേപ്പര്‍ ലഭിച്ചത് എങ്ങനെയെന്ന് കണ്ടെത്താന്‍ സംഘം ഇയാളെ ചോദ്യം ചെയ്യും. കൂടാതെ, ഓണ്‍ലൈന്‍ പരിശീലനത്തില്‍ പങ്കെടുക്കുന്ന പരിശീലകരുടെ വിവരങ്ങളും ചോദിച്ചറിയും. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ഇയാള്‍ ഒരു മാസമായി ഒളിവിലായിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് ആണ് ക്രൈംബ്രാഞ്ച് ഇയാള്‍ക്കെതിരെ കേസെടുത്തത്. പരിശീലകര്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയെടുത്തുവെന്ന് ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എഫ്‌ഐആര്‍ ഇട്ടിരുന്നു.
എസ്എസ്എല്‍സി ഇംഗ്ലീഷ്, പ്ലസ് വണ്‍ കണക്ക് പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ പരീക്ഷയ്ക്ക് മുമ്പായി യൂട്യൂബ് ക്ലാസില്‍ നല്‍കിയതിനെ തുടര്‍ന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.
ഷുഹൈബ് കൈകാര്യം ചെയ്തിരുന്ന രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു.