TMJ
searchnav-menu
post-thumbnail

IMAGE | WIKI COMMONS

TMJ Daily

റഫ ആക്രമണം: പലായനം ചെയ്തത് മൂന്ന് ലക്ഷത്തോളം പലസ്തീനികള്‍

13 May 2024   |   2 min Read
TMJ News Desk

തെക്കന്‍ ഗാസ നഗരമായ റഫയില്‍ ഇസ്രയേല്‍ ആക്രമണം ശക്തമായതോടെ മൂന്ന് ലക്ഷത്തോളം പലസ്തീനികള്‍ പലായനം ചെയ്തു. വടക്കന്‍ ഗാസയിലേക്ക് ഇസ്രയേല്‍ സൈന്യത്തെ തിരിച്ചയച്ചതോടെ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിലും സബ്ര മേഖലയിലുമായി മൂന്ന് പലസ്തീനികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പലസ്തീന്റെ മുതിര്‍ന്ന അംഗമായ തലാല്‍ അബു സരീഫയും ഉള്‍പ്പെടുന്നുവെന്ന് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

തെക്ക്, മധ്യ റഫയില്‍ ഇസ്രയേല്‍ സൈന്യം വ്യോമാക്രമണവും കരയാക്രമണവും തുടരുകയാണ്. ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പിലെ ഒരു മെഡിക്കല്‍ സെന്ററിന് നേരെയും കിഴക്കന്‍ റഫയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് നേരെയും ഇസ്രയേല്‍ ആക്രമണം ഉണ്ടായി. വംശഹത്യ കണ്‍വെന്‍ഷന്‍ പ്രകാരമുള്ള ചട്ടങ്ങള്‍ ഇസ്രയേല്‍ ലംഘിച്ചുവെന്ന് ആരോപിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ദക്ഷിണാഫ്രിക്ക സമര്‍പ്പിച്ച കേസില്‍ തങ്ങളും പങ്കാളികളാകുമെന്ന് ഈജിപ്ത് അറിയിച്ചു.

റഫയില്‍ നിന്നും ഇസ്രയേല്‍ പിന്മാറണമെന്ന് ദക്ഷിണാഫ്രിക്ക

റഫയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്മാറാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിടണമെന്ന് ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടിരുന്നു. യുഎന്‍ ഉദ്യോഗസ്ഥര്‍, മാനുഷിക സഹായം നല്‍കുന്ന സംഘടനകള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഗാസയിലേക്ക് തടസ്സമില്ലാതെ പ്രവേശിക്കാന്‍ കോടതി ഇടപെടണമെന്നും ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടു. ഇസ്രയേല്‍ വംശഹത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്ക നല്‍കിയ കേസില്‍ പലസ്തീനികള്‍ക്കെതിരായ വംശഹത്യാപരമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇസ്രയേല്‍ വിട്ടുനില്‍ക്കണമെന്ന് ഐസിജെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഗാസയില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ഇസ്രയേലിന്റെ മറുപടി. 

റഫയ്ക്കെതിരായ ഇസ്രയേല്‍ ആക്രമണം ഗാസയിലേക്കുള്ള മാനുഷിക വിതരണങ്ങള്‍ക്കും, അടിസ്ഥാന സേവനങ്ങള്‍ക്കും തടസ്സമാകുന്നെന്നും മെഡിക്കല്‍ സംവിധാനത്തിന്റെ നിലനില്‍പ്പിനെ ആക്രമണം ബാധിക്കുന്നത് അത്യന്തം അപകടകരമാണെന്നും ദക്ഷിണാഫ്രിക്കയുടെ അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. റഫ അതിര്‍ത്തി ഇസ്രയേല്‍ സൈന്യം ഏറ്റെടുത്തതോടെ കഴിഞ്ഞ മൂന്ന് ദിവസമായി ഗാസയിലേക്കുള്ള സഹായം നിര്‍ത്തിവച്ചിരിക്കുകയാണെന്ന് യുഎന്‍ വ്യക്തമാക്കിയിരുന്നു. മാനുഷിക പ്രവര്‍ത്തനങ്ങളെ വികലമാക്കുകയാണ് ഇസ്രയേല്‍ നടപടികളെന്നും യുഎന്‍ പ്രതികരിച്ചു.

അതിര്‍ത്തിയില്‍ ഇസ്രയേല്‍ നിയന്ത്രണം അവസാനിപ്പിക്കണമെന്ന് യുഎന്‍

ഈജിപ്തിനും തെക്കന്‍ ഗാസയ്ക്കുമിടയിലുള്ള റഫ അതിര്‍ത്തിയിലെ ഇസ്രയേല്‍ നിയന്ത്രണത്തെ ഐക്യരാഷ്ട്ര സഭ വിമര്‍ശിച്ചിരുന്നു. ഗാസയില്‍ ആവശ്യമായ ഭക്ഷണവും മെഡിക്കല്‍ സപ്ലെകളും ലഭ്യമാകാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും അതിര്‍ത്തിയിലെ നിയന്ത്രണം കൂടുതല്‍ ക്ഷാമത്തിലേക്ക് നയിക്കുമെന്നും യുഎന്‍ സഹായ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടി. 

ഇസ്രയേലിന്റെ റഫ ആക്രമണം തന്ത്രപരമായ പിഴവാണെന്നും വന്‍ വിപത്തിലേക്ക് നയിക്കുമെന്നും യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചിരുന്നു. ഇസ്രയേല്‍ അധികാരികള്‍ ജീവന്‍രക്ഷാ സഹായം തടയുന്ന ഓരോ ദിവസവും കൂടുതല്‍ പലസ്തീനികള്‍ മരിക്കാനുള്ള സാധ്യതയുണ്ടെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് മുന്നറിയിപ്പ് നല്‍കി. ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തില്‍ മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി ഹമാസ് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് റഫയില്‍ ഇസ്രയേല്‍ കരയാക്രമണം ആരംഭിക്കുന്നതും, അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും.


 

#Daily
Leave a comment