Ghulam Nabi Azad | PHOTO: PTI
രാഹുലിനും ഗാന്ധി കുടുംബത്തിനും വ്യവസായികളുമായി അടുത്ത ബന്ധം; ഗുലാം നബി ആസാദ്
സ്വദേശികളും വിദേശികളുമായ ബിസിനസ് പ്രമുഖരുമായി രാഹുൽഗാന്ധിക്ക് അടുത്ത ബന്ധമുണ്ടെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഗൗതം അദാനിയുമായി ബന്ധമുള്ള രാഷ്ടീയനേതാക്കളുടെ പട്ടികയിൽ ഗുലാം നബി ആസാദും ഉൾപ്പെടുമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗുലാം നബിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഗാന്ധി കുടുംബത്തിന്റെ ഉറ്റവരായ വ്യവസായികൾ ആരൊക്കെയെന്ന് രാഹുൽ ഗാന്ധി പറയണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.
"രാഹുൽ ഉൾപ്പെടെ ഗാന്ധി കുടുംബത്തിലെ എല്ലാവർക്കും ബിസിനസ് രംഗത്തെ പ്രമുഖരുമായി ബന്ധമുണ്ട്. വിദേശ സന്ദർശനത്തിന്റെ ഭാഗമായി രാഹുൽ ഈ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇത്തരത്തിൽ കുറഞ്ഞത് 10 വ്യവസായികളുടെ പേരുകൾ എനിക്കറിയാം," ആസാദ് പറഞ്ഞു.
അദാനിയുമായി അടുത്ത ബന്ധം ആരോപിച്ച് അഞ്ച് പേരുകളായിരുന്നു രാഹുൽ ഗാന്ധി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഇതിൽ പ്രധിഷേധിച്ച് ആസാം മുഖ്യമന്ത്രി ഹിമന്താ ബിശ്വ ശർമ്മയും പ്രതികരിച്ചിരുന്നു. രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
2019 ൽ കർണാടകയിലെ കോലാറിലെ തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടത്തിയ മോദി പരാമർശത്തിന്റെ പേരിൽ എംപി സ്ഥാനം നഷ്ടപ്പെട്ട രാഹുലിനെതിരെ ഉയർന്നു വന്നിരിക്കുന്ന മറ്റൊരു ആരോപണമാണ് വ്യവസായികളുമായുള്ള ചങ്ങാത്തം. പ്രധാന മന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി നിരന്തരം ചോദ്യങ്ങൾ ഉയർത്തുന്ന രാഹുലിനെ പ്രതിരോധത്തിൽ ആക്കുന്നതിനുള്ള ഊർജം പകരുന്നതാണ് ഗുലാം നബിയുടെ വെളിപ്പെടുത്തൽ.
മുൻ ജമ്മുകാശ്മീർ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന ഗുലാം നബി ആസാദ് അഞ്ച് പതിറ്റാണ്ടുകൾ നീണ്ട കോൺഗ്രസ് ബന്ധം 2022 ആഗസ്റ്റിൽ അവസാനിപ്പിച്ചിരുന്നു. അതിന് ശേഷം ഡെമോക്രാറ്റിക് പ്രോഗ്രസിവ് ആസാദ് പാർട്ടി എന്ന രാഷ്ട്രീയ സംഘടന രൂപീകരിക്കുകയും ചെയ്തു.
"രാജ്യത്ത് കോൺഗ്രസ് പാർട്ടിയുടെ പ്രാതിനിധ്യം കുറഞ്ഞു വരുകയാണ്. വളരെ കുറച്ച് ആളുകളെ പാർട്ടിയുടെ ഭാഗമായി നിലനിൽക്കുന്നുള്ളു. ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വത്തിനോ രാഹുൽ ഗാന്ധിക്കോ പൊതു ജനങ്ങളുടെ ഇടയിൽ ശക്തമായ സ്വാധിനമില്ല," ഗുലാം നബി ആസാദ് പറഞ്ഞു. യുവജനങ്ങൾ കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ തൃപ്തരല്ല. മുതിർന്ന കോൺഗ്രസ് നേതാവ് എ. കെ ആന്റണിയുടെ മകൻ അനിൽ ആന്റണി പാർട്ടി വിട്ടത് അതിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.